Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിയമവിരുദ്ധമായ...

നിയമവിരുദ്ധമായ സംവിധാനങ്ങളുള്ള വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കുകയില്ലെന്ന് ആന്റണി രാജു

text_fields
bookmark_border
നിയമവിരുദ്ധമായ സംവിധാനങ്ങളുള്ള വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കുകയില്ലെന്ന് ആന്റണി രാജു
cancel

തിരുവനന്തപുരം : നിയമവിരുദ്ധമായ സംവിധാനങ്ങളുള്ള വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കുകയില്ലെന്ന മന്ത്രി ആന്റണി രാജു. വേഗ നിയന്ത്രണ സംവിധാനങ്ങള്‍, എക്സ്ട്രാ ഫിറ്റിംഗ്സുകള്‍, അനധികൃത രൂപമാറ്റങ്ങള്‍, ബ്രേക്ക് ലൈറ്റ്, പാര്‍ക്കിംഗ് ലൈറ്റ്, സിഗ്നല്‍ ലൈറ്റ് മുതലായവ കര്‍ശനമായി പരിശോധിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു..

വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ വാഹനാപകടങ്ങള്‍ ഒഴിവാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുവാന്‍ തിങ്കളാഴ്ച നടന്ന ഉന്നത തലയോഗത്തിലാണ് തീരുമാനം. അപകട സമയത്ത് വാഹനത്തിന്റെ വേഗത നിയന്ത്രിക്കുന്ന ഇലക്ട്രോണിക് കണ്‍ട്രോള്‍ യൂനിറ്റില്‍ അനധികൃതമായി മാറ്റം വരുത്തിയതായി കണ്ടെത്തി.

ഇതിന് കാരണക്കാരായ വാഹന ഡീലര്‍, വര്‍ക്ക്ഷോപ്പ് എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കതിരെ നിയമ നടപടികള്‍ കൈക്കൊള്ളുന്നതിന് പോലീസില്‍‌ പരാതി നല്‍കുവാന്‍ പാലക്കാട് എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ.യെ ചുമതലപ്പെടുത്തി. നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിനായി നടന്നു വരുന്ന ഓപ്പറേഷന്‍ കൂടുതല്‍ ശക്തമായി തുടരുവാന്‍ തീരുമാനിച്ചു.

അപകടകരമായ രീതിയില്‍ വാഹനമോടിക്കുന്ന വാഹനങ്ങളുടെ വിവരം ബന്ധപ്പെട്ടവരെ അറിയിക്കുവാന്‍ മൊബൈല്‍ ആപ്പ് സംവിധാനം ഒരുക്കും. പൊതുജനങ്ങള്‍ക്ക് വാട്ടസ്ആപ്പിലൂടെ ഇത്തരം വാഹനങ്ങളുടെ വീഡിയോയും അയക്കാം. വാഹനങ്ങളില്‍ അനധികൃത രൂപമാറ്റം വരുത്തുന്നതിനുള്ള പിഴ കേന്ദ്ര നിയമത്തിലെ വ്യവസ്ഥയനുസരിച്ച് 5000 രൂപയില്‍ നിന്നും ഒരു രൂപമാറ്റത്തിന് 10,000 രൂപ വീതമായി വർധിപ്പിക്കും.

ജി.പി.എസ്. ഘടിപ്പിക്കാത്ത പബ്ലിക് കാരിയേജ് വാഹനങ്ങളുടെ സി.എഫ്. കാന്‍സല്‍ ചെയ്യുന്ന നടപടികളിലേക്ക് നീങ്ങുന്നതാണ്. എ.ആര്‍.ഐ. അംഗീകാരമുള്ള നിര്‍മ്മാതാക്കളുടെ ജി.പി.എസ്. സംസ്ഥാനത്ത് ആവശ്യാനുസര​ണം ലഭ്യമാക്കുവാനുള്ള നടപടി സ്വീകരിക്കുവാന്‍ ട്രാന്‍സ്പോര്‍‌ട്ട് കമ്മീഷണറെ ചുമതലപ്പെടുത്തി.

അന്യസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ആള്‍ ഇന്ത്യ പെര്‍മിറ്റ് എടുത്ത ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് ഫ്രീ മൂവ്മെന്റ് അനുവദിച്ച ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശം റദ്ദാക്കി തമിഴ്നാട് മാതൃകയില്‍ കേരളത്തിലും വാഹനനികുതി ഈടാക്കുവാന്‍ തീരുമാനിച്ചു. അല്ലെങ്കില്‍ ഇത്തരം വാഹനങ്ങള്‍ നവംബര്‍ ഒന്നു മുതല്‍ കേരളത്തിലേക്ക് രജിസ്ട്രേഷന്‍ മാറ്റേണ്ടതാണ്.

ഡ്രൈവര്‍മാരുടെ മികവും അപകടരഹിതവുമായ ഡ്രൈവിംഗ് ചരിത്രവും പരിഗണിച്ച് വാഹന ഉടമകള്‍ക്ക് ആനുകൂല്യം നല്‍കുന്ന കാര്യം പരിശോധിക്കും. വാഹനങ്ങളില്‍ അനധികൃതമായി രൂപമാറ്റം വരുത്തുവാന്‍ സഹായിക്കുന്ന വര്‍ക്ക്ഷോപ്പുകള്‍ക്കെതിരെ നടപടി കൈക്കൊള്ളും. ഈ മാസം 15-ന് മുന്‍പ് നാലു സോണിലെയും എല്ലാ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍മാരുടെയും യോഗം ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ വിളിച്ചു ചേര്‍ത്ത് നടപടികള്‍ ത്വരിതപ്പെടുത്തും.

കേരളത്തിലെ 86 ആര്‍.ടി. ഓഫീസുകളിലെ ഓരോ ഉദ്യോഗസ്ഥര്‍ക്കും ഈ ഓഫീസിന് കീഴിലുള്ള നിശ്ചിത എണ്ണം വാഹനങ്ങളുടെ പരിശോധനയുടെ ചുമതല നല്‍കും. വാഹനത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനും ഉത്തരവാദിയായിരിക്കും. ഓരോ ആഴ്ചയും ഡെപ്യൂട്ടി ട്രാന്‍പോര്‍ട്ട് കമ്മീഷണര്‍ തലത്തില്‍ കുറഞ്ഞത് 15 വാഹനങ്ങള്‍ ചെക്കിംഗുകള്‍ നടത്തും.

അതിനു മുകളില്‍ സംസ്ഥാന തലത്തില്‍ സൂപ്പര്‍ ചെക്കിംഗുമുണ്ടാകും. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, ജോയിന്റ് ആര്‍.ടി.ഒ. തുടങ്ങിയ എക്സിക്യുട്ടീവ് ഓഫീസേഴ്സ് ചെക്കിംഗുകള്‍ക്ക് നേതൃത്വം നല്‍കും. ലഹരി പദാർഥങ്ങള്‍ ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുവാന്‍ സംസ്ഥാന എക്സൈസ് വകുപ്പുമായി ചേര്‍ന്ന് കര്‍ശന പരിശോധന നടത്തും.

ഇത്തരക്കാരുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കും. ‌ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിംഗ് ആന്റ് റിസര്‍ച്ചില്‍ (ഐ.ഡി.ടി.ആർ) റിഫ്രഷര്‍ ട്രെയിനിംഗിനു ശേഷം മാത്രമേ ലൈസന്‍സ് പുനസ്ഥാപിക്കുകയുള്ളൂ. ഏകീകൃത കളര്‍ കോഡ് സംബന്ധിച്ച് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനം ഉടനടി കര്‍ശനമായി നടപ്പിലാക്കുവാന്‍ തീരുമാനിച്ചു. കളര്‍കോഡ് ലംഘിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാനും തീരുമാനിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എസ്. ശ്രീജിത്ത്, ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍, അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പി.എസ്. പ്രമോജ് ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Minister Antony Raju
Next Story