ആന്റോ അഗസ്റ്റിൻ ചെറിയ മീനല്ല, വലിയ തിമിംഗിലം; ഉന്നത സ്വാധീനമുള്ളതിനാൽ സി.ബി.ഐ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്
text_fieldsസാബു എം. ജേക്കബ്
കൊച്ചി: ആന്റോ അഗസ്റ്റിനെതിരെ ആരോപണങ്ങളുമായി ട്വന്റി-20 പ്രസിഡന്റ് സാബു എം. ജേക്കബ്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിൻ മൂന്ന് ബാങ്കുകളിൽ തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായാണ് സാബു എം. ജേക്കബ് രംഗത്തുവന്നത്. വയനാട്ടിലെ വീടുമായി ബന്ധപ്പെട്ട് വൻ ക്രമക്കേടുകൾ നടന്നിട്ടുണ്ട്. വീട് ആന്റോ അഗസ്റ്റിന്റെ കുടുംബത്തിനുതന്നെ ലഭിക്കാനിടയായ ലേലനടപടിയിൽ ദുരൂഹതയുണ്ട്. ഒരേ ഭൂമി കാണിച്ച് മൂന്നു ബാങ്കുകളിൽനിന്ന് ആന്റോ വായ്പയെടുത്തിട്ടുണ്ട്. കണ്ടുപിടിക്കുമെന്നായപ്പോൾ പണമടച്ചു രക്ഷപ്പെടുകയായിരുന്നുവെന്നും സാബു എം. ജേക്കബ് ആരോപിച്ചു.
റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി പ്രവർത്തിക്കുന്നത് ലൈസൻസില്ലാതെയാണ്. ബ്രോഡ്കാസ്റ്റിങ് ലൈസൻസോ നാഷണൽ സെക്യൂരിറ്റി ക്ലിയറൻസോ ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. നികേഷ് കുമാറിന് ലഭിച്ച ലൈസൻസിന്റെ പുറത്താണ് ഇത് നടത്തുന്നത്. അതിന് നിയമസാധുതയില്ല. ഇത്തരത്തിൽ മൂന്നുവർഷമായി ഇദ്ദേഹം ഇത് തുടരുകയാണ്. പ്രക്ഷേപണ മന്ത്രാലയത്തിന്റേയും സർക്കാരുകളുടേയും അടിയന്തര ഇടപെടൽ ഈ വിഷയത്തിൽ അനിവാര്യമാണ്. ഇതുമായി ബന്ധപ്പെട്ട് എല്ലാവരേയും കണ്ടെങ്കിലും ആരും നടപടിയെടുക്കാൻ ധൈര്യപ്പെടുന്നില്ലെന്നും സാബു പറഞ്ഞു.
ഹൈക്കോടതി ഇടപെട്ടതോടെ നവംബർ 23-നകം വിഷയത്തിൽ നടപടിയെടുക്കാൻ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആന്റോയെ ചെറിയ മീനായി കാണരുത്. വലിയ തിമിംഗിലമാണ്. വില്ലേജ് തലംമുതൽ ഉന്നതോദ്യോഗസ്ഥർവരെ അദ്ദേഹത്തിന്റെ സ്വാധീനവലയത്തിലുണ്ട്. എല്ലാ പാർട്ടിയിലേയും ഉന്നതനേതാക്കളുമായി രാഷ്ട്രീയബന്ധവുമുണ്ട്. കേന്ദ്രസർക്കാരോ സംസ്ഥാന സർക്കാരോ കരുതിയാൽ 24 മണിക്കൂറിനകം പൂട്ടാവുന്നതേയുള്ളൂ ഈ സ്ഥാപനമെന്നും സാബു പറഞ്ഞു.
നിലവിൽ എസ്.ഐ.ടി അന്വേഷിക്കുന്നുണ്ടെങ്കിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റോ സി.ബി.ഐയോ വന്നതുകൊണ്ടുമാത്രം ആന്റോയെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനാവില്ല. മുമ്പ് ഇ.ഡി രജിസ്റ്റർ ചെയ്ത കേസ് എങ്ങുമെത്താതെ പോയത് വിവിധ വകുപ്പുകളെ സ്വാധീനിക്കാനുള്ള ഇവരുടെ ശേഷികാരണമാണെന്നും സാബു ആരോപിച്ചു. അതുകൊണ്ടാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടേയോ പ്രധാനമന്ത്രിയുടേയോ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഇ.ഡിയോ സി.ബി.ഐയോ അന്വേഷണം നടത്തിയാലേ ഇദ്ദേഹത്തെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സാധിക്കൂ എന്നും എൻ.ഡി.എ ഘടകകക്ഷി നേതാവായ സാബു എം. ജേക്കബ് പറഞ്ഞു. ഇത്തരം തട്ടിപ്പുകൾ ജനസമക്ഷം തുറന്നുകാട്ടാൻ മുൻപന്തിയിൽ ഉണ്ടാകുമെന്നും സാബു എം. ജേക്കബ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

