യുക്തിരഹിതമായ പ്രസ്താവനകൾ നടത്തി സി.പി.എം സംസ്ഥാന സെക്രട്ടറി സ്വയം ഇളിഭ്യനാകരുതെന്ന് സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി
text_fieldsതിരുവനന്തപുരം: യുക്തിരഹിതമായ പ്രസ്താവനകൾ നടത്തി സി.പി.എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സ്വയം ഇളിഭ്യനാകരുതെന്ന് കെ റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി. കേരള ജനത തള്ളിക്കളഞ്ഞ കെ റെയിൽ സിൽവർ ലൈൻ പദ്ധതി ഇന്ന് ചിലരുടെ സ്വപ്നം മാത്രമായി അവശേഷിക്കുകയാണ്. കൃത്യമായ പദ്ധതി രേഖ തയാറാക്കി അനുമതി നേടിയെടുക്കുന്നതിൽ പോലും പരാജയപ്പെട്ട ഒരു പദ്ധതി ദിവാ സ്വപ്നം കണ്ട് അതിന്മേൽ പ്രസ്താവനകൾ നടത്തുകയാണ് സി.പി.എം സെക്രട്ടറി. ഇത് അവസാനിപ്പിക്കണം എന്ന് കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന ചെയർമാൻ എംപി ബാബുരാജ്, ജനറൽ കൺവീനർ എസ് രാജീവൻ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
സിൽവർലൈൻ പദ്ധതിക്കായി വാശിപിടിച്ചിരുന്ന കെ റയിൽ കമ്പനിയുൾപ്പെടെയുള്ളവർ അവകാശപ്പെട്ടിരുന്നത് നിലവിലുള്ള റെയിൽപാതയിലൂടെ കൂടിയ വേഗതയിൽ ട്രെയിൻ ഓടിക്കുവാൻ സാധിക്കില്ല എന്നായിരുന്നു. എന്നാൽ നിലവിലെ പാതയിൽ കൂടിയ വേഗത്തിൽ ആലപ്പുഴ വഴിയും കോട്ടയം വഴിയും സംസ്ഥാനത്ത് രണ്ട് വന്ദേ ഭാരത് സർവീസുകൾ നടന്നുവരികയാണ്. പാതയുടെ ആവശ്യമായ ബലപ്പെടുത്തലും വളവ് നിവർത്തലും സിഗ്നലുകളുടെ ആധുനികവൽക്കരണവും കൃത്യമായി നടപ്പിലാക്കിയാൽ കൂടുതൽ വേഗതയിലും കൃത്യതയിലും സംസ്ഥാനത്ത് റെയിൽ ഗതാഗതം സാധ്യമാണ് എന്ന് ഇത് തെളിയിക്കുന്നു.
ഇന്ത്യൻ റെയിൽവേയുടെ തന്നെ സ്ഥലത്ത് നിലവിലെ പാതക്കൊപ്പം വേഗപാത കൂടി സ്ഥാപിക്കുന്നതും സാധ്യമാണെന്നിരിക്കെ, ലക്ഷം കോടികളുടെ ചെലവ് വരുന്ന പുതിയ പദ്ധതിക്കായി വാശി പിടിക്കുന്നത് സാമ്പത്തിക താൽപര്യങ്ങളെ മാത്രം മുൻനിർത്തിയാണ് എന്ന് മുഴുവൻ ജനങ്ങൾക്കും ബോധ്യമുണ്ട്. കേവലം 132 കിലോമീറ്റർ വേഗത നേടിയെടുക്കുന്നതിനായി കേരളത്തിൽ നെടുകെ വൻകിട നിർമാണം നടത്തുന്നത് സാമ്പത്തികമായും പാരിസ്ഥിതികമായും സാമൂഹ്യമായും ഗുണകരമല്ല.
കൂടുതൽ ഉയർന്ന വേഗതയിൽ ട്രെയിൻ ഓടിക്കാൻ ഇന്ത്യൻ റെയിൽവേ തന്നെ പരിശ്രമിക്കുന്ന ഘട്ടത്തിൽ കേരളത്തിൽ നിർമ്മിക്കുന്ന സിൽവർ ലൈൻ പാത നിർമാണം പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ കാലഹരണപ്പെട്ടതാകും. ഇക്കാര്യങ്ങൾ മനസിലാക്കി ജന താൽപര്യം മുൻനിർത്തി അടിയന്തരമായി സിൽവർ ലൈൻ പദ്ധതി പിൻവലിക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുകയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി ഈ ഘട്ടത്തിൽ ചെയ്യേണ്ടത്.
പ്രളയബാധിതമല്ലാതിരുന്ന പല പ്രദേശങ്ങളിലും ഇക്കഴിഞ്ഞ ദിവസങ്ങളിലെ മണിക്കൂറുകൾ മാത്രം നീണ്ട മഴയിൽ വൻതോതിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഭൂനിരപ്പിലെ ദേശീയപാത നിർമാണം ഉൾപ്പെടെ പല പ്രദേശങ്ങളിലും വലിയ വെള്ളക്കെട്ടിനും ദുരിതത്തിനും ഇടയാക്കി. ഈ സാഹചര്യത്തിലും വലിയ മൺചിറ കെട്ടി റെയിൽപാത സ്ഥാപിക്കുന്ന സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കും എന്ന് പ്രഖ്യാപിക്കുന്നത് നിരന്തരമായി പ്രളയ ദുരിതം നേരിടുന്ന കേരള ജനതയെ അവഹേളിക്കുന്നതാണ്.
പൂർണ്ണമായും അപ്രസക്തമായ കെ റെയിൽ സിൽവർലൈനിനായി ഇനിയും വാശിപിടിക്കാതെ പദ്ധതിക്ക് വേണ്ടി ഇറക്കിയ വിജ്ഞാപനങ്ങളും അനധികൃതമായി ഭൂമിയിൽ കടന്നു കയറുന്നത് ചെറുത്ത ജനങ്ങൾക്ക് മേലെടുത്ത കേസുകളും ഉടൻ പിൻവലിച്ച് ജനേച്ഛക്കൊപ്പം നിൽക്കാൻ സംസ്ഥാന സർക്കാർ തയാറാകണം. ചെലവ് കുറച്ച് ജനങ്ങൾക്ക് വേഗതയിലും സൗകര്യപ്രദവുമായ യാത്ര സൗകര്യം സാധ്യമാക്കുന്നതിന് കേന്ദ്രസർക്കാരിലും ഇന്ത്യൻ റെയിൽവേയിലും സമ്മർദം ചെലുത്താൻ സർക്കാർ ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

