സിദ്ധാർഥൻ നേരിട്ടത് കൊടിയ പീഡനവും പരസ്യ വിചാരണയും -ആന്റി റാഗിങ് സ്ക്വാഡ് റിപ്പോർട്ട് പുറത്ത്
text_fieldsകൽപറ്റ: സിദ്ധാർഥൻ നേരിട്ടത് കൊടിയ പീഡനവും പരസ്യ വിചാരണയും കണ്ണില്ലാത്ത ക്രൂരതയും. 18 പേര് ചേര്‍ന്ന് പലയിടങ്ങളില്‍വെച്ച് മര്‍ദിച്ചുവെന്നും യൂനിവേഴ്സിറ്റി ഗ്രാൻറ്സ് കമീഷൻ ആന്റി റാഗിങ് സ്ക്വാഡിന്റെ റിപ്പോർട്ടിൽ പറയുന്നു. ഫെബ്രുവരി 21നും 22നുമാണ് ഇതുസംബന്ധിച്ച് വിദ്യാർഥികള്‍ യു.ജി.സിക്ക് പരാതി നല്‍കിയത്.
ഭയം കാരണം പേരു വെക്കാതെയാണ് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയാറാക്കിയത്. 97 കുട്ടികളില്‍നിന്നാണ് ആന്റി റാഗിങ് സ്ക്വാഡ് മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. ഭൂരിപക്ഷം വിദ്യാര്‍ഥികളും കാര്യങ്ങൾ വെളിപ്പെടുത്താന്‍ തയാറായില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഒന്നും പുറത്തുവിടരുതെന്ന് ഡീനും അസിസ്റ്റൻറ് വാർഡനും വിദ്യാർഥികളോട് ആവശ്യപ്പെട്ടു. കൂടാതെ പൊലീസിൽ മൊഴി നൽകുമ്പോഴും ഇവർ വിദ്യാർഥികൾക്ക് സമീപം നിൽക്കുകയായിരുന്നു. കോളജ് അധികൃതർ എല്ലാം മറച്ചുവെക്കാൻ കൂട്ടുനിന്നതായും പറയുന്നുണ്ട്.
ഫെബ്രുവരി 15നാണ് തിരുവനന്തപുരം സ്വദേശിയായ സിദ്ധാര്ഥന് വീട്ടിലേക്ക് പോകാനായി കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്ക് പോയത്. സൗദ് റിസാല്‍, മുഹമ്മദ് ഡാനിഷ്, ആദിത്യന് എന്നിവര്‍ക്കൊപ്പമാണ് പോയത്. എന്നാല്‍, 15ന് രാത്രി രഹന് ബിനോയ്, അഭിജിത്ത് മോഹന്‍ എന്നിവര്‍ സിദ്ധാർഥനെ തിരിച്ചുവിളിച്ചു. തുടര്‍ന്ന് 16ന് രാവിലെ എട്ടു മണിക്ക് സിദ്ധാർഥൻ തിരിച്ചെത്തി. 16ന് രാത്രി ഹോസ്റ്റലിന് തൊട്ടടുത്തുള്ള കുന്നിന്റെ മുകളിലെ വാട്ടര്‍ ടാങ്കില്‍ വെച്ചായിരുന്നു മര്‍ദനം. അതിനുശേഷം ഹോസ്റ്റലിലെ 21ാം നമ്പര്‍ മുറിയിലെത്തിച്ച സിദ്ധാർഥനെ അവിടെ വെച്ചും മർദിച്ചു. സിന്‍ജോ ജോണ്സണ് സിദ്ധാർഥന്റെ കഴുത്തില്‍പിടിച്ചു തൂക്കി നിര്‍ത്തി. സ്റ്റീല്‍ അലമാരയോട് ചേര്‍ത്തുനിര്‍ത്തി അമര്‍ത്തിയെന്നും മൊഴി നല്കി നൽകിയിട്ടുണ്ട്.
അടിവസ്ത്രം മാത്രം ധരിപ്പിച്ച് ഹോസ്റ്റല്‍ ഇടനാഴിയിലൂടെ നടത്തിച്ചു. നിലവിളി കേട്ടതായി പല വിദ്യാര്‍ഥികളും മൊഴി നല്‍കിയിട്ടുണ്ട്. കെ. അരുണ്‍ സിദ്ധാർഥനെ തറയില്‍നിന്ന് എടുത്തുയര്‍ത്തി. സിദ്ധാർഥനെക്കൊണ്ട് തുണി കൊണ്ട് വെള്ളം പോലെ എന്തോ തുടപ്പിച്ചു. ആകാശ് തലക്കടിച്ചു. പരസ്യമായി മാപ്പു പറയിച്ചു. സാങ്കല്പിക കസേരയില്‍ ഇരുത്തുകയും ചെയ്തതായി റിപ്പോര്‍ട്ടിലുണ്ട്.
രണ്ടുപേർ കൂടി അറസ്റ്റിൽ; അറസ്റ്റിലായവരുടെ എണ്ണം 20 ആയി
കൽപറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി ജെ.എസ്. സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാർഥികൾകൂടി അറസ്റ്റിൽ. കോളജിലെ വിദ്യാർഥികളായ കോഴിക്കോട് സ്വദേശി നസീഫ്, ആലപ്പുഴ സ്വദേശി അബി എന്നിവരെയാണ് അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈ.എസ്.പി ടി.എൻ. സജീവന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ അബി, നസീഫ്
മർദിച്ചതിനും മർദനത്തിനുള്ള ഗൂഢാലോചനയിൽ കൂട്ടുനിന്നതിനാണ് പ്രതികളെ പിടികൂടിയത്. ആന്റി റാഗിങ് സെല്ലും ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ഇവരുടെ ഫോൺ ഉൾപ്പെടെ പരിശോധിച്ചതിന്റെ ഭാഗമായാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി അറസ്റ്റ്ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 20 ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

