മുസ്ലിം വിരുദ്ധ പരാമർശം: പി.സി. ജോർജിന്‍റെ ജാമ്യം റദ്ദാക്കാൻ ഹൈകോടതിയിൽ ഹരജി
text_fieldsകൊച്ചി: മതവിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ ബി.ജെ.പി നേതാവ് പി.സി. ജോർജിന് അനുവദിച്ച ജാമ്യം റദ്ദാക്കാൻ ഹൈകോടതിയിൽ സർക്കാറിന്‍റെ ഹരജി. വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ സപ്‌താഹ യജ്ഞത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ സംസാരിക്കവെ, മതസ്പർധയുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ ഒരു പ്രത്യേക വിഭാഗത്തിനെതിരെ അപകീർത്തികരമായി പ്രസംഗിച്ചതിന് 2022 മേയ് എട്ടിന് പി.സി. ജോർജിനെതിരെ പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ജാമ്യം റദ്ദാക്കാനാണ് എസ്.എച്ച്.ഒ മുഖേന സർക്കാർ ഹൈകോടതിയെ സമീപിച്ചത്.
ജാമ്യം ലഭിച്ച ശേഷം മതവിദ്വേഷ പ്രസംഗം ആവർത്തിച്ചതിനെ തുടർന്ന് ഈരാറ്റുപേട്ട പൊലീസ് കേസെടുത്ത സാഹചര്യത്തിൽ ജാമ്യ വ്യവസ്ഥകളുടെ ലംഘനമടക്കം ചൂണ്ടിക്കാട്ടിയാണ് ഹരജി. ഹരജി പരിഗണിച്ച ജസ്റ്റിസ് പി. ഗോപിനാഥ് ജോർജിന്‍റെ വിശദീകരണം തേടി. പാലാരിവട്ടം എസ്.എച്ച്.ഒ മുഖേനയാണ് കോടതി ജോർജിന് നോട്ടീസ് അയക്കാൻ ഉത്തരവായത്.
തിരുവനന്തപുരത്ത് ഹിന്ദു മഹാസമ്മേളനത്തിൽ മതവിദ്വേഷ പ്രസംഗം നടത്തിയ കേസിൽ ജാമ്യത്തിലിരിക്കെയാണ് വെണ്ണലയിൽ അതാവർത്തിച്ചത്. തിരുവനന്തപുരത്തെ കേസിൽ അറസ്റ്റിലായെങ്കിലും മതസ്‌പർധ വളർത്തുന്ന പരാമർശങ്ങൾ പാടില്ലെന്ന ഉപാധിയോടെ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എന്നാൽ, വെണ്ണലയിലെ പ്രസംഗത്തിന്‍റെ പശ്ചാത്തലത്തിൽ ജാമ്യം റദ്ദാക്കുകയും പിന്നാലെ അറസ്റ്റിലാവുകയും ചെയ്തു. പിന്നീട് ഹൈകോടതി ഈ കേസിൽ ജാമ്യം അനുവദിച്ചു.
വെണ്ണലയിലെ പ്രസംഗത്തിൽ 2022 മേയ് 27ന് ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. 50,000 രൂപയുടെ ബോണ്ടും തുല്യ തുകക്കുള്ള രണ്ട് ആൾജാമ്യവുമായിരുന്നു പ്രധാന വ്യവസ്ഥ. മതവിദ്വേഷം വളർത്തുന്ന തരത്തിലോ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലോ പ്രസംഗമോ പ്രസ്താവനയോ പാടില്ലെന്നും നിഷ്കർഷിച്ചിരുന്നു.
എന്നാൽ, ചാനൽ ചർച്ചയിൽ മുസ്ലിം വിരുദ്ധ പരാമർശം നടത്തിയതിന് ഈരാറ്റുപേട്ട പൊലീസ് ഈ വർഷം ജനുവരി അഞ്ചിന് കേസെടുത്തു. ജാമ്യ വ്യവസ്ഥ വീണ്ടും ലംഘിച്ച സാഹചര്യത്തിൽ വെണ്ണല കേസിൽ അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

