'ഭരണവിരുദ്ധ വികാരം, നഗരങ്ങളിലെ വോട്ട് ചോർച്ച'; തിരിച്ചടിയിൽനിന്ന് തിരിച്ചുവരണം –സി.പി.എം കേന്ദ്ര കമ്മിറ്റി
text_fieldsതിരുവനനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി ആത്മപരിശോധനക്കുള്ള അവസവരമാക്കി സംഘടനാപരമായ കുറവുകൾ നികത്തി നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങാൻ നിർദേശിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റി.
കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപരോധവും യു.ഡി.എഫിന്റെ തിരിച്ചുവരവും ബി.ജെ.പിയുടെ വളർച്ചയും നേരിടേണ്ടിവരുന്ന തെരഞ്ഞെടുപ്പ് പാർട്ടിയെ സംബന്ധിച്ച് നിലനിൽപ്പിനുള്ള പോരാട്ടമാണ്. സംഘടനാപരമായ കെട്ടുറപ്പും ജനകീയ അടിത്തറയും വീണ്ടെടുക്കാനുള്ള നീക്കങ്ങളാകും പാർട്ടിയുടെ ഭാവി നിർണയിക്കുക. യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ നഗരമേഖലകളിൽ പാർട്ടിക്കുണ്ടായ സ്വാധീനക്കുറവ് എടുത്തുപറയുന്നു.
തിരുവനന്തപുരം കോർപറേഷനിൽ ബി.ജെ.പി ഭരണം പിടിച്ചത് പാർട്ടിയുടെ നഗരകേന്ദ്രീകൃത വോട്ട് ബാങ്കിൽ വിള്ളലുണ്ടായതിന്റെ തെളിവാണ്. യു.ഡി.എഫ് വോട്ട് വിഹിതം വർധിപ്പിക്കുകയും ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും വ്യക്തമായ മേൽക്കൈ നേടുകയും ചെയ്തത് ഗൗരവത്തോടെ കാണണം. 10 വർഷം തുടർച്ചയായി അധികാരത്തിലിരിക്കുന്നതുമൂലം ജനങ്ങൾക്കിടയിലുണ്ടായ അതൃപ്തി വോട്ടെടുപ്പിൽ പ്രതിഫലിച്ചു. മധ്യവർഗ വോട്ടർമാർ പാർട്ടിയിൽനിന്ന് അകന്നു. മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ യു.ഡി.എഫ് സ്വാധീനം വർധിപ്പിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി താൽക്കാലികമാണെന്നും നിയമസഭ തിരഞ്ഞെടുപ്പിൽ തിരിച്ചുവരാനാകുമെന്നും കേരളത്തിൽനിന്നുള്ള നേതാക്കൾ ചൂണ്ടിക്കാട്ടി. 58 നിയമസഭ മണ്ഡലങ്ങളിൽ ഇപ്പോഴും എൽ.ഡി.എഫിന് മേൽക്കൈയുണ്ട്. വോട്ട് വിഹിതത്തിലെ ചെറിയ വ്യത്യാസങ്ങൾ പരിഹരിച്ചാൽ ഭരണത്തുടർച്ച സാധ്യമാണെന്നും വിലയിരുത്തി. നിയമസഭ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങളെക്കുറിച്ച് പ്രാഥമിക ചർച്ച നടന്നു.
കോൺഗ്രസും ബി.ജെ.പിയും തമ്മിലെ അന്തർധാര തുറന്നുകാട്ടി ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കണം. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയത ഒരുപോലെ എതിർക്കണമെന്ന പാർട്ടി നയം വ്യക്തതയോടെ അവതരിപ്പിക്കും. തുടർച്ചയായി രണ്ടുതവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർക്ക് വീണ്ടും മത്സരിക്കാൻ അവസരം നൽകില്ലെന്നാണ് പാർട്ടി നയം. പിണറായി വിജയന്റെ കാര്യത്തിൽ ഇളവ് നൽകുമെന്നാണ് സൂചന.
സർക്കാറിന്റെ ഭരണനേട്ടങ്ങൾക്കും നയങ്ങൾക്കും തുടർച്ച നൽകുന്നതിന് പിണറായിയുടെ നേതൃത്വം അനിവാര്യമാണെന്ന് പാർട്ടി വിലയിരുത്തുന്നു. മറ്റേതെങ്കിലും നേതാക്കൾക്ക് ഇളവ് നൽകേണ്ടതുണ്ടോ എന്നതിൽ മണ്ഡലങ്ങളിലെ വിജയസാധ്യത മുൻനിർത്തി തീരുമാനമെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

