ഭരണവിരുദ്ധ വികാരം പരാജയകാരണം തന്നെ; തറപ്പിച്ച് സി.പി.ഐ; ന്യൂനപക്ഷ വോട്ടുകൾ നഷ്ടപ്പെട്ടു, പത്മകുമാറിനെ സംരക്ഷിച്ചത് തിരിച്ചടിയായി
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരമില്ലെന്ന സി.പി.എം ആവർത്തിക്കുന്നതിനിടെ വ്യത്യസ്ത നിലപാടുമായി സി.പി.ഐ. ശബരിമല സ്വർണക്കവർച്ചയും ശക്തമായ ഭരണവിരുദ്ധ വികാരവും തദ്ദേശ തോൽവിക്ക് പ്രധാന കാരണമായി എന്നാണ് സി.പി.ഐ നേതൃയോഗത്തിലെ വിലയിരുത്തൽ.
ക്ഷേമാനുകൂല്യങ്ങൾ പ്രഖ്യാപിച്ചാൽ ജനം ഒന്നാകെ വോട്ട് ചെയ്യുമെന്ന ധാരണ പിഴച്ചു. ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണ മുന്നണിക്ക് നഷ്ടപ്പെട്ടു. ശബരിമല അയ്യപ്പ സംഗമം നടത്തിയെങ്കിലും ശബരിമല എന്ന വാക്കുപോലും ഉച്ഛരിക്കാനാകാതെ മുന്നണി സംവിധാനം ഒന്നാകെ പ്രതിരോധത്തിലായി.
ലൈംഗിക ആരോപണമുയർന്ന ഘട്ടത്തിൽ എം.എൽ.എയായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് നടപടിയെടുത്തിട്ടും സ്വർണകൊള്ളയിൽ പത്മകുമാറിനെ സി.പി.എം സംരക്ഷിച്ചത് തിരിച്ചടിയായി. ഇത് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ സൃഷ്ടിച്ചു. ഉപതെരഞ്ഞെടുപ്പുകളിലും ലോക്സഭ തെരഞ്ഞെടുപ്പിലും ഇപ്പോൾ തദ്ദേശ തെരഞ്ഞെടുപ്പിലും വലിയ തിരിച്ചടി ഉണ്ടായിട്ടും യഥാർഥ പരാജയ കാരണം കണ്ടെത്താനുള്ള ശ്രമങ്ങൾ മുന്നണിയിൽ ഉണ്ടാകുന്നില്ല. യഥാർഥ വസ്തുതകൾ സി.പി.എം മറച്ചുവെക്കുകയാണ്. ഇത് ഭാവിയിലും തിരിച്ചടിക്ക് ഇടയാക്കുമെന്നും സി.പി.ഐ വിലയിരുത്തുന്നു. രണ്ടുദിവസങ്ങളിലാണ് നേതൃയോഗങ്ങൾ നടക്കുന്നത്. ചൊവ്വാഴ്ചയും യോഗം തുടരും.
പരാജയകാരണങ്ങൾ തുറന്നുസമ്മതിച്ച് സി.പി.എം
തിരുവനന്തപുരം: ജയിക്കുമെന്ന അമിത ആത്മവിശ്വാസം മുതൽ സംഘടനാ ദൗർബല്യം വരെ തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായി എന്ന് തുറന്നുസമ്മതിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിന് രണ്ട് ദിവസങ്ങളിയായി നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷമുള്ള വാർത്തസമ്മേളനത്തിലായിരുന്നു പരാമർശങ്ങൾ.
ഇടതുസർക്കാറിന്‍റെ പ്രവർത്തനങ്ങളും ക്ഷേമ പ്രഖ്യാപനങ്ങളുമെല്ലാം മുൻ നിർത്തി വിജയിക്കുമെന്ന അമിതമായ ആത്മവിശ്വാസം പൊതുവിൽ മുന്നണിക്കുണ്ടായി. നഗരമേഖലയിലുണ്ടായ സംഘടനാ ദൗർബല്യം ഈ തിരിച്ചടിക്ക് കാരണമായിട്ടുണ്ട്. പ്രാദേശിക തലത്തിലെ പ്രവർത്തനങ്ങളിലുണ്ടായ വീഴ്ചകളും അതത് മേഖലയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് തടസ്സമായി നിൽക്കുന്ന സാഹചര്യങ്ങൾ സൃഷ്ടിച്ചുവെന്നും ഗോവിന്ദൻ പറഞ്ഞു. ശബരിമല പോലുള്ള പ്രശ്നങ്ങളിൽ യു.ഡി.എഫും ബി.ജെ.പിയും ശക്തിയായ കള്ളപ്രചാരവേല നടത്തുകയും അതുപയോഗിച്ച് വോട്ട് നേടാനുള്ള ശ്രമങ്ങൾ അവർ നടത്തുകയും ചെയ്തു.
ബി.ജെ.പിയും യു.ഡി.എഫും ഇടതുപക്ഷത്തെ മുഖ്യശത്രുവായി കണ്ടുകൊണ്ടുള്ള പ്രചരണവും സമീപനവുമാണ് സ്വീകരിച്ചത്. യു.ഡി.എഫും എൽ.ഡി.എഫും തമ്മിൽ മത്സരം നടക്കുന്നിടത്ത് ബി.ജെ.പി വോട്ടുകൾ യു.ഡി.എഫിന് അനുകൂലമായി ചെയ്യിപ്പിച്ചു. ഇടതുപക്ഷവും ബി.ജെ.പിയും തമ്മിൽ മത്സരം നടക്കുന്ന മേഖലയിൽ യു.ഡി.എഫ് വോട്ടുകൾ ബി.ജെ.പിക്ക് അനുകൂലമായി ചെയ്യിച്ചു. ഇരുകൂട്ടരും ഒരു മുന്നണി എന്ന രീതിയിൽ ചേർന്നുനിന്ന് പ്രവർത്തിച്ചു എന്ന് പറയാനാവില്ലെങ്കിലും കമ്യൂണിസ്റ്റ് വിരുദ്ധത ഉപയോഗപ്പെടുത്തി. മാധ്യമങ്ങൾ തുടർച്ചയായി നടത്തിയ കമ്യൂണിസ്റ്റ് വിരുദ്ധ പരാമർശങ്ങളും പ്രചാരവേലകളും ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കി. ഇതെല്ലാം അപ്രതീക്ഷിതമായ പരാജയത്തിന് കാരണമാണ്.
ലോക്സഭ തെരഞ്ഞെടുപ്പിൽ 33.60 ശതമാനം വോട്ടാണ് ഇടതുമുന്നണിക്ക് ലഭിച്ചതെങ്കിൽ ഇപ്പോഴത് 39.73 ശതമാനമായി ഉയർന്നു. അതായത് 66.65 ലക്ഷം വോട്ടായിരുന്നത് തദ്ദേശ തെരഞ്ഞെടുപ്പിൽ 84 ലക്ഷമായാണ് ഉയർന്നത്. 17.35 ലക്ഷത്തിന്‍റേതാണ് വർധന. ഏതാണ്ട് 60 നിയോജക മണ്ഡലങ്ങളിൽ ഇടതുമുന്നണിക്ക് കൃത്യമായ ലീഡുണ്ടെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

