ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പ് തോൽവിയിൽ പ്രധാന കാരണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പ് തോൽവിയിൽ പ്രധാന കാരണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് റിപ്പോർട്ട്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ നടപടികളോട് ജനങ്ങൾക്കിടയിൽ ശക്തമായ എതിർപ്പുണ്ടായിരുന്നെന്നും ഇത് തോൽവിയിൽ മുഖ്യപങ്ക് വഹിച്ചുവെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. ന്യൂനപക്ഷ ഏകീകരണം, സംഘടനാ വീഴ്ച, സ്ഥാനാർഥി നിർണയത്തിലെ പാളിച്ച എന്നിവയും തോൽവിക്ക് കാരണമായതായി റിപ്പോർട്ടിൽ പറയുന്നു. താഴേത്തട്ടിലെ ചർച്ചകൾ വിലയിരുത്തിയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് റിപ്പോർട്ട് തയാറാക്കിയത്.
നാളത്തെ സംസ്ഥാന എക്സിക്യൂട്ടീവ് ചേർന്ന് റിപ്പോർട്ട് അന്തിമമാക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണമെന്ന് പരസ്യ പ്രതികരണം നടത്തിയ മുതിർന്ന നേതാവ് കെ.ആർ. ചന്ദ്രമോഹനെ താക്കീത് ചെയ്യാനും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ധാരണയായി. ചന്ദ്രമോഹനെ ശാസിക്കാനാണ് ധാരണ. മറ്റന്നാൾ ചേരുന്ന സി.പി.ഐ സംസ്ഥാന കൗൺസിലിൽ അന്തിമ തീരുമാനമെടുക്കും.
അതേസമയം, പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർഥി നിർണയം പാളിയെന്നും സി.പി.എം സംസ്ഥാന കമ്മിറ്റിക്കും സെക്രട്ടേറിയറ്റിനും വീഴ്ചപറ്റിയെന്നും സംഘടന റിപ്പോർട്ട്. പയ്യന്നൂരിൽ പാർട്ടിക്കകത്തെ വിഭാഗീയത തെരഞ്ഞെടുപ്പിനെ ബാധിച്ചു. ഇത് പാർട്ടി വോട്ടു ചോർച്ചക്ക് കാരണമായി. ജില്ല കമ്മിറ്റി ശിപാർശ ചെയ്തവരുടെ പേരുകൾക്ക് അനുമതി നൽകിയ ഘട്ടത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റിനും സംസ്ഥാന കമ്മിറ്റിക്കും വീഴ്ച പറ്റി. പയ്യന്നൂരിലെ പരാജയത്തിൽ ആഴത്തിലുള്ള പരിശോധന വേണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്യുന്നുണ്ട്.
കണ്ണൂരിൽ ജില്ല സെക്രട്ടേറിയറ്റ് അംഗവും ജില്ല കമ്മിറ്റി അംഗവും ആലപ്പുഴയിൽ മുൻ സംസ്ഥാന കമ്മിറ്റി അംഗവും കൊല്ലം, പാലക്കാട് ജില്ലകളിൽ മുൻ ജില്ല കമ്മിറ്റി അംഗങ്ങളും യു.ഡി.എഫ് ബാനറിൽ മത്സരിച്ചത് പാർട്ടിക്കെതിരായ പ്രചാരവേല ശക്തിപ്പെടാൻ ഇടയാക്കി. യു.ഡി.എഫ് സി.പി.എമ്മിനെതിരെ അടിസ്ഥാനരഹിത പ്രചാരണങ്ങൾ നടത്തിയെന്നും വർഗീയ ശക്തികളോട് മൃദുസമീപനം സ്വീകരിച്ചെന്നും ഇത് ബി.ജെ.പിക്ക് അനുകൂല സാഹചര്യമൊരുക്കാൻ കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നു.
തെരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്യാൻ വിവിധ ഘടകങ്ങളിൽ നടന്ന ചർച്ചയുടെ സ്വഭാവത്തെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. വലതുപക്ഷ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പാർട്ടിക്കെതിരെ ബോധപൂർവം രൂപപ്പെടുത്തിയ വിമർശനങ്ങൾ അതേപോലെ അവതരിപ്പിക്കാനാണ് ഒരുവിഭാഗം പ്രവർത്തകർ പരിശ്രമിച്ചത്. പഴയ വിഭാഗീയതയുടെ അവശിഷ്ടങ്ങൾ മനസ്സിൽവെച്ച് ചർച്ചയിൽ പങ്കെടുത്ത ചിലരുമുണ്ടെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. സാധാരണക്കാരുടെ ദൈനംദിന ജീവിതപ്രശ്നങ്ങളിലും ഉപജീവന മാർഗങ്ങളിലുമുണ്ടായ ബുദ്ധിമുട്ടുകൾ കൃത്യമായി പരിഹരിക്കുന്നതിൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ ജനങ്ങളെ മുന്നണിയിൽനിന്ന് അകറ്റാനിടയാക്കിയെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

