അന്‍സിബയുടെ ആരോപണം ആസൂത്രിതം, എക്‌സിക്യൂട്ടിവ് കമ്മിറ്റി പരാതി കേള്‍ക്കുമെന്നും ശ്വേതാ മേനോന്‍
text_fieldsകൊച്ചി: അന്‍സിബ ആരോപണം ആസൂത്രിതമെന്ന് താര സംഘടനയായ അമ്മ പ്രസിഡന്റ് ശ്വേതാ മേനോന്‍. അന്‍സിബയും ടിനിടോമും തമ്മിലുള്ളത് വ്യക്തിപരമായ പ്രശ്‌നങ്ങളാണ്. പരാതി തന്നത് മാധ്യമങ്ങളിലൂടെ പ്രതികരിച്ച ശേഷമായിരുന്നു. എക്‌സിക്യൂട്ടിവ് കമ്മിറ്റി അന്‍സിബയുടെ പരാതി കേള്‍ക്കുമെന്നും അന്‍സിബയുടെ പരാതി അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും ശ്വേതാ മേനോന്‍ കൂട്ടിചേർത്തു.
ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയാണ് ഔദ്യോഗികമായി പരാതി ലഭിച്ചത്. തുടർന്ന് ജനറല്‍ സെക്രട്ടറി അന്‍സിബയെ ഫോണിൽ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും എടുത്തില്ല. അന്‍സിബയുടെ രാജി സ്വീകരിച്ചത് മെയ് 12 നാണ്. പരാതിയില്‍ ടിനിക്കെതിരെ ആരോപണങ്ങൾ ഉണ്ടായിരുന്നില്ല. വ്യക്തിപരമായ കാരണങ്ങളാണെന്നാണ് രാജിക്കത്തില്‍ പറഞ്ഞിരുന്നത്. ജനുവരിയില്‍ നൽകിയ പരാതി മറ്റൊരു എക്‌സിക്യൂട്ടീവ് അംഗത്തിനെതിരെയാണെന്നും അതിന് ടിനി ടോമുമായുള്ള പരാതിയുമായി ഒരു ബന്ധവുമില്ലെന്നും ശ്വേത മേനോന്‍ പറഞ്ഞു.
പൊലീസില്‍ നല്‍കിയ പരാതിയെക്കുറിച്ച് മാത്രമാണ് അന്‍സിബ സംസാരിച്ചത്. അതില്‍ സംഘടനക്ക് ഇടപെടാന്‍ കഴിയില്ലെന്ന് അറിയിച്ചിരുന്നു. അമ്മയുടെ ഒരു ക്യാംപ് നടക്കുമ്പോള്‍ ഇങ്ങനെ ഒരു ആരോപണം ഉയര്‍ത്തിയത് ആസൂത്രിതമായ നീക്കമാണ്. അന്‍സിബ നല്‍കിയ പരാതി അമ്മ പരിശോധിക്കും. അന്‍സിബയെ കേള്‍ക്കുമെന്നും എക്‌സിക്യൂട്ടീവ് കമ്മിറ്റി പരിശോധിക്കുമെന്നും ശ്വേത മേനോന്‍ പറഞ്ഞു.
അമ്മ സംഘടനയിൽനിന്ന് രാജി വെക്കാൻ കാരണം ടിനി ടോമും സംഘടനയിലെ മറ്റു ചിലരുമാണെന്ന് നടി അൻസിബ ഹസ്സൻ വെളിപ്പെടുത്തിയിരുന്നു. തനിക്ക് എല്ലാവരുമായി അവിഹിതം ഉണ്ടെന്ന് ടിനി പറഞ്ഞുപരത്തി. ജിഹാദി എന്ന് വിളിച്ച് അധിക്ഷേപിച്ചുവെന്നും തന്റെ പേര് അൻസിബ ഹസ്സൻ എന്നായതുകൊണ്ടല്ലേ ഇങ്ങനെ ചിത്രീകരിക്കുന്നതെന്നും അൻസിബ ചോദിച്ചു. 'എക്‌സിക്യൂട്ടിവ് അംഗം തനിക്കെതിരെ പൊലീസിൽ വ്യാജ പരാതി നൽകി. അമ്മ പ്രസിഡന്റും സെക്രട്ടറിയും തന്റെ കൂടെ നിന്നില്ല. കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്നു പോകുന്നത്. നിയമനടപടിക്ക് ഒന്നും ഞാൻ ഇല്ല' അൻസിബ പറഞ്ഞു.
ടിനിക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം ഇപ്പോൾ ആലോചിച്ചിട്ടില്ലെന്നും നടി വ്യക്തമാക്കി. 'അമ്മ' എക്സിക്യൂട്ടീവിൽ നിന്ന് രാജി വച്ചതിന്റെ യഥാർഥ കാരണം ആളുകൾ അറിയണം എന്നതുകൊണ്ടാണ് വെളിപ്പെടുത്തലെന്നും നടി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

