മൻസൂർ വധക്കേസിൽ ഒരാൾ കൂടി പിടിയിൽ
text_fieldsകൊല്ലപ്പെട്ട മൻസൂർ
കണ്ണൂർ: പാനൂർ മൻസൂർ വധക്കേസിൽ ഒരാൾ കൂടി പിടിയിൽ. സി.പി.എം പ്രവർത്തകനും മുണ്ടത്തോട് സ്വദേശിയുമായ പ്രശോഭ് ആണ് പിടിയിലായത്. കൊലപാതക ദിവസം ഭീതി പടർത്തുവാനായി ഉപയോഗിച്ച ബോംബ് പ്രശോഭ് നിർമ്മിച്ച് നൽകിയതെന്ന് പൊലീസ് പറഞ്ഞു. പ്രശോഭിന്‍റെ വീട്ടിൽ നിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
പെരിങ്ങത്തൂർ പുല്ലൂക്കര മുക്കിൽ പീടികയിൽ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പിന് പിന്നാലെയുണ്ടായ ആക്രമണത്തിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ പാറാൽ മൻസൂർ (22) കൊല്ലപ്പെട്ടത്. രാത്രി എട്ടു മണിയോടെ വീട്ടിൽ കയറി ബോംബെറിഞ്ഞ ശേഷമാണ് അക്രമിസംഘം മൻസൂറിനെ വെട്ടിക്കൊലപ്പെടുത്തിയത്.
വീട്ടുമുറ്റത്ത് കൂട്ടുകാരോടൊത്ത് സംസാരിച്ച് കൊണ്ടിരിക്കെയാണ് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമി സംഘം മൻസൂറിനെ വലിച്ചിഴച്ച് വെട്ടുകയായിരുന്നു. മൻസൂറിന്‍റെ മാതാവിനും സഹോദരൻ മുഹ്സിനും (27) അയൽപക്കത്തുള്ള സ്ത്രീക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
കേസിൽ പ്രതിയും സി.പി.എം പ്രവർത്തകനുമായ ഷിനോസിനെ മൻസൂറിന്‍റെ സഹോദരൻ മുഹ്സിൻ പിടികൂടി പൊലീസിന് കൈമാറിയിരുന്നു. കേസിലെ രണ്ടാം പ്രതിയും പുല്ലൂക്കര സ്വദേശിയുമായ രതീഷ് കൂലോത്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.