മാർക്ക് കുറച്ചതിന് ആരോപണം നേരിടുന്ന കേന്ദ്രസർവകലാശാല അധ്യാപികക്കെതിരെ പരാതിയുമായി മറ്റൊരു അധ്യാപകനും
text_fieldsകാസർകോട്: കേന്ദ്രവാഴ്സിറ്റിയിൽ ഇംഗ്ലീഷ് വിഭാഗം വിദ്യാർഥിനിയുടെ മാർക്ക് ബോധപൂർവം വെട്ടികുറച്ചുവെന്ന ആരോപണത്തിന് വിധേയയായ വകുപ്പു മേധാവിക്കെതിരെ അതേ വകുപ്പിലെ അധ്യാപകന്റെ പരാതി. കേന്ദ്ര മന്ത്രാലായത്തിനും വി.സിക്കുമാണ് പരാതി. ഇംഗ്ലീഷ് ഭാഷയും താരതമ്യപഠന സാഹിത്യവും വിഭാഗം വകുപ്പുധോവി ഡോ. എസ്. ആശക്കെതിരെ അതേ വകുപ്പിലെ അസി. പ്രഫ.ഡോ. ബി. ഇഫ്തികർ അഹമ്മദാണ് പരാതി നൽകിയത്. ഡീനും വകുപ്പുമേധാവിയും പ്രതികാര ബുദ്ധിയോടെ ഇന്റേണൽ മാർക്ക് കുറച്ചുവെന്നാരോപിച്ച് കോഴിക്കോട് സ്വദേശിനി നയൻതാര തിലക് ഡോ.എസ്. ആശക്കും വകുപ്പിലെ ഡീൻ ഡോ. ജോസഫ് കോയിപ്പള്ളിക്കും എതിരെ ഹൈകോടതിയിൽ ഹരജി നൽകിയിരുന്നു.
തുടർന്നുണ്ടായ ഇടക്കാല ഉത്തരവിൽ കഴിഞ്ഞ ദിവസം വാഴ്സിറ്റി കാമ്പസിൽ നടന്ന ബിരുദദാന ചടങ്ങിൽനിന്ന് ഇംഗ്ലീഷ് വിഭാഗത്തിെൻറ റാങ്ക് പ്രഖ്യാപിച്ചില്ല. ഇതിനു പിന്നാലെയാണ് വകുപ്പുമേധാവി ഡോ. എസ്. ആശയെ എല്ലാ ഭരണ ചുമതലകളിൽനിന്നും നീക്കണമെന്നാവശ്യപ്പെട്ട് ഇഫ്തികർ അഹമ്മദ് പരാതി നൽകിയത്. ഇവർ നയൻതാരയോട് ചെയ്തത് നീതീകരിക്കാവുന്നതല്ലെന്നും അമേരിക്കയിലെ കോർണൽ സർവകലാശാലയിലെ പ്രോഗ്രം തടസപ്പെടുത്താൻ ആശ ബോധപൂർവം ശ്രമിച്ചുവെന്നും പരാതിയിൽ പറഞ്ഞു.
നയൻതാരയുടെ മാർക്ക് കുറച്ചത് അധികാര ദുർവിനിയോഗമാണ്. അതിനു പുറമെ തനിക്കെതിരെ ബേക്കൽ പൊലീസിൽ നൽകിയ പരാതിയിലും ഡോ.എസ്. ആശയുടെ ദുരുദ്ദേശപരമായ പങ്കുണ്ട്. ആഭ്യന്തര പരാതിപരിഹാര സെല്ലിെൻറ റിപ്പോർട്ടിൽ ഇത് വ്യക്തമാണെന്നും ഇഫ്തികർ പരാതിയിൽ പറയുന്നു. യു.എസിലെ കോർണൽ സർവകലാശാലയിൽ സ്കൂൾ ഓഫ് ക്രിട്ടിക് ആൻഡ് തിയറി പ്രോഗ്രാമിൽ പ്രവേശനം ലഭിച്ച നയൻതാര പോകാൻ അനുമതി ചോദിച്ചപ്പോൾ ഡീൻ ഡോ. ജോസഫ് കോയിപ്പള്ളിയും വകുപ്പ് മേധാവി ഡോ. എസ്. ആശയും നിരുത്സാഹപ്പെടുത്തുകയും തന്റെ ആത്മവിശ്വാസം തകർക്കുംവിധം പെരുമാറുകയും അത് കടുത്ത മാനസിക വേദനയും സംഘർഷവും ഉണ്ടാക്കിയെന്നും നയൻതാരയുടെ പരാതിയിൽ പറഞ്ഞിരുന്നു.
അന്താരാഷ്ട്ര പ്രോഗ്രാമുകൾ ലഭിക്കുന്ന വിദ്യാർഥികൾക്ക് പ്രത്യക പരീക്ഷ നടത്തികിട്ടാൻ അർഹതയുള്ളിരിക്കെ അത് നിഷേധിക്കുകയായിരുന്നു ഇരുവരും. തുടർന്ന് പരീക്ഷ കൺട്രോളറാണ് താരക്ക് പ്രത്യേക പരീക്ഷ അനുവദിച്ചത്. പ്രോഗ്രാമിന് യു.എസിൽ പോയ നയൻതാരയോട് തോറ്റ പരീക്ഷ എഴൂതാനുള്ള ഫീസ് അടക്കാൻ ഡോ. ആശ ആവശ്യപ്പെടുകയായിരുന്നു. അത് നിരസിച്ച നയൻതാര തിരിച്ചെത്തിയപ്പോൾ ഇന്റേണൽ മാർക്ക് കുറച്ച് റാങ്ക് നഷ്ടപ്പെടുത്തി പ്രതികാരം ചെയ്യുകയായിരുന്നു. ഇതിനെതിനെ നയൻതാര ഹൈകോടതിയിൽ നിന്ന് വിധി സമ്പാദിച്ചാണ് ഇംഗ്ലീഷ് റാങ്ക് പ്രഖ്യാപനം തടഞ്ഞത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.