മൂന്നാറിൽ വിനോദസഞ്ചാരിയെ അപമാനിച്ച സംഭവം: ഒരു ടാക്സി ഡ്രൈവർകൂടി അറസ്റ്റിൽ
text_fieldsജാൻവി പങ്കുവച്ച വീഡിയോയിൽ നിന്ന് | photo:screengrab/Instagram/itsagirllikethat
തൊടുപുഴ: മൂന്നാർ കാണാനെത്തിയ മുംബൈ സ്വദേശിനിയായ യുവതിയെ തടഞ്ഞ് ഭീഷണിപ്പെടുത്തി അപമാനിച്ച സംഭവത്തിൽ ഒരു ടാക്സി ഡ്രൈവറെക്കൂടി അറസ്റ്റ് ചെയ്തു. മൂന്നാർ ജ്യോതിഭവനിൽ എ. അനീഷ് കുമാറാണ് (40) അറസ്റ്റിലായത്. മറ്റ് രണ്ട് ഡ്രൈവർമാരായ ലാക്കാട് ഫാക്ടറി ഡിവിഷനിൽ പി. വിജയകുമാർ, തെൻമല എസ്റ്റേറ്റിൽ കെ.വിനായകൻ എന്നിവരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ ആറ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഒക്ടോബർ 30നാണ് കേസിനാസ്പദമായ സംഭവം. മുംബൈയിൽ അധ്യാപികയായ ജാൻവിക്കാണ് മൂന്നാറിൽവച്ച് ടാക്സി ഡ്രൈവർമാരിൽനിന്ന് മോശമായ അനുഭവം നേരിട്ടത്. ഓൺലൈൻ ടാക്സിയിൽ മടങ്ങിപ്പോകാൻ ശ്രമിച്ച ഇവരെ ഒരുകൂട്ടം ടാക്സി ഡ്രൈവർമാർ തടയുകയും തങ്ങളുടെ ടാക്സിയിൽ പോകണമെന്നാവശ്യപ്പെടുകയുമായിരുന്നു. സഹായത്തിനായി പൊലീസിനെ വിളിച്ചെങ്കിലും പൊലീസും ടാക്സി ഡ്രൈവർമാരോടൊപ്പം ചേർന്ന് മറ്റൊരു ടാക്സിയിൽതന്നെ കയറ്റിവിട്ടെന്നും ജാൻവി വിഡിയോയിൽ പറഞ്ഞിരുന്നു.
പിന്നീട് യാത്ര സുരക്ഷിതമല്ലെന്ന് കണ്ട് ട്രിപ്പ് അവസാനിപ്പിച്ചു. ഇനി കേരളത്തിലേക്കില്ലെന്നും ഇവർ പറഞ്ഞിരുന്നു. സംഭവത്തിൽ മൂന്നാർ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ജോർജ് കുര്യൻ, എ.എസ്.ഐ സാജു പൗലോസ് എന്നിവരെ കഴിഞ്ഞ ദിവസം അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

