കാട്ടാന ആക്രമണത്തിൽ ഒരുജീവൻ കൂടി പൊലിഞ്ഞു
text_fieldsമാനന്തവാടി: കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ മരിച്ചു. തൃശ്ശിലേരി പുളിമൂട് കുന്ന് ഉന്നതിയിലെ രാജു ( 65) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെ പറമ്പിൽ ജോലി ചെയ്യുന്നതിനിടെയാണ് കൊമ്പനാനയുടെ ആക്രമണം ഉണ്ടായത്. ഉടൻ മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വെള്ളാഞ്ചേരിയിലെ ജനവാസമേഖലയിലാണ് രാവിലെ കാട്ടാനയെ കണ്ടത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ആനയെ കാടുകയറ്റാന്‍ ശ്രമിക്കുന്നതിനിടയിൽ രാജു ആനയുടെ മുന്നിൽപ്പെടുകയായിരുന്നു. ജനവാസമേഖലയിൽ തന്നെ തുടർന്നും നിലയുറപ്പിച്ച ആനയെ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് മണിക്കൂർ പരിശ്രമിച്ചാണ് വനത്തിനുള്ളിലേക്ക് കയറിയത്.
സാധാരണ രാത്രിയിലാണ് ആന കാടിറങ്ങിയിരുന്നതെങ്കിൽ ഇപ്പോൾ പകലിലും ജനവാസ മേഖലയിൽ ഇറങ്ങുന്ന സ്ഥിതിയാണ്. ഇക്കാര്യത്തിൽ ഗൗരവമായ ഇടപെടൽ സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇനിയും വരാൻ സാധ്യതയുള്ളതിനാൽ നാട്ടുകാർ ആശങ്കയിലാണ്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് വയനാട്ടിലെ തന്നെ മേപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇടുക്കി സൂര്യനെല്ലിയിലും കാട്ടാനയുടെ ആക്രമണത്തിൽ മനുഷ്യജീവൻ നഷ്ടമായി. മകനെ സ്കൂളിൽ കൊണ്ടുവിടാൻ പോയ സിങ്കകണ്ടം സ്വദേശിനി മാരിയാണ് മരിച്ചത്. ഈ പ്രദേശം ഉൾപ്പെടുന്ന ചിന്നക്കനാൽ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

