വയനാട്ടിൽ വീണ്ടും പുലിയുടെ ആക്രമണം; കബനിഗിരിയിൽ ആടിനെ കൊന്നു, ആശങ്കയിൽ ജനങ്ങൾ
text_fieldsവയനാട്: വയനാട്ടിൽ വീണ്ടും പുലിയുടെ ആക്രമണം. കബനിഗിരിയിൽ പുലി ആടിനെ കടിച്ചു കൊന്നു. പനച്ചിമറ്റത്തിൽ ജോയിയുടെ ആടുകളെയാണ് പുലി ആക്രമിച്ചത്. മറ്റൊരു ആടിന് പരിക്കേറ്റിട്ടുണ്ട്.
ഇന്ന് പുലർച്ചെയാണ് സംഭവം. പ്രദേശത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. പുലിയുടെ ദൃശ്യങ്ങൾ സമീപത്തെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. രണ്ടാം തവണയാണ് ഈ പ്രദേശത്ത് പുലിയുടെ ആക്രമണം ഉണ്ടായത്.
കഴിഞ്ഞ ദിവസം വളർത്തുനായെ പുലിയെ പിടിച്ചിരുന്നു. പ്രദേശത്ത് രണ്ട് കൂടുകൾ വനം വകുപ്പ് സ്ഥാപിച്ചിരുന്നെങ്കിലും പുലി കുടുങ്ങിയിരുന്നില്ല. പുലിയെ കണ്ടെത്താൻ സാധിക്കാത്തത് പുൽപ്പള്ളി മേഖലയിലെ ജനങ്ങൾക്കിടയിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
ഇന്നലെ സുൽത്താൻ ബത്തേരി നഗരത്തിൽ മൈസൂർ റോഡിൽ കോട്ടക്കുന്നിൽ പുലിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. പുതുശേരിയിൽ പോൾ മാത്യൂസിന്‍റെ വീടിന്‍റെ പരിസരത്താണ് വീണ്ടും പുലി എത്തിയത്. കോഴിക്കൂടിനടുത്ത് പുലി വന്നതിന്‍റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയും ചൊവ്വാഴ്ചയും മാത്യൂസിന്‍റെ വീട്ടിൽ പുലി എത്തിയിരുന്നു. ചൊവ്വാഴ്ച മാത്യൂസിന്‍റെ കോഴിക്കൂട്ടിലുണ്ടായിരുന്ന നാല് കരിങ്കോഴി ഉൾപ്പെടെ ഒമ്പത് കോഴികളെ കൊന്നിരുന്നു. പുലി കോഴികളെ ഭക്ഷിച്ചതിന്റെ അവശിഷ്ടങ്ങൾ വീടിന്‍റെ സമീപത്തു നിന്ന് കണ്ടെത്തുകയും ചെയ്തു.
അന്ന് വനം വകുപ്പ് സ്ഥലത്തെത്തിയെങ്കിലും കൂട് വെക്കാനുള്ള നടപടിയെടുത്തിരുന്നില്ല. പകരം കാമറ സ്ഥാപിച്ച് പുലിയെ നിരീക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. പോൾ മാത്യൂസിന്‍റെ വീടിനോടു ചേർന്നുള്ള കോഴിക്കൂടിനടുത്ത് കൂടുവെച്ചിരുന്നെങ്കിൽ ഇതിനോടകം തന്നെ പുലിയെ പിടികൂടാൻ സാധിക്കുമായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.
രണ്ടാഴ്ച മുമ്പ് താലൂക്ക് ആശുപത്രി സ്ഥിതി ചെയ്യുന്ന ഫെയർലാൻഡ് കോളനി ഭാഗത്താണ് പുലിയെ ആദ്യമായി കണ്ടത്. പിന്നീട് പുലി കോട്ടക്കുന്ന് ഭാഗത്തേക്ക് നീങ്ങുകയായിരുന്നു. കോട്ടക്കുന്നിന് ഏകദേശം ഒരു കിലോമീറ്റർ മാറിയാണ് വനം. പുലി നഗരത്തിലെത്തിയ ശേഷം തിരിച്ച് ഇതുവരെ വനത്തിലേക്ക് പോയിട്ടില്ലെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

