ബേപ്പൂരിൽ മത്സ്യബന്ധന ബോട്ടിലുണ്ടായ അപകടത്തിൽ ഒരു മത്സ്യത്തൊഴിലാളി കൂടി മരിച്ചു
text_fieldsകോഴിക്കോട്: കോഴിക്കോട് ബേപ്പൂരിൽ മത്സ്യബന്ധന ബോട്ടിൽ വെച്ചുണ്ടായ അപകടത്തിൽ ഒരു മത്സ്യത്തൊഴിലാളി കൂടി മരിച്ചു. മത്സ്യബന്ധന ബോട്ടിൽ വെച്ച് ശ്വാസതടസമുണ്ടായതിനെ തുടർന്നാണ് മത്സ്യതൊഴിലാളി മരിച്ചത്. പശ്ചിമ ബംഗാൾ സ്വദേശി റിപൻ ദാസ് (22) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. പശ്ചിമ ബംഗാൾ സ്വദേശി ഷഹദേബ് ദാസ് ഉച്ചക്ക് മരിച്ചിരുന്നു. സംഭവത്തിൽ ബേപ്പൂർ കോസ്റ്റൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഇന്ന് രാവിലെയാണ് മത്സ്യബന്ധന ബോട്ടിന്റെ എൻജിനിൽ ലീക്ക് കണ്ടതിനെ തുടർന്ന് പരിശോധന നടത്തുന്നതിനിടെ നാല് തൊഴിലാളികൾ കുഴഞ്ഞു വീഴുകയായിരുന്നു. ബേപ്പൂർ ഹാർബറിൽനിന്ന് മത്സ്യബന്ധനത്തിന് പോയ ആയിഷ ബോട്ടിലെ ജീവനക്കാരാണ് മരിച്ചത്. കരയിൽനിന്നും 15 നോട്ടിക്കൽ മൈൽ അകലെയായതിനാൽ രക്ഷാപ്രവർത്തനത്തിന് കാലതാമസം ഉണ്ടായതായി മത്സ്യതൊഴിലാളികൾ പറഞ്ഞു.
ഫിഷറീസ് ആംബുലൻസിന്റെ എൻജിൻ തകരാറിൽ ആയതിനാൽ വിനോദ സഞ്ചാരത്തിന് ഉപയോഗിക്കുന്ന സ്പീഡ് ബോട്ടിലാണ് മത്സ്യ തൊഴിലാളികളെ കരക്കെത്തിച്ചത്. പിന്നാലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഗുരുതരാവസ്ഥയിലായ രണ്ടുപേർ മരണത്തിന് കീഴടങ്ങുകയായിരുന്നു. എൻജിൻ റൂമിൽനിന്ന് കെമിക്കൽ കലർന്ന വായു ശ്വസിച്ചതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, സംഭവത്തിൽ ബോട്ടുടമകളുടെയും സഹതൊഴിലാളികളുടെയും മൊഴി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

