വാളയാറിൽ വീണ്ടും ആനകൾക്ക് മരണക്കെണി; പിടിയാനയും കുട്ടിയാനയും ചരിഞ്ഞു
text_fieldsപാലക്കാട്: വാളയാർ വീണ്ടും ആനകൾക്ക് മരണക്കെണിയാകുന്നു. വ്യാഴാഴ്ച പുലർച്ചെ 12.30 ഓടെ റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി പിടിയാനയും കുട്ടിയാനയും ചരിഞ്ഞതാണ് ഒടുവിലത്തെ സംഭവം. അതിർത്തി പ്രദേശമായ വാളയാർ ചാവടിപ്പാറ പുതുപ്പതിയിൽ കാട്ടാനകൾ റെയിൽവേ ട്രാക്ക് കുറുകെ കടക്കുന്നതിനിടെയാണ് സംഭവം.
മംഗളൂരു-ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിൻ (12686) ഇടിച്ചാണ് അപകടമെന്ന് വനംവകുപ്പ് അറിയിച്ചു. ചാവടിപ്പാറ ജനവാസ മേഖലയിൽ നിന്നു മടങ്ങിയ ആനക്കൂട്ടത്തിലെ അമ്മയാനയും കുട്ടിയാനയുമാണ് അപകടത്തിൽപ്പെട്ടത്. ഇടിച്ച ശേഷം എൻജിനു താഴെ കുടുങ്ങിയ ആനകളുടെ ജഡങ്ങൾ 50 മീറ്ററോളം ട്രാക്കിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയ നിലയിലായിരുന്നു. 20 മിനിറ്റോളം ട്രെയിൻ വനമേഖലയിൽ നിർത്തിയിട്ടു. ഏറെ ശ്രമപ്പെട്ടാണ് ആനകളുടെ ജഡങ്ങൾ എൻജിനിൽനിന്ന് നീക്കിയത്. സംഭവം നടന്ന വാളയാർ സെക്ഷനിൽ കേരളത്തിലെയും തമിഴ്‌നാട്ടിലെയും വനംവകുപ്പ് ഉദ്യോഗസ്ഥരും റെയിൽവേ ഉദ്യോഗസ്ഥരും പരിശോധന നടത്തി.
ഡി.ആർ.എം മധുകർ റൗത്ത്, വാളയാർ റെയ്ഞ്ച് ഓഫിസർ ആർ.എസ്. പ്രവീൺ എന്നിവരടങ്ങിയ സംഘമാണ് സന്ദർശിച്ചത്. വനമേഖലയിലൂടെ കടന്നുപോകുമ്പോൾ ട്രെയിനിന്റെ വേഗത കുറവായിരുന്നതിനാൽ പാളം തെറ്റാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. ഈ മേഖലയിൽ ആനകൾ ഇറങ്ങുന്നത് തടയാൻ റെയിൽ ഫെൻസിങ് നിർമാണം പുരോഗമിക്കുകയാണ്.
വാളയാർ വനമേഖലയിൽ റെയിൽ ഫെൻസിങ്ങ് നിർമാണം ഉടൻ പൂർത്തികരിക്കണമെന്ന് ജില്ല ആനപ്രേമി സംഘം ആവശ്യപ്പെട്ടു. കഞ്ചിക്കോട് വനമേഖലയിലൂടെ പോകുന്ന രണ്ട് റയിൽവേ ട്രാക്കുകളിൽ ബി ലൈൻ പൂർണമായും വനമേഖലയിലാണ്. ഇവിടെയാണ് കൂടുതൽ അപകടങ്ങളും നടക്കുന്നത്. ട്രാക്ക് മുറിച്ച് കടക്കുന്ന ആനകളെ തടയാൻ റെയിൽപ്പാളത്തിൽ വേലിയോ പാളത്തിന് സമാന്തരമായി ഇടനാഴിയോ അടിപ്പാതയോ നിർമിച്ചാൽ പ്രശ്നത്തിന് പരിഹാരമാകുമെന്ന് പ്രസിഡന്‍റ് ഹരിദാസ് മച്ചിങ്ങൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

