കൊളത്തൂരിൽ മറ്റൊരു മൃതദേഹം കൂടി സൂക്ഷിച്ചതായി ഡോക്ടറുടെ വെളിപ്പെടുത്തൽ
text_fieldsകൊളത്തൂർ (മലപ്പുറം): ജീവന്‍ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയില്‍ കുടുംബനാഥെൻറ മൃതദേഹം മൂന്നു മാസം സൂക്ഷിച്ച കൊളത്തൂരില്‍ സമാനരീതിയില്‍ പെണ്‍കുട്ടിയുടെ മൃതദേഹവും മണിക്കൂറുകള്‍ സൂക്ഷിച്ചതായി വെളിപ്പെടുത്തല്‍. വളാഞ്ചേരിയില്‍ ആശുപത്രി നടത്തുന്ന ഡോക്ടറാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഒരു ചാനലിന് നൽകിയ അഭിമുഖത്തിലും ഇക്കാര്യം ആവർത്തിച്ചു.
വെളിപ്പെടുത്തലിെൻറ പശ്ചാത്തലത്തിൽ പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രൻ കേസ് ഫയൽ പരിശോധിച്ചു. അന്വേഷണം തുടങ്ങിയതായി അദ്ദേഹം അറിയിച്ചു. കഴിഞ്ഞ മേയ് നാലിന് 11 വയസുള്ള പെൺകുട്ടിയുമായി കൊളത്തൂർ വെങ്ങാട് സ്വദേശികൾ ആശുപത്രിയിലെത്തിയതായാണ് ഡോക്ടർ പറയുന്നത്. പരിശോധിച്ചപ്പോൾ പെൺകുട്ടി മരിച്ചതായി കണ്ടെത്തി. കൈയിൽ മന്ത്രച്ചരട് ബന്ധിച്ച നിലയിലായിരുന്നു. മരണം നടന്നിട്ട് ചുരുങ്ങിയത് എട്ട് മണിക്കൂറെങ്കിലും പിന്നിട്ടതായി ഡോക്ടർ ബന്ധുക്കളെ അറിയിച്ചു. ഇതോടെ ക്ഷുഭിതരായ ബന്ധുക്കൾ ഡോക്ടറോട് കയർത്തു. 10 മിനിറ്റിന് മുമ്പ് പോലും കുട്ടി വെള്ളം കുടിച്ചിരുന്നതായും മരിച്ചിട്ടില്ലെന്നുമാണ് അവർ പറഞ്ഞത്.
പൊലീസിനെ അറിയിക്കാൻ ശ്രമിച്ചതോടെ ഭീഷണിയായി. ഡോക്ടർ അറിയിച്ചതിനെതുടർന്ന് കൊളത്തൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയിൽ പോസ്റ്റ്മോര്‍ട്ടം നടത്തി. തലച്ചോറിലെ നീര്‍ക്കെട്ടാണ് മരണകാരണമായി റിപ്പോര്‍ട്ടിലുള്ളത്. ആന്തരികാവയവ പരിശോധനയുടെ ഫലം ലഭിച്ചിട്ടില്ല. കൊളത്തൂര്‍ എസ്.ഐ കെ.പി. സുരേഷ് ബാബുവിനാണ് അന്വേഷണചുമതല. പുത്തന്‍പള്ളി ജാറത്തില്‍ പോയി വരുംവഴി പെണ്‍കുട്ടി അബോധാവസ്ഥയിലായെന്നും ഉടന്‍ ഡോക്ടറുടെ അടുത്തെത്തിച്ചെന്നുമാണ് ബന്ധുക്കള്‍ പൊലീസിന് നല്‍കിയ മൊഴി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
