'ചെന്നിത്തലയെ കണ്ട രണ്ട് മാവോയിസ്റ്റുകളിൽ ഒരാൾ ഞാനാണ്'; വിശദീകരണവുമായി അനൂപ് മാത്യു ജോർജ്
text_fieldsകോഴിക്കോട്: കഴിഞ്ഞ ദിവസം രണ്ട് മാവോയിസ്റ്റുകൾ തന്നെ കാണാൻ വന്നു എന്ന് ആഭ്യന്തരമന്ത്രിയുടെ വാക്കുകളിൽ വിശദീകരണവുമായി അനൂപ് മാത്യു ജോർജ്. മവോയിസ്റ്റുകൾ എന്തിനാണ് വന്നതെന്ന് വാർത്താസമ്മേളനത്തിൽ ആരും താങ്കളോട് ചോദിച്ചില്ലന്നും ചോദിച്ചിരുന്നെങ്കിൽ എന്തിനാണ് വന്നതെന്ന് താങ്കൾക്ക് വിശദീകരിക്കുവാൻ കഴിയുമെന്നും പറഞ്ഞാണ് പോസ്റ്റ്. യു.ഡി.എഫ് സർക്കാർ അധികാരത്തിലേറി ഒരു മാസത്തിനുള്ളിൽ യു.എ.പി.എ എന്ന ജനദ്രോഹ നിയമം ശക്തിപ്പെടുത്താനുള്ള നീക്കം കേരള പൊലീസിലെ എടിഎസിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായി. ജനാധിപത്യ മൂല്യങ്ങൾക്ക് വില കൽപ്പിക്കുന്ന ഒരു സമൂഹത്തിൽ ഇത്തരം ജനദ്രോഹ നിയമങ്ങൾ ശക്തിപ്പെടുത്തുന്ന നീക്കത്തിൽ നിന്നും യു.ഡി.എഫ് സർക്കാർ പിന്മറണമെന്നാവശ്യപ്പെടാനും രാഷ്ട്രീയ സമൂഹിക മേഖലകളിലെ വ്യക്തിത്വങ്ങൾ ഒപ്പിട്ട നിവേദനം സമർപ്പിക്കാനുമാണ് എത്തിയതെന്നും അനൂപ് മാത്യു ജോർജ് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം: ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രിക്ക്, താങ്കളെ സന്ദർശിച്ചുവെന്ന് പരാമർശിച്ച "2 മാവോയിസ്റ്റുകളിൽ " ഒരാൾ ഞാനാണ്. ആദ്യം തന്നെ പറയട്ടെ താങ്കളെ കാണുവാനും, ഞങ്ങൾക്ക് പറയാനുള്ളത് കേൾക്കുവാനും വളരെ ഉദാരമായ സമീപനമാണ് താങ്കൾ സ്വീകരിച്ചത്. പക്ഷേ, താങ്കൾ നടത്തിയ വാർത്താസമ്മേളനത്തിൽ നമ്മുടെ കൂടിക്കാഴ്ചയെ പറ്റി കൃത്യമായ ഒരു റിപ്പോർട്ടിംഗ് നടന്നിട്ടില്ല. അത് താങ്കളുടെ പ്രശ്നമായി ഞാൻ കാണുന്നുമില്ല. താങ്കളെ സന്ദർശിക്കുവാൻ "രണ്ട് മാവോയിസ്റ്റുകൾ" വന്നു എന്നും, താങ്കളുടെ രാഷ്ട്രീയ ശരികളിൽ നിന്നും താങ്കൾ അവരോട് സംസാരിച്ചു എന്നും പത്രസമ്മേളനത്തിൽ പറയുമ്പോൾ എന്തിനുവേണ്ടിയാണ് ആ "രണ്ടു മാവോയിസ്റ്റുകൾ" താങ്കളെ സന്ദർശിച്ചതെന്ന ആ വലിയ ചോദ്യം ചോദിക്കുവാനായി ഒരു ചെറു ശബ്ദം പോലും ആ വാർത്ത സമ്മേളനത്തിൽ ഉണ്ടായില്ല. അതിനാൽ താങ്കൾക്ക് അത് വിശദീകരിക്കാനും കഴിഞ്ഞില്ല.
UAPA എന്ന ജനദ്രോഹ നിയമം, UDF ഗവൺമെന്റ് അധികാരത്തിലേറി ഒരു മാസം തികയുന്നതിന് മുൻപ് തന്നെ, കേരളത്തിൽ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കങ്ങൾ കേരള പോലീസിന്റെ ഭാഗമായ ATS( Anti Terrorist Squad)ന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നു. ജനാധിപത്യ മൂല്യങ്ങൾക്ക് വില കൽപ്പിക്കുന്ന ഒരു സമൂഹത്തിൽ ഇത്തരം ജനദ്രോഹ നിയമങ്ങൾ ശക്തിപ്പെടുത്തുന്ന നീക്കത്തിൽ നിന്നും യുഡിഎഫ് ഗവൺമെന്റ് പിന്മാറണമെന്ന ആവശ്യം സ്വാഭാവികമായും പൊതുസമൂഹത്തിൽ നിന്നും ഉയരുന്നു. അതിന്റെ അടിസ്ഥാനത്തിൽ സച്ചിദാനന്ദൻ, സെബാസ്റ്റ്യൻ പോൾ, സാറ ജോസഫ്, ബി രാജീവൻ, അൻവർ അലി, റഫീഖ് അഹമ്മദ്, ഗീതാനന്ദൻ, കെ അജിത, അജിത്ത് എം പച്ചനാടൻ അടക്കമുള്ള കേരളത്തിലെ രാഷ്ട്രീയ സാംസ്കാരിക വ്യക്തിത്വങ്ങൾ ഒപ്പിട്ട ഒരു നിവേദനം തയ്യാറാക്കപ്പെടുന്നു. ആ നിവേദനം ആഭ്യന്തരമന്ത്രിക്ക് നൽകുവാനും, കേരളത്തിന്റെ പൊതു മണ്ഡലത്തിൽ നിന്നും യുഎപിഎ നിയമത്തിന്റെ പ്രയോഗത്തിനെ സംബന്ധിച്ച് ഉയർന്നുവന്ന വിമർശനങ്ങൾ ഗവൺമെന്റിനെ അറിയിക്കുവാനുമായാണ് ഞങ്ങൾ താങ്കളെ സന്ദർശിക്കുന്നത്.
നിവേദനം സൂക്ഷ്മമായി വായിച്ചു മനസ്സിലാക്കിയതിനു ശേഷം, നിവേദനത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ താങ്കളുടെ ശ്രദ്ധയിൽ ഇപ്പോഴാണ് വരുന്നതെന്നും, ആ വിഷയങ്ങൾ പരിശോധിച്ചതിനുശേഷം മറുപടി പറയാമെന്നുമുള്ള താങ്കളുടെ മറുപടി ശുഭ സൂചകമായി തന്നെയാണ് ഞങ്ങൾ സ്വീകരിച്ചതും. നിവേദനത്തിൽ ഒപ്പിട്ട മുഴുവനാളുകളോടും ഞങ്ങളത് പങ്കുവയ്ക്കുകയും ചെയ്തു. മാത്രവുമല്ല, രണ്ടാഴ്ചയ്ക്കുശേഷം ഇക്കാര്യത്തിലുള്ള ഗവൺമെന്റ് സമീപനം എന്താണെന്നറിയുവാനായി ഞങ്ങൾ ഗവൺമെന്റിനെ വീണ്ടും സമീപിക്കും എന്നുള്ള കാര്യവും ഞങ്ങൾ അവരോട് പങ്കുവെച്ചു.
കൃത്യമായ മാധ്യമപ്രവർത്തനം നടന്നുവരുന്നുവെങ്കിൽ" രണ്ടു മാവോയിസ്റ്റുകൾ" എന്നെ സന്ദർശിച്ചുവെന്ന താങ്കളുടെ പരാമർശത്തിന് തുടർച്ചയായി എന്തിനുവേണ്ടി സന്ദർശിച്ചു എന്ന ചോദ്യങ്ങൾ ഉയരുകയും, താങ്കൾക്ക് അത് വിശദീകരിക്കുവാൻ കഴിയുകയും ചെയ്യുമായിരുന്നു. നിർഭാഗ്യവശാൽ, അലസമായ ചെറുചിരികൾ മാത്രമാണ് ആ വാർത്ത സമ്മേളനത്തിൽ ഉയർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

