വനിത സംവരണ ബില്ലുകൊണ്ട് സ്ത്രീകൾക്ക് പ്രയോജനമില്ല -ആനി രാജ
text_fieldsആനി രാജ
കൊച്ചി: നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന വനിത സംവരണ ബില്ലുകൊണ്ട് രാജ്യത്തെ സ്ത്രീകൾക്ക് ഒരുലാഭവും കിട്ടാനില്ലെന്ന് സി.പി.ഐ ദേശീയ നേതാവ് ആനി രാജ. സ്ത്രീകളുടെ രണ്ടുകാലിലും ചങ്ങലയിട്ടാണ് ബിൽ പാസാക്കിയത്. എന്നിട്ട് തങ്ങളാണ് സ്ത്രീശാക്തീകരണം നടപ്പാക്കിയതെന്ന് അവർ അവകാശപ്പെടുകയാണെന്നും ആനി രാജ വാർത്തസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
ബില്ലിലെ വ്യവസ്ഥകൾ മാറ്റിയാലേ പ്രയോജനപ്പെടൂ. അതിർത്തി നിർണയത്തിന്‍റെ അടിസ്ഥാനത്തിലാണ് ബിൽ നടപ്പാക്കുന്നത്. 2023ൽ ബിൽ ആദ്യം അവതരിപ്പിച്ചപ്പോൾതന്നെ സ്ത്രീകളോട് വലിയ ചതി കാണിച്ചതാണ്. ബിൽ വരുമ്പോൾ വനിതകൾക്ക് കൂടുതൽ സീറ്റ് കിട്ടുമെന്നാണ് പറയുന്നത്. എന്നാൽ, അത് പൊള്ളയായ വാഗ്ദാനമാണ്. മോദി അധികാരത്തിലെത്തിയ 2014ന് മുമ്പ് ഓരോ പ്രധാനമന്ത്രിയും വനിത സംഘടനകളുമായും രാഷ്ട്രീയ പാർട്ടികളുമായുമെല്ലാം സ്ത്രീസംവരണ വിഷയങ്ങളിൽ ചർച്ച നടത്താറുണ്ടായിരുന്നു. 2014ന് ശേഷം ഒരിക്കൽ പോലും ഇങ്ങനെയുണ്ടായില്ല.
ബിൽ ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് പാർലമെൻറ് മാർച്ചുൾപ്പെടെ ശക്തമായ സമരത്തിനൊരുങ്ങുകയാണ് ദേശീയ മഹിള ഫെഡറേഷൻ. വാർത്തസമ്മേളനത്തിൽ ദേശീയ മഹിള ഫെഡറേഷൻ വൈസ് പ്രസിഡൻറ് കമല സദാനന്ദൻ, ജില്ല സെക്രട്ടറി താര ദിലീപ് എന്നിവരും പങ്കെടുത്തു.
‘കേരളത്തിന് വനിത മുഖ്യമന്ത്രി വേണം’
കൊച്ചി: കേരളത്തിന് വനിത മുഖ്യമന്ത്രി വേണമെന്ന് സി.പി.ഐ നേതാവ് ആനി രാജ. ഏത് മന്ത്രിസഭ വന്നാലും വനിത മുഖ്യമന്ത്രി എന്നത് ഒരു ആവശ്യമാണ്. ഇടതുപക്ഷം ലിംഗനീതിയുടെ കാര്യത്തിൽ കൂടുതൽ പരിഗണന നൽകുന്നതിനാൽ സ്വാഭാവികമായും ഇടതിൽനിന്ന് വനിത മുഖ്യമന്ത്രിയെ പ്രതീക്ഷിക്കും. എന്നാൽ, ഇത് ഇടതുപക്ഷത്തിന്‍റെ മാത്രം ദൗത്യമല്ലെന്നും ഏത് മുന്നണിയാണെങ്കിലും നടപ്പാക്കേണ്ട ഒന്നാണെന്നും ആനി രാജ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

