ആനി രാജ ഇന്ന് വയനാട്ടിൽ
text_fieldsആനി രാജ
കൽപറ്റ: ലോക്സഭ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർഥി ആനി രാജ വെള്ളിയാഴ്ച ജില്ലയിലെത്തും. കണ്ണൂർ വഴിയെത്തുന്ന ആനി രാജയെ രാവിലെ 9.30ന് ബോയ്സ് ടൗണിൽ സ്വീകരിക്കും. അവിടെനിന്ന് റോഡ് ഷോയായി മാനന്തവാടിയിലെത്തും.
ഉച്ചക്ക് രണ്ടിന് സി.പി.ഐ ജില്ല ഓഫിസിൽ മാധ്യമ പ്രവർത്തകരെ കാണും. വൈകീട്ട് നാലിന് സുൽത്താൻ ബത്തേരിയിൽ റോഡ് ഷോ നടത്തും. 5.30ന് കൽപറ്റയിലും റോഡ് ഷോ നടത്തും. കനറാ ബാങ്ക് പരിസരത്തുനിന്ന് ആരംഭിച്ച് പുതിയ സ്റ്റാൻഡ് വരെയാണ് റോഡ് ഷോ.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെത്തുന്ന ആനി രാജക്ക് ഉജ്ജ്വല സ്വീകരണം നൽകാനാണ് എൽ.ഡി.എഫ് തീരുമാനം. ഇരിട്ടി ആറളം വട്ടപ്പറമ്പ് വീട്ടില്‍ തോമസിന്റെയും മറിയയുടെയും മകളാണ്. എൻ.എഫ്.ഐ.ഡബ്ല്യു ദേശീയ സെക്രട്ടറി, സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം എന്നീ നിലകളില്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയാണ് 58കാരിയായ ആനി രാജ. സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജയാണ് ഭര്‍ത്താവ്.
എ.ഐ.എസ്.എഫ് നേതാവ് അപരാജിത രാജ ഏക മകളും. കരിക്കോട്ടക്കരി സെന്റ് തോമസ് എച്ച്.എസില്‍ പഠിക്കുമ്പോള്‍ എ.ഐ.എസ്.എഫിന്റെ മണ്ഡലം സെക്രട്ടറിയായായിരുന്നു തുടക്കം. 22ാം വയസ്സില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം. രാഷ്ട്രീയ താൽപര്യം തിരിച്ചറിഞ്ഞ മുന്‍ മുഖ്യമന്ത്രി പി.കെ. വാസുദേവന്‍ നായര്‍ രാഷ്ട്രീയത്തില്‍ സജീവമാകണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് മഹിള സംഘം വടക്കന്‍ മേഖല സെക്രട്ടറി, സംസ്ഥാന അസി. സെക്രട്ടറി ചുമതല. ആറു മാസത്തേക്ക് മോസ്കോയിലേക്ക് രാഷ്ട്രീയ പഠനത്തിനായി പാർട്ടി അയച്ചതോടെയാണ് ജീവിതത്തിൽ വലിയ രാഷ്ട്രീയ പാഠങ്ങൾ ആനി രാജക്ക് സ്വായത്തമാക്കാനായത്.
പതിവുപോലെ സ്ഥാനാർഥിയെ ആദ്യം പ്രഖ്യാപിച്ച എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങാൻ ചുവടുറപ്പിക്കുമ്പോൾ യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർഥികളായിട്ടില്ല. എതിർ സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ചു കഴിഞ്ഞാൽ മാത്രമേ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

