പ്രളയ നടുവിൽ അഞ്ജു സുമംഗലിയായി
text_fieldsമലപ്പുറം: സ്വത്തും സന്തോഷവും കൊണ്ടുപോയ പ്രളയത്തിന് പക്ഷേ, കതിർമണ്ഡപത്തിൽ വരെൻറ കൈപ്പിടിച്ച് അഞ്ജു പുതുജീവിതത്തിലേക്ക് കടക്കുന്നത് ഒരുനിമിഷം പോലും വൈകിക്കാനായില്ല. നിശ്ചയിച്ചുറപ്പിച്ച മുഹൂർത്തത്തിൽതന്നെ താലികെട്ടുമ്പോൾ പൂവിതറാനും വീട്ടുകാരുടെ കാര്യഗൗരവത്തോടെ കല്യാണം കേമമാക്കാനും സ്വപ്നത്തിലും പോലും പ്രതീക്ഷിക്കാത്ത നൂറുകണക്കിനുപേർ കൂടെയുണ്ടായിരുന്നു.
മലപ്പുറം നെച്ചിക്കുറ്റി താഴ്വാരത്തിൽ സുന്ദരെൻറയും ശോഭയുടെയും മകളായ അഞ്ജു എം.എസ്.പി എൽ.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ നിന്നാണ് വിവാഹച്ചടങ്ങുകൾക്കായി മലപ്പുറം തൃപുരാന്തക ക്ഷേത്രനടയിലേക്ക് വന്നത്. വേങ്ങര ചേറൂർ കാക്കാട്ടുപറമ്പിൽ വേലായുധെൻറ മകൻ ഷൈജുവായിരുന്നു വരൻ.
മൂന്നുദിവസം മുമ്പുവരെ അഞ്ജുവിെൻറ വിവാഹത്തെക്കുറിച്ച് കുടുംബം നെയ്ത് കൂട്ടിയ സ്വപ്നങ്ങളെല്ലാം പെട്ടെന്നാണ് കീഴ്മേൽമറിഞ്ഞത്. ഞായറാഴ്ചത്തെ ചടങ്ങിനായി ഒരുക്കിയ വീടും വാങ്ങിയ സാധനങ്ങളുമെല്ലാം പ്രളയത്തിൽ മുങ്ങി. ആർത്തലച്ചെത്തിയ വെള്ളം കുടുംബത്തെ നഗരസഭ ഒരുക്കിയ എം.എസ്.പി എൽ.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിക്കുകയായിരുന്നു. കൂലിപ്പണിയെടുത്തും ലോട്ടറി വിറ്റും സ്വരുക്കൂട്ടിയതെല്ലാം നഷ്ടപ്പെട്ടതിെൻറ വേദനയിലായ സുന്ദരനെയും കുടുംബത്തെയും സഹായിക്കാൻ ക്യാമ്പിലുള്ളവർക്കൊപ്പം വരെൻറ ബന്ധുക്കളും നാടും കൂടെനിന്നു. ജാതിയും മതവും പണവും അതിര് തീർക്കാത്ത വലിയൊരു കുടുംബമായത് മാറി. പത്തരക്കും പതിനൊന്നരക്കും ഇടയിലായിരുന്നു മുഹൂർത്തം.
ഒരിക്കൽ എല്ലാ സ്വപ്നങ്ങൾക്കും മീതെ പെയ്തിറങ്ങിയ മഴ ഇന്നലെയും നിർത്താതെ പെയ്തുകൊണ്ടിരുന്നു. എന്നാൽ, ഒരു തടസ്സവുമില്ലാതെ ചടങ്ങുകൾക്ക് ശുഭസമാപ്തി. വിവാഹം മറ്റൊരു ദിവസത്തേക്ക് മാറ്റാമെന്ന് വധുവിെൻറയാളുകൾ ആവശ്യപ്പെെട്ടങ്കിലും താലികെട്ടൽ ചടങ്ങ് മാത്രം മതിയെന്ന ഷൈജുവിെൻറയും കുടുംബത്തിെൻറയും സ്നേഹാഭ്യർഥനക്ക് മുന്നിൽ വഴങ്ങുകയായിരുന്നു.
സൽക്കാരം മലപ്പുറം എം.എസ്.പി ഒാഡിറ്റോറിയത്തിൽ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ഒടുവിൽ ആർഭാടങ്ങളെല്ലാം ഒഴിവാക്കി തൃപുരാന്തക ക്ഷേത്രസന്നിധിയിൽ ക്ഷണിച്ചും ക്ഷണിക്കാതെയുമെത്തിയ നിരവധിയാളുകളെ സാക്ഷിയാക്കി മംഗല്യം.
വിവാഹ സദ്യയൊരുക്കി ക്ഷേത്രകമ്മിറ്റിയും കൂടെനിന്നു. വധൂഗൃഹത്തിലേക്കുള്ള പുടവ വരെൻറയാളുകൾ ശനിയാഴ്ച ക്യാമ്പിലെത്തിച്ചിരുന്നു. ഉച്ചയോടെ ചടങ്ങുകളെല്ലാം തീർത്ത് നിറകൺചിരിയോടെ അഞ്ജുവും ഷൈജുവും വേങ്ങരയിലേക്ക് തിരിച്ചു. നിറങ്ങളെല്ലാം മാഞ്ഞുപോയ ദുരിതാശ്വാസ ക്യാമ്പിലെ അതിഥികൾ വിവിധ വർണങ്ങളിൽ നിറയെ ചിരിച്ചുകൊണ്ട് അവരെ യാത്രയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
