മകളുടെ ദുരൂഹമരണത്തിന് 15 വയസ്സ്; നീതി തേടി വയോദമ്പതികൾ
text_fieldsകൊച്ചി: 15 വർഷം മുമ്പ് യു.എസിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച മകൾക്ക് നീതി തേടി വയോദമ്പതികൾ. മരണത്തിന് മരുമകനാണ് കാരണക്കാരനെന്നും കേസ് അന്വേഷിക്കുന്ന സി.ബി.ഐക്ക് ഇയാളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും പാലക്കാട് കാവിൽപാട് സ്വദേശി കെ. ഗോപിനാഥും ഭാര്യ ഭദ്രയും വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഏകമകൾ അനിതയെ 2000 ആഗസ്റ്റിലാണ് യു.എസിൽ ജോലി ചെയ്യുന്ന സന്തോഷ് വിവാഹം ചെയ്തത്.
2004 ആഗസ്റ്റ് 16ന് കാലിഫോർണിയയിലെ ഫ്ലാറ്റിൽ വെച്ച് അനിതക്ക് പൊള്ളലേൽക്കുകയും രണ്ടാഴ്ചക്കുശേഷം മരിക്കുകയുമായിരുന്നു. അപകടം നടന്ന് രണ്ടുദിവസത്തിനുശേഷമാണ് മാതാപിതാക്കളെ അറിയിച്ചത്. നെയിൽ പോളിഷ് റിമൂവർ കുപ്പി പൊട്ടിത്തെറിച്ച് പൊള്ളലേെറ്റന്നാണ് അന്ന് പറഞ്ഞത്. എന്നാൽ, യു.എസ് അഗ്നിരക്ഷാ സേന ചൂണ്ടിക്കാട്ടിയത്, ഇത്തരത്തിൽ കുപ്പി പൊട്ടിത്തെറിച്ച് പൊള്ളലേൽക്കാനുള്ള സാഹചര്യമില്ലെന്നാണ്.
ഹൈകോടതിയിൽ കേസ് നൽകിയതിെൻറ അടിസ്ഥാനത്തിലാണ് സി.ബി.ഐ അന്വേഷണം ഏറ്റെടുത്തത്. പുനർവിവാഹിതനായി യു.എസിൽ കഴിയുന്ന സന്തോഷിനെ കേരളത്തിലെത്തിക്കാനും അറസ്റ്റ് ചെയ്യാനും ഹൈകോടതി ഉത്തരവിട്ടിരുന്നു. 2018 ജൂലൈ 30ന് വീണ്ടും ഉത്തരവിട്ടെങ്കിലും ഒരു വർഷമായിട്ടും ഇയാളെ തേടി പോകാനോ കൊണ്ടുവരാനോ സി.ബി.ഐ തയാറാകുന്നില്ലെന്ന് അനിതയുടെ മാതാപിതാക്കൾ പറഞ്ഞു. 76ഉം 72ഉം വയസ്സുള്ള ഇവർ മരിക്കുംമുമ്പ് മകൾക്ക് നീതി ലഭിക്കണമെന്ന പ്രാർഥനയിലാണ്. ഇവർക്ക് ഒരു മകൻ കൂടിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
