അനീഷ് രാജന്റെ കൊലയാളി രൂപേഷോ എം.എ. സിറാജുദ്ദീനോ? സി.പി.എമ്മിനെ വെട്ടിലാക്കി മുൻ ഓഫിസ് സെക്രട്ടറി
text_fieldsകൊല്ലപ്പെട്ട അനീഷ് രാജൻ
നെടുങ്കണ്ടം: എസ്.എഫ്.ഐ നേതാവായിരുന്ന അനീഷ് രാജൻ കൊല്ലപ്പെട്ട കേസിൽ സി.പി.എം മുൻ ഓഫിസ് സെക്രട്ടറിയുടെ ഫേസ്ബുക്ക് കുറിപ്പ് വിവാദത്തിൽ. സി.പി.എം നെടുങ്കണ്ടം ഏരിയ കമ്മിറ്റി ഓഫിസ് സെക്രട്ടറിയായിരുന്ന എം.എൻ. സാരഥിയാണ് പാർട്ടി നേതൃത്വത്തെ വെട്ടിലാക്കി പോസ്റ്റിട്ടത്.
എസ്.എഫ്.ഐ ജില്ല വൈസ് പ്രസിഡന്റായിരുന്ന അനീഷ് രാജന്റെ യഥാർഥ കൊലയാളി അറക്കപറമ്പിൽ രൂപേഷോ എം.എ. സിറാജുദ്ദീനോ എന്നാണ് പോസ്റ്റിലെ ചോദ്യം. അനീഷ് രാജന്റെ പേരിൽ ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി നെടുങ്കണ്ടത്ത് സ്ഥാപിച്ച ലൈബ്രറി ഇന്ന് നെടുങ്കണ്ടത്ത് ഉണ്ടോ എന്നും 13,000 പുസ്തകങ്ങൾ എവിടെയെന്നും സാരഥി ചോദിക്കുന്നു.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ നെടുങ്കണ്ടത്ത് എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പായിരുന്നു പോസ്റ്റ്. അനീഷ് രാജനൊപ്പം എസ്.എഫ്.ഐയിൽ പ്രവർത്തിച്ചിരുന്ന സിറാജുദ്ദീൻ ഇപ്പോൾ സി.പി.എം നെടുങ്കണ്ടം ഏരിയ കമ്മിറ്റി അംഗമാണ്. എന്നാൽ, സാരഥി നിലവിൽ പാർട്ടി അംഗം പോലുമല്ലെന്നാണ് നേതൃതം പറയുന്നത്.2012 മാർച്ച് 18നാണ് കല്ലാർ വള്ളാംതടത്തിൽ അനീഷ് രാജൻ (25) നെടുങ്കണ്ടത്തുനിന്ന് ആറ് കിലോമീറ്റർ അകലെ മഞ്ഞപ്പെട്ടിക്കടുത്തുള്ള കാമാക്ഷിവിലാസത്ത് കുത്തേറ്റ് മരിച്ചത്. എസ്റ്റേറ്റിൽ കോൺഗ്രസ്-സി.പി.എം പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു.
ഇവിടെയെത്തി അനീഷ് രാജൻ സംഘർഷത്തിനിടെ കൊല്ലപ്പെടുകയായിരുന്നു.സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് മാവടി എട്ടുമുക്ക് അറക്കപറമ്പിൽ അഭിലാഷിനെ അറസ്റ്റ് ചെയ്തിരുന്നു. അഭിലാഷിന്റെ സഹോദരൻ രൂപേഷിന് സംഘട്ടനത്തിൽ ഗുരുതരപരിക്കേറ്റു. ഇടതുതുടയിൽ കുത്തേറ്റ അനീഷിന് യഥാസമയം ചികിത്സ ലഭ്യമാക്കിയില്ലെന്നും ആരോപണം ഉയർന്നിരുന്നു. എസ്.എഫ്.ഐ നെടുങ്കണ്ടം ഏരിയ കമ്മിറ്റി സെക്രട്ടറികൂടിയായിരുന്ന അനീഷ്, നെടുങ്കണ്ടം സർവിസ് സഹകരണ ബാങ്കിലെ താൽക്കാലിക സെക്യൂരിറ്റി ജീവനക്കാരനായിരുന്നു.
കേസ് സി.ബി.ഐക്ക് വിടണം -കോൺഗ്രസ്
നെടുങ്കണ്ടം: എസ്.എഫ്.ഐ നേതാവ് അനീഷ് രാജന് കൊലക്കേസില്‍ യഥാർഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാൻ കേസ് സി.ബി.ഐക്ക് കൈമാറണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.പ്രതികളാക്കപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും അവരുടെ കുടുംബത്തെയും വകവരുത്താന്‍ വരെ സി.പി.എം ശ്രമിച്ചിരുന്നു എന്നും അവർ ആരോപിച്ചു.
അനീഷ് രാജന്റെ പേരില്‍ പിരിച്ചെടുത്ത പണത്തില്‍ എത്ര രൂപ കുടുംബത്തിന് കൈമാറിയെന്ന് പാര്‍ട്ടി വ്യക്തമാക്കണമെന്നും കെ.പി.സി.സി സെക്രട്ടറി അഡ്വ. എം.എന്‍. ഗോപി, ഡി.സി.സി സെക്രട്ടറി സേനാപതി വേണു, എം.എസ്. മഹേശ്വരന്, കെ.ആര്. രാമചന്ദ്രന്, കെ.എന്‍. തങ്കപ്പന്, റെജി ആശാരിരക്കണ്ടം, അനില്‍ കട്ടൂപ്പാറ, ജൂബി ആനക്കല്ല് എന്നിവര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

