കേരള നിയമസഭയിലും ഡൽഹിയിലും കേന്ദ്ര ബജറ്റിനെതിരെ രോഷം, ആഞ്ഞടിച്ച് ഭരണപക്ഷം; പ്ലക്കാർഡേന്തി യു.ഡി.എഫ് എം.പിമാർ
text_fieldsബജറ്റിൽ കേരളത്തോടുള്ള അവഗണനയിൽ പാർലമെന്റിന് പുറത്ത് പ്രതിഷേധിക്കുന്ന യു.ഡി.എഫ് എം.പിമാർ
ന്യൂഡൽഹി/തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തെ ‘ആമത്തോടി’ൽ ഒതുക്കിയ ബി.ജെ.പി സർക്കാറിനെതിരെ സംസ്ഥാനത്തെ ഭരണപ്രതിപക്ഷ പാർട്ടികളുടെ കടുത്ത പ്രതിഷേധവും വിമർശനവും. തിങ്കളാഴ്ച, സംസ്ഥാന ബജറ്റിന്റെ പൊതുചർച്ച ബഹിഷ്കരിച്ച് പ്രതിപക്ഷം പുറത്തിറങ്ങിയെങ്കിലും കുന്തമുന കേന്ദ്ര ബജറ്റിലെ കടുത്ത അവഗണനക്കു നേരെ തിരിച്ചുവെച്ചാണ് ഭരണപക്ഷം കളം പിടിച്ചത്.
അതേസമയം ഡൽഹിയിൽ, പാർലമെന്റ് സമ്മേളനത്തിന് മുമ്പായി പ്ലക്കാർഡുമേന്തി ഇറങ്ങിയ കേരള യു.ഡി.എഫ് എം.പിമാർ ബി.ജെ.പി സർക്കാറിന്റെ ‘കേരള വിരുദ്ധത’ക്കെതിരെ മുദ്രാവാക്യം വിളികളോടെ പ്രതിഷേധിച്ചു. സംസ്ഥാനത്തിന്റെ ഒരു ആവശ്യവും അംഗീകരിക്കാത്ത കേന്ദ്ര സർക്കാർ നിലപാട് കേരള വിരുദ്ധമാണെന്ന് എം.പിമാർ കുറ്റപ്പെടുത്തി.
സംസ്ഥാന ബജറ്റിന്റെ പൊതുചര്‍ച്ച പ്രതിപക്ഷം ചര്‍ച്ച ബഹിഷ്കരിച്ചതിനാല്‍ പ്രതിപക്ഷ വിമര്‍ശനം ഏകപക്ഷീയമായതിന്റെ ക്ഷീണം സർക്കാർ തീർത്തത്, കേന്ദ്ര ബജറ്റിനെതിരായ പ്രതിഷേധത്തിലൂടെയായിരുന്നു. ബജറ്റിൽ കേരളമില്ലെന്നും ആകെ കിട്ടിയത് ആമ മുട്ടയാണെന്നും പറഞ്ഞ് ചര്‍ച്ച തുടങ്ങിവെച്ച ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ആമത്തോടിലൊളിച്ചോ എന്നും ചോദിച്ചു.
എയിംസ്, അതിവേഗ റെയില്‍, ശബരി പാത, വയനാട് പുനരധിവാസം അടക്കമുള്ളവയൊന്നും കേരളത്തിന് അനുവദിച്ചില്ലെന്നും ചൂണ്ടിക്കാട്ടി. സംസ്ഥാന ബജറ്റിനെ അനുകൂലിച്ച അദ്ദേഹം കര്‍ഷക ക്ഷേമനിധി ബോര്‍ഡിന് തുക അനുവദിക്കണമെന്നും സാക്ഷരത പ്രേരക്മാരെ സ്ഥിരപ്പെടുത്തണമെന്നും ആശപ്രവര്‍ത്തകരെ സ്ഥിരപ്പെടുത്താനുള്ള ആവശ്യത്തിൽ സഭ പ്രമേയം പാസാക്കി കേന്ദ്രത്തിന് കൈമാറണമെന്നും ആവശ്യപ്പെട്ടു.
സംസ്ഥാനം ദീർഘകാലമായി ഉന്നയിക്കുന്ന എയിംസ്, അതിവേഗ റെയിൽപാത തുടങ്ങിയ നിർണായക പദ്ധതികളൊന്നും കേന്ദ്രം പരിഗണിച്ചില്ലെന്ന്, കേരള എം.പിമാർ ഡൽഹി പ്രതിഷേധത്തിൽ ചൂണ്ടിക്കാട്ടി. കൃത്യമായി നികുതിയടക്കുന്ന കേരള ജനതയെ കേന്ദ്രം പാടേ മറന്നിരിക്കുകയാണെന്നും ഈ സംസ്ഥാനം രാജ്യത്ത് നിലനിൽക്കുന്നുണ്ടെന്നുപോലും ഓർക്കാത്ത രീതിയിലാണ് ബജറ്റ് പ്രഖ്യാപനമെന്നും എം.പിമാർ പറഞ്ഞു.
വിവേചനത്തിനെതിരെ മൗനം പാലിക്കാനാവില്ലെന്നും വരും ദിവസങ്ങളിലും പ്രതിഷേധം തുടരുമെന്നും എം.പിമാർ അറിയിച്ചു. പ്ലക്കാർഡുകൾ ഏന്തിയും മുദ്രാവാക്യങ്ങൾ വിളിച്ചും നടന്ന പ്രതിഷേധത്തിന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നേതൃത്വം നൽകി. എം.പിമാരായ ഡീൻ കുര്യാക്കോസ്, വി.കെ. ശ്രീകണ്ഠൻ, എം.കെ. രാഘവൻ, അബ്ദുസമദ് സമദാനി, ആന്റോ ആന്റണി, ഹൈബി ഈഡൻ, എൻ.കെ. പ്രേമചന്ദ്രൻ, ഇ.ടി. മുഹമ്മദ് ബഷീർ, ബെന്നി ബഹനാൻ, കൊടിക്കുന്നിൽ സുരേഷ്, ജെബി മേത്തർ, ഹാരിസ് ബീരാൻ തുടങ്ങിയവർ പങ്കെടുത്തു.
അതേസമയം, പ്രതിഷേധം കടുത്തിട്ടും, എയിംസ് കേരളത്തിൽ വരുമെന്ന് നിരന്തരം പറയുന്ന കേന്ദ്രമന്ത്രി സുരേഷ്ഗോപി വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

