ഇടുക്കി ജില്ലയിലേക്കും റെയില്‍പാത; അങ്കമാലി - ശബരി പാതക്ക് അനുമതി, പ്രവൃത്തി ഉടന്‍ തുടങ്ങും
text_fieldsതിരുവനന്തപുരം: പതിറ്റാണ്ടുകളായി കേരളം കാത്തിരുന്ന അങ്കമാലി-ശബരി റെയില്‍പാതയുടെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനമായത്. സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു.
അടുത്ത ദിവസം തന്നെ കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ധ സംഘം കേരളത്തിലെത്തും. പാതക്കായി ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ ജൂലെയില്‍ ആരംഭിക്കാനാണ് ധാരണയായത്. കേരളത്തിന്റെ വടക്കു മുതല്‍ തെക്കുവരെ മൂന്നും നാലും പാതകള്‍ ഒരുക്കുന്നതും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഇക്കാര്യത്തിലും അനുകൂല പ്രതികരണമാണ് കേന്ദ്രമന്ത്രിയില്‍ നിന്നുണ്ടായത്.
ഇതോടെ റെയില്‍ കണക്റ്റിവിറ്റിയുടെയും വികസനത്തിന്റെയും പുതുലോകം കേരളത്തിനു മുന്നില്‍ തുറക്കുകയാണ്. ശബരിമല തീര്‍ഥാടകര്‍ക്ക് വലിയ സഹായമാകുന്നതാണ് പാത. എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ സാമ്പത്തിക വളര്‍ച്ചക്ക് ഉത്തേജനമാകുകയും ചെയ്യും. ഇടുക്കി ജില്ലയെ റെയില്‍വേയുമായി കണ്ണിചേര്‍ക്കുന്ന പ്രഥമ പാതയെന്ന പ്രത്യേകതയുമുണ്ട്.
അങ്കമാലി മുതല്‍ എരുമേലിവരെ 111.48 കിലോമീറ്റർ ദൈര്‍ഘ്യമുള്ളതാണ് 1997-98 റെയില്‍വേ ബജറ്റില്‍ നിര്‍ദ്ദേശിക്കപ്പെട്ട പാത. എട്ട് കിലോമീറ്റർ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായിരുന്നു. അങ്കമാലിക്കും കാലടിക്കും ഇടയില്‍ ഏഴ് കിലോമീറ്റർ നിര്‍മാണവും നടന്നതാണ്.
അങ്കമാലി- എരുമേലി പാത 111.48 കി.മീ
പാത അങ്കമാലി മുതല്‍ എരുമേലി വരെ. 111.48 കി.മീ ദൈര്‍ഘ്യം. പദ്ധതി നിർദേശിച്ചത് 1997-98 റെയില്‍വേ ബജറ്റില്‍
14 സ്റ്റേഷനുകൾ
ഇടുക്കി ജില്ലയിൽ രണ്ടും കോട്ടയം ജില്ലയിൽ അഞ്ചും സ്റ്റേഷനുകൾ ഉൾപ്പെടെ ആകെ 14 സ്റ്റേഷനുകൾ
ഏറ്റെടുത്ത ഭൂമി എട്ടു കി.മീ
എട്ടു കിലോമീറ്റർ പാതക്ക് ആവശ്യമായ ഭൂമി ഏറ്റെടുത്തു
പൂർത്തിയായത് ഏഴു കിലോമീറ്റർ
അങ്കമാലിക്കും കാലടിക്കും ഇടയില്‍ പെരിയാറിലെ പാലം ഉൾപ്പെടെ ഏഴു കിലോമീറ്റർ പാത നിര്‍മാണം പൂർത്തിയായി
പ്രാഥമിക സർവേ, കല്ലിടൽ നടത്തി
ഇടുക്കി, കോട്ടയം ജില്ലകളിൽ പ്രാഥമിക സർവേയുടെ ഭാഗമായി കല്ലിടൽ നടത്തിയിട്ടുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

