നെടുമ്പാശ്ശേരി അപകടം: പ്രതികൾ വീണ്ടും പൊലീസ് കസ്റ്റഡിയിൽ
text_fieldsഅത്താണി: നെടുമ്പാശ്ശേരി വി.ഐ.പി റോഡിൽ മൂന്നുപേർ മരിക്കാനിടയായ വാഹനാപക കേസിൽ സുഹൈൽ സജീവടക്കം നാല് പ്രതികളേയും അങ്കമാലി മജിസ്ട്രേറ്റ് കോടതി ശനിയാഴ്ച വൈകിട്ട് അഞ്ച് വരെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിട്ടു.
കൂടുതൽ ചോദ്യം ചെയ്യലിന് അന്വേഷണ സംഘം സമർപ്പിച്ച കസ്റ്റഡി അപേക്ഷയാണ് രണ്ടു ദിവസത്തേക്ക് കോടതി പരിഗണിച്ചത്. തൃക്കാക്കര ബോസ്റ്റൽ സ്കൂളിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ ഉച്ചയോടെ അങ്കമാലി കോടതിയിൽ ഹാജരാക്കി. തുടർന്നാണ് രണ്ടാംഘട്ടവും പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ഈ മാസം 11ന് പുലർച്ചെ 1.45നാണ് മിനി കൂപ്പർ ഇടിച്ച് മൂന്നുപേർ മരിച്ചത്.
കാറോടിച്ച ഒന്നാംപ്രതി ആലപ്പുഴ ആലിശ്ശേരി നൂഹ് മൻസിലിൽ സുഹൈൽ സജീവ് (19), ആലപ്പുഴ തുമ്പോളി സ്വദേശികളായ രണ്ടാംപ്രതി പാലപ്പറമ്പിൽ നിനവ് (19), മൂന്നാം പ്രതി ജോയൽ (19), നാലാം പ്രതി അമീൻ (19) എന്നിവരെയാണ് വെള്ളിയാഴ്ച കസ്റ്റഡിയിൽ വിട്ടത്.

