Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അങ്കമാലി അർബൻ സഹകരണ സംഘം തട്ടിപ്പ്; അഞ്ചിടങ്ങളിൽ ഇ.ഡി പരിശോധന

text_fields
bookmark_border
ബാങ്കിൽ 121 കോടിയുടെ വായ്പ തട്ടിപ്പ് സഹകരണ വകുപ്പ് ഓഡിറ്റിങ്ങിൽ കണ്ടെത്തിയിരുന്നു
അങ്കമാലി അർബൻ സഹകരണ സംഘം തട്ടിപ്പ്; അഞ്ചിടങ്ങളിൽ ഇ.ഡി പരിശോധന
cancel
camera_alt

1. അങ്കമാലി അർബൻ സഹകരണ സംഘം മുൻ പ്രസിഡൻറായിരുന്ന അന്തരിച്ച പി.ടി.പോളിന്റെ വീട്ടിൽ ഇ.ഡി പരിശോധനക്കെത്തിയപ്പോൾ. 2. കോടികളുടെ തട്ടിപ്പ് അരങ്ങേറിയ അങ്കമാലി അർബൻ സഹകരണ ഭവനിൽ ഇ.ഡി സംഘം ഷട്ടർ അടച്ചിട്ട് പരിശോധന നടത്തിയപ്പോൾ

അങ്കമാലി: അങ്കമാലി അർബൻ സഹകരണ സംഘത്തിൽ അരങ്ങേറിയ കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് അങ്കമാലി മേഖലയിൽ അഞ്ചിടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർ പരിശോധന നടത്തി. സഹകരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് തട്ടിപ്പ് അരങ്ങേറിയ സംസ്ഥാനത്തെ പ്രധാന സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടന്ന പരിശോധനകളുടെ ഭാഗമായാണ് മിന്നൽ പരിശോധന നടത്തിയത്. സംഘം മുൻ പ്രസിഡൻറ് അന്തരിച്ച പി.ടി. പോളിന്റെ അങ്കമാലി അങ്ങാടിക്കടവിലെ വീട്, സംഘം മുൻ അക്കൗണ്ടൻറ് ഷിജു കൂരൻ പുളിയപ്പിള്ളിയുടെ അങ്കമാലി പീച്ചാനിക്കാട്ടിലെ വീട്, പി.ടി.പോളിന്റെ ബിസിനസ് പങ്കാളികളായിരുന്ന മഞ്ഞപ്രയിലെ കുര്യൻ വടക്കുേഞ്ചരി, വ്യാജരേഖ ചമച്ച് 32 കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയ കോതമംഗലം സ്വദേശി റോയി കുര്യൻ എന്നിവരുടെ വീടുകളിലും അങ്കമാലി പഴയ മാർക്കറ്റ് റോഡിലെ അർബൻ സംഘത്തിന്റെ ആസ്ഥാന ഓഫിസിലുമായിരുന്നു പരിശോധന. പി.ടി പോളിന്റെ അടക്കം അഞ്ച് വീടുകളിലും ഏകദേശം ഒരേസമയമായിരുന്നു പരിശോധന.

ബുധനാഴ്ച പുലർച്ചെ 5.25ഓടെയാണ് ഇ.ഡി സംഘം പരിശോധന ആരംഭിച്ചത്. മൂന്ന് വീടുകളിലും കനത്ത സുരക്ഷയും ജാഗ്രതയും ഏർപ്പെടുത്തിയ ശേഷമായിരുന്നു പരിശോധന. ആറ് മണിക്കൂറോളം പരിശോധന നീണ്ടു. ഉച്ചക്കുശേഷമാണ് സംഘത്തിന്റെ അങ്കമാലി മാർക്കറ്റ് റോഡിലെ ആസ്ഥാന ഓഫിസിൽ പരിശോധന നടത്തിയത്. ഇതേതുടർന്ന് ബാങ്ക് ഇടപാടുകൾ തടസപ്പെട്ടു. നിലവിലെ ജീവനക്കാരേയും, അഡ്മിനിസ്ട്രേറ്റർ വിഭാഗത്തേയും വിശദമായി ചോദ്യം ചെയ്തു. പല വിലപ്പെട്ട രേഖകളും ഇ.ഡി കണ്ടെടുത്തിട്ടുണ്ടെന്നാണ് സൂചന.

സംഘത്തിൽ 10 ലക്ഷത്തിൽ കൂടുതൽ നിക്ഷേപം നടത്തിയ 300ഓളം പേരുടെ വിവരങ്ങൾ ഇ.ഡി ശേഖരിച്ചിട്ടുണ്ട്. ഇവരെല്ലാം ഇ.ഡിക്ക് കണക്ക് കൊടുക്കേണ്ടിവരും. ബാങ്കിൽ വ്യാജ രേഖകൾ ചമച്ചും ബിനാമി പേരുകളിലും 121 കോടിയിൽ അധികം രൂപയുടെ വായ്പ തട്ടിപ്പ് നടന്നതായി സഹകരണ വകുപ്പ് ഓഡിറ്റിങ്ങിൽ കണ്ടെത്തിയിരുന്നു. സാധാരണക്കാരായ നിക്ഷേപകരുടെ പണം ഇത്തരത്തിൽ വകമാറ്റിയതുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിനെക്കുറിച്ചാണ് പ്രധാനമായും ഇ.ഡി അന്വേഷിക്കുന്നത്.

പതിറ്റാണ്ടായി യു.ഡി.എഫിന്റെ ഭരണത്തിൻ കീഴിലുള്ള സംഘമാണിത്. തട്ടിപ്പിനിരയായ നിക്ഷേപകർ ചേർന്ന് കൂട്ടായ്മ രൂപവത്കരിച്ച് കുത്തിയിരിപ്പ് സമരം അടക്കമുള്ള പ്രതിഷേധം നടത്തി വരികയായിരുന്നു. അതിനിടെ സർക്കാർ ഇടപെട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. തട്ടിപ്പിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു. ഭരണ സമിതി അംഗങ്ങളെയും ജീവനക്കാരെയും അറസ്‌റ്റ് ചെയ്ത് ജയിലിലാക്കുകയും ചെയ്തു. പി.ടി.പോളിന്റെ ഭാര്യ എൽസി പോളിനെയും അറസ്റ്റ് ചെയ്തിരുന്നു. ആധാരത്തിന്റെ പകർപ്പ് മാത്രം ഉൾക്കൊള്ളിച്ചും, പ്രായപൂർത്തിയാകാത്ത വിദ്യാർഥികളുടെ പേരിലും ഒരേ വസ്തുവിലും, ഒരേ വീട്ടിൽ താമസിക്കുന്ന നാലു പേരുടെവരെ പേരിലും, മരണപ്പെട്ടവരുടെ പേരിലും വായ്പ നൽകിയതായി ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മാർച്ച് വരെ 120കോടിയുടെ വായ്പയിൽ ബാക്കി നിൽക്കുന്ന 96 കോടിയുടെ വ്യാജ വായ്പകളാണത്രെ. പരിശോധന പൂർത്തിയാക്കി വൈകിട്ട് അഞ്ചിന് ശേഷമാണ് ഇ.ഡി സംഘം മടങ്ങിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Angamaly Co-op Fraud: ED Raids Five Places
Next Story