അങ്ങാടികൾ പോയി; അങ്ങാടിക്കുരുവികളും
text_fieldsപയ്യന്നൂർ: നഗരങ്ങളുടെ ചലനാത്മകതയുടെയും ആരോഗ്യത്തിെൻറയും അടയാളമായിരുന്ന അങ്ങാടിക്കുരുവികൾ വംശനാശത്തിലേക്ക്. കേരളത്തിലെ നഗരങ്ങളിൽ സജീവത നിലനിർത്തിയ ഈ ചെറുപക്ഷികൾ ഇല്ലാതാവുന്നത് അതിവേഗമാണ്. നഗരം മാളുകളിലേക്കും കോൺക്രീറ്റ് കാടുകളിലേക്കും മാറിയതോടെയാണ് ഇവയുടെ നാശം അതിവേഗത്തിലായത്.
പലചരക്കു കടകളിലെ ധാന്യങ്ങളായിരുന്നു ഇവയുടെ പ്രധാന ആഹാരം. ചാക്കിൽ തുറന്നുവെച്ച ധാന്യങ്ങളിൽ കൂട്ടമായി വന്നിരുന്ന് വയർനിറച്ച് പറന്നകലുകയായിരുന്നു പതിവ്. കച്ചവടക്കാർ ഇവക്ക് കുടിക്കാൻ വെള്ളം നിറച്ചു വെക്കുകയും ചെയ്യുമായിരുന്നു. ഒാടുമേഞ്ഞ കടകളുടെ മൂലയോടുകളുടെ ഇടയിലോ കടക്ക് സമീപത്തെ കുറ്റിക്കാടുകളിലോ കൂടുകൂട്ടി പ്രജനനം നടത്തുകയാണ് പതിവ്. ഓടിനുപകരം കോൺക്രീറ്റും കുറ്റിക്കാടുകൾക്കു പകരം ടാർ റോഡുകളുമായതോടെ പ്രജനനകേന്ദ്രങ്ങൾ ഇല്ലാതായി. ധാന്യങ്ങളിലെ വിഷാംശവും ചെറുതുമ്പിപോലുള്ള ജീവികളുടെ അഭാവവും ഇവയുടെ നിലനിൽപിന് ദോഷകരമായി. ഇതിനുപുറമെ ധാന്യങ്ങൾ പോളിത്തീൻ കവറുകളിൽ കടകളിലെ ചില്ലലമാരയിലാവുകയുംചെയ്തു. ചാക്കിൽനിന്ന് മുറ്റത്ത് വീണ അരിമണികൾ സെക്കൻഡുകൾകൊണ്ട് പെറുക്കി വൃത്തിയാക്കുന്ന ശുചീകരണ തൊഴിലാളികൾ കൂടിയായിരുന്നു ഇവയെന്ന് പഴയകാല കച്ചവടക്കാർ പറയുന്നു.
മൊബൈൽ ടവറുകളിലെ റേഡിയേഷനും ഈ നഗരപറവകളുടെ അന്തകനായതായി പക്ഷിനിരീക്ഷകർ പറയുന്നു. റേഡിയേഷൻമൂലം മുട്ടകൾ വിരിയുന്നില്ല. കഴിഞ്ഞ 10 വർഷത്തിനിടയിൽ 90 ശതമാനത്തോളം പക്ഷികളും ഇല്ലാതായി. കൂട്ടമായി ഇവയെ ഇപ്പോൾ കാണാറില്ല. ഉള്ള സ്ഥലത്തുതന്നെ ഒന്നും രണ്ടും പക്ഷികൾ മാത്രമാണ് വരാറുള്ളത്. പാസർ ഡൊമസ്റ്റിക്കസ് എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഇവയെ എട്ടുവർഷം മുമ്പുതന്നെ അമേരിക്കയിലെ ദി റോയൽ സൊസൈറ്റി ഓഫ് പ്രൊട്ടക്ഷൻ ഓഫ് ബേർഡ് ചുവന്ന പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് മാർച്ച് 20 അന്താരാഷ്ട്ര അങ്ങാടിക്കുരുവി ദിനമായി ആചരിച്ചുവരുന്നത്.
മലയാളിയായ സൈനുദ്ദീൻ പട്ടാഴിയുടെ പഠനമായിരുന്നു ഇതിനു കാരണമായത്. സാധാരണ ഇവയുടെ മുട്ട വിരിയാൻ 14 ദിവസമാണ് വേണ്ടത്. എന്നാൽ, മൊബൈൽ ടവറുകളുടെ സമീപത്തെ കൂടുകളിലെ മുട്ടകൾ ഒരു മാസത്തിനുശേഷവും വിരിയാത്തതിനാൽ പക്ഷികൾ കൂട് ഉപേക്ഷിച്ചുപോകുന്നതായി പഠനം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
