കടലാടിപ്പാറയിൽ മഹാശിലാ കാലഘട്ടത്തിലെ സംസ്കാര ശിലാചിത്രങ്ങൾ കണ്ടെത്തി
text_fieldsകടലാടിപാറയിൽ മനുഷ്യരുടെ സംസ്കാര ശിലാചിത്രങ്ങൾ കണ്ടെത്തിയ സ്ഥലം പുരാവസ്തുഗവേഷകൻ സതീശൻ കാളിയാനം സന്ദർശിക്കുന്നു
നീലേശ്വരം: കിനാനൂർ കരിന്തളം പഞ്ചായത്തിലെ കടലാടിപ്പാറയിൽ രണ്ടായിരത്തിലധികം വർഷം മുമ്പ് അധിവസിച്ചിരുന്ന മനുഷ്യരുടെ സംസ്കാരത്തിന്റെ തെളിവുകളെന്ന് കരുതുന്ന ശിലാചിത്രങ്ങൾ കണ്ടെത്തി. ജില്ലയിൽ അറിയപ്പെടുന്ന പുരാവസ്തു ഗവേഷകനായ സതീശൻ കാളിയാനം നടത്തിയ നിരീക്ഷണത്തിലാണ് കരിമ്പാറയിൽ കൊത്തിയുണ്ടാക്കിയ ഇരുപതോളം ശിലാചിത്രങ്ങൾ കണ്ടെത്തിയത്. സ്ഥലം സന്ദർശിച്ച ചരിത്ര ഗവേഷകനും കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് ചരിത്രാധ്യാപകനുമായ ഡോ. നന്ദകുമാർ കോറോത്ത് കരിമ്പാറകളിൽ കാണപ്പെടുന്ന അടയാളങ്ങൾ മഹാശിലാ കാലഘട്ടത്തിലോ അതിനുമുമ്പോ ജീവിച്ചിരുന്ന മനുഷ്യരുടെ ചരിത്രശേഷിപ്പുകളാകാമെന്ന് അഭിപ്രായപ്പെട്ടു. മഹാരാഷ്ട്രയിലെ രത്നഗിരി മുതൽ വയനാട് വരെ പാറകളിൽ കാണപ്പെടുന്ന ശിലാചിത്രങ്ങളുമായി സാമ്യതയുള്ളതാണ് കടലാടിപ്പാറയിൽ കാണപ്പെടുന്ന കരിമ്പാറയിൽ കൊത്തിയെടുത്ത രൂപങ്ങളും.
കൽപാദങ്ങളുടെ വലിയ രണ്ട് രൂപങ്ങളും ചെറിയ നാല് രൂപങ്ങളും കൊത്തിയുണ്ടാക്കിയ പതിനാല് ചെറിയ കുഴികളുമാണ് കടലാടിപ്പാറയിൽ കണ്ടെത്തിയത്. പള്ളത്തിന്റെ കരയിലായാണ് ശിലാചിത്രങ്ങൾ കാണപ്പെടുന്നത്. നൂറുകണക്കിന് ഏക്കൽ വിസ്തൃതിയുള്ള വിനോദസഞ്ചാരസാധ്യത ഏറെയുള്ള കടലാടിപ്പാറയിൽ ഇനിയും ധാരാളം ശിലാചിത്രങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ജില്ലയിൽ ചീമേനി അരിയിട്ടപാറ, ബേഡഡുക്ക പഞ്ചായത്തിലെ അടുക്കത്ത് ഭഗവതി ക്ഷേത്രത്തിലെ ആമക്കുളം, ബങ്കളം, നീലേശ്വരം ആലിൻകീഴിൽ, മുളിയാർ, മടിക്കൈ ഉമിച്ചി, മടിക്കൈ വലിയ പാറ, ബാനം, കാഞ്ഞിരപ്പൊയിൽ എന്നിവിടങ്ങളിൽ നിന്ന് നിരവധി ശിലാചിത്രങ്ങൾ മുമ്പ് കണ്ടെത്തിയിട്ടുണ്ട്.

