പിണങ്ങിക്കഴിയുന്ന ഭാര്യക്ക് സ്വന്തം 'ചരമ നോട്ടീസ്' അയച്ചുകൊടുത്തയാൾ കാറപകടത്തിൽപെട്ട നിലയിൽ
text_fieldsഅഞ്ചൽ (കൊല്ലം): സ്വന്തം മരണവാർത്തയുണ്ടാക്കി പോസ്റ്റർ അച്ചടിച്ച് വിതരണം ചെയ്യുകയും പിണങ്ങിക്കഴിയുന്ന ഭാര്യക്ക് അയച്ചുകൊടുക്കുകയും ചെയ്തയാൾ കാറപകടത്തിൽ പരിക്കേറ്റ നിലയിൽ. പരുമല പ്രക്കാട്ടേത്ത് പി.എസ് സനു(34)വിനാണ് പരിക്കേറ്റത്. ഇടമുളയ്ക്കൽ ആനപ്പുഴയ്ക്കൽ സ്വദേശിനിയെയാണ് ഇയാൾ വിവാഹം ചെയ്തത്. കുടുംബകലഹത്തെത്തുടർന്ന് ഇരുവരും പിണങ്ങിക്കഴിയുകയാണ്.
കഴിഞ്ഞ ഒക്ടോബർ 18ന് ഇയാൾ താൻ 'മരിച്ചുവെന്ന്' കാണിക്കുന്ന ആദരാഞ്ജലി പോസ്റ്റർ പ്രിൻ്റ് ചെയ്ത് പ്രചരിപ്പിക്കുകയും ഭാര്യക്കും വീട്ടുകാർക്കും അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.
ഏതാനും ദിവസമായി, പിന്നിലെ ചില്ല് പൂർണമായും തകർന്ന നിലയിലുള്ള കാറിൽ ഇയാൾ പ്രദേശത്ത് വന്നുപോകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇന്നലെ പുലർച്ചെയാണ് ഈ കാർ ചെമ്പകരാമനല്ലൂർ എൽ.പി സ്കൂളിന് സമീപം മൺകയ്യാലയിൽ ഇടിച്ചു തകർന്ന നിലയിൽ കണ്ടത്. കാറിനുള്ളിൽ പൊട്ടിയ മദ്യക്കുപ്പികൾ, പ്ലാസ്റ്റിക് കയർ, ബ്ലേഡ്, കൊടി മുതലായവയും കാണപ്പെട്ടു.
സനു ഭാര്യയുടെ വീട്ടിൽ കയറുന്നത് കോടതി വിലക്കിയിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. അപകടത്തിൽ പരിക്കേറ്റ നിലയിൽ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ നേടിയ ശേഷം ഇയാൾ സ്വദേശത്തേക്ക് മടങ്ങിയെന്നാണ് വിവരം. അഞ്ചൽ പൊലീസ് മേൽനടപടിയെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

