ആനാവൂർ കത്തെഴുതിയത് സ്വന്തക്കാരെ നിയമിക്കാൻ
text_fieldsതിരുവനന്തപുരം: ജില്ല മർക്കന്റൈൽ സഹകരണ സംഘത്തിലെ നിയമനവുമായി ബന്ധപ്പെട്ട് സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ കത്തെഴുതിയത് പാർട്ടിയിലെ സ്വന്തക്കാരെ നിയമിക്കാൻ. കത്തിന്‍റെ അടിസ്ഥാനത്തിൽ ജോലി ലഭിച്ച ഒരാൾ സി.പി.എം മുൻ ഏരിയ സെക്രട്ടറിയുടെ മകനാണ്. മറ്റു രണ്ടു പേർക്കും പാർട്ടി ബന്ധമുണ്ടെന്നാണ് വിവരം.
ഉപദേശം ചോദിച്ചപ്പോൾ നിർദേശം നൽകിയെന്നും അതിലെന്താണ് തെറ്റെന്നുമാണ് ആനാവൂർ വാദിക്കുന്നത്. എന്നാൽ, ശിപാർശക്കത്തല്ല നിയമിക്കണമെന്ന നിർദേശമാണ് ജില്ല സെക്രട്ടറി കത്തിലൂടെ നൽകിയതെന്നാണ് വ്യക്തമാവുന്നത്.സഹകരണ സംഘത്തിലെ നിയമനത്തിന് മൂന്നു പേരുകൾ നിർദേശിച്ചുള്ള ആനാവൂർ നാഗപ്പന്‍റെ കത്ത് കഴിഞ്ഞദിവസമാണ് പുറത്തുവന്നത്.
2021 ജൂലൈ ആറിന് ജില്ല മർക്കന്റൈൽ സഹകരണ സംഘം ബോർഡ് അംഗവും സംഘത്തിലെ പാർട്ടികാര്യങ്ങൾ നടപ്പാക്കാൻ ചുമതലപ്പെട്ടയാളുമായ ബാബുജാന് ആനാവൂർ കത്ത് നൽകുകയായിരുന്നു. ജൂനിയർ ക്ലർക്കുമാരായി വി.എസ്. മഞ്ജു, ജെ.എസ്. കിരൺ എന്നിവരെയും ഡ്രൈവറായി ആർ.എസ്. ഷിബിൻ രാജിനെയും നിയമിക്കണമെന്നും അറ്റൻഡർ തസ്തികയിലേക്ക് തൽക്കാലം നിയമനം വേണ്ടെന്നുമായിരുന്നു കത്തിലെ നിർദേശം.
ഇതിന്‍റെ അടിസ്ഥാനത്തിൽ നിയമനങ്ങളും നടന്നു. കോർപറേഷനിലെ 295 താൽക്കാലിക നിയമനത്തിൽ പാർട്ടിക്കാരുടെ പട്ടിക ആവശ്യപ്പെട്ട് മേയർ ആര്യാ രാജേന്ദ്രൻ ആനാവൂരിന് കത്ത് നൽകിയെന്ന വിവാദവും അന്വേഷണവും തുടരുന്നതിനിടെയാണ് ഈ കത്ത് പുറത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

