കത്ത് വിവാദത്തിൽ നഗരസഭക്കു മുന്നിൽ നടക്കുന്ന സമരം തോന്ന്യാസമെന്ന് ആനാവൂർ നാഗപ്പൻ
text_fieldsതിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രന്റെ കത്ത് വിവാദത്തിൽ പ്രതിപക്ഷം നഗരസഭക്കു മുന്നിൽ നടത്തുന്ന പ്രതിഷേധത്തെ രൂക്ഷമായി വിമർശിച്ച് സി.പി.എം തിരുവനന്തപുരം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ. പ്രതിപക്ഷം നഗരസഭക്കു മുന്നിൽ നടത്തുന്നത് സമരമല്ലെന്നും തോന്ന്യാസമാണെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു.
പൊതുജനങ്ങൾക്ക് നഗരസഭയിൽ പ്രവേശിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേയറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ സമരം ശക്തിപ്പെട്ട സാഹചര്യത്തിലാണ് ആനാവൂരിന്റെ പ്രതികരണം.
ഹൈക്കോടതിയിൽ ഹരജി നൽകിയിട്ട് സമരം നടത്തുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ഹൈക്കോടതി തീരുമാനം എന്തായാലും നടപ്പാക്കുമല്ലോ. സമരം അവസാനിക്കണമെങ്കിൽ മാധ്യമങ്ങളുടെ നിലപാട് മാറണം. അതേസമയം കത്ത് വിവാദത്തിൽ ഫോണിലൂടെ മൊഴി നൽകിയെന്ന ആരോപണങ്ങളെ ജില്ല സെക്രട്ടറി തള്ളി. ക്രൈംബ്രാഞ്ചിനും വിജിലൻസിനും മൊഴി നേരിട്ടാണ് നൽകിയത്. മൊഴിപ്പകർപ്പിൽ ഒപ്പിട്ട് നൽകിയിട്ടുമുണ്ട്. ഫോണിലൂടെ ഒപ്പിട്ട് കൊടുക്കാനുള്ള മന്ത്രവാദം തനിക്കറിയില്ലെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

