കൗമാരം പിന്നിട്ടപ്പോൾതട്ടിപ്പ് തുടങ്ങി; പിന്നീടങ്ങോട്ട് ‘കയറ്റം’
text_fieldsതൊടുപുഴ: പകുതിവില തട്ടിപ്പുവീരൻ ഇടുക്കി കുടയത്തൂർ കൊളപ്ര സ്വദേശി അനന്തുകൃഷ്ണൻ വെട്ടിപ്പിന് തുടക്കമിട്ടത് കൗമാരം പിന്നിട്ടപ്പോൾ മുതൽ. ഡിഗ്രി പഠനം പൂർത്തിയാകാത്ത, 28കാരനായ അനന്തു വാക്സാമർഥ്യവും ഇംഗ്ലീഷ്, ഹിന്ദി അടക്കം ഭാഷാമികവും ഉപയോഗപ്പെടുത്തിയാണ് വൻ തട്ടിപ്പിന് കളമൊരുക്കിയത്. നിരവധി ഉന്നതരുടെ സഹായവും ലഭിച്ചിരുന്നു. കുടയത്തൂരിലെ കൊളപ്രയിൽ ഒന്നേമുക്കാൽ സെന്‍റ് ഭൂമിയിലാണ് വീട്. നേരത്തേ ഏതാനും കേസുകളിൽ പ്രതിയാകുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. തൊടുപുഴയിലെ അഭിഭാഷകന് അഞ്ചുലക്ഷം രൂപയുടെ വണ്ടിച്ചെക്ക് കൊടുത്ത കേസിൽ റിമാൻഡിലായെങ്കിലും പിന്നീട് ഒത്തുതീർപ്പിലെത്തി.
ബി.ജെ.പി സംസ്ഥാന സമിതി അംഗം ഗീതാകുമാരിയിൽ നിന്ന് 25 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ വർഷങ്ങളായി മുട്ടം കോടതിയിൽ കേസ് നടക്കുകയാണ്. 18 വയസ്സുള്ളപ്പോഴാണ് അനന്തുകൃഷ്ണൻ തന്നെ കബളിപ്പിച്ചതെന്ന് ഗീതാകുമാരി ‘മാധ്യമ’ത്തോട് പറഞ്ഞു. നിക്ഷേപത്തിന്‍റെ പേര് പറഞ്ഞായിരുന്നു തട്ടിപ്പ്. വനിത കമീഷൻ മുൻ അംഗവും നിലവിൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റുമായ ഡോ. ജെ. പ്രമീളാദേവിയാണ് അനന്തുകൃഷ്ണനെ പരിചയപ്പെടുത്തിത്തന്നത്. പ്രതിക്കായി കോടതിയിൽ ഹാജരായത് കോൺഗ്രസ് നേതാവ് അഡ്വ. ലാലി വിൻസെന്‍റാണ്. താൻ മകനെപ്പോലെ കാണുന്ന കുട്ടിയാണെന്ന് പറഞ്ഞായിരുന്നു പ്രമീളാദേവി പരിചയപ്പെടുത്തിയതെന്നും ഗീതാകുമാരി പറഞ്ഞു.
തനിക്ക് തരാനുള്ള 25 ലക്ഷം രൂപക്ക് അഞ്ച് പ്രാവശ്യമാണ് വണ്ടിച്ചെക്ക് തന്നത്. തുടർന്നാണ് മുട്ടം കോടതിയിൽ കേസ് കൊടുത്തത്. ബി.ജെ.പിയുടെ മുതിർന്ന നേതാക്കളോടെല്ലാം ഇക്കാര്യം പറഞ്ഞിരുന്നു. തന്‍റെ പരാതിയിൽ ശക്തമായ നടപടിയുണ്ടായിരുന്നുവെങ്കിൽ ആയിരക്കണക്കിന് സ്ത്രീകൾ തട്ടിപ്പിന് ഇരയാകില്ലായിരുന്നുവെന്നും ഗീതാകുമാരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

