കണ്ണ് നനയിപ്പിച്ച് അനന്തുവും സുജാതയും; ജീവന്റെ ബാക്കിയായ കൈകളിൽ തൊട്ട് അവർ വിതുമ്പി
text_fieldsകർണാടക സ്വദേശി അമരേഷിന് വെച്ചുപിടിപ്പിച്ച ഭർത്താവ് വിനോദിന്റെ കൈയിൽ ചുംബിച്ചു വിങ്ങിപ്പൊട്ടുന്ന ഭാര്യ സുജാത. സമീപം മകൾ നീതു
കൊച്ചി: അനന്തു ശിവപ്രസാദ് ആ കൈകളിൽ ഒരിക്കൽ കൂടി തൊട്ടു ചുംബിച്ചു. ആ കാഴ്ചയിൽ കണ്ണ് നനയാത്ത ആരുമുണ്ടായിരുന്നില്ല അവിടെ. തൊട്ടടുത്ത്, ഭർത്താവ് വിനോദിന്റെ കൈയിൽ ഭാര്യ സുജാത ചുംബിക്കുമ്പോൾ സങ്കടമടക്കാനാകാതെ അവരും വിങ്ങിപ്പൊട്ടി.
വാഹനാപകടത്തിൽ പരിക്കേറ്റ് മരിച്ച ആലപ്പുഴ സ്വദേശി അമ്പിളി (39), ബൈക്കപകടത്തിൽ മരിച്ച കൊല്ലം സ്വദേശി വിനോദ് എന്നിവരുടെ കൈകൾ മറ്റ് രണ്ടുപേരിൽ തുടിക്കുന്ന വികാര നിർഭര നിമിഷങ്ങൾക്ക് ഉറ്റവർ സാക്ഷ്യം വഹിക്കുകയായിരുന്നു കൊച്ചി അമൃത ആശുപത്രിയിൽ.
ഇറാഖി പൗരനായ യൂസിഫ് ഹസൻ സയീദ് അൽ സുവൈനിയിലാണ്(29)അമ്പിളിയുടെ കൈകൾ വെച്ചുപിടിപ്പിച്ചത്. കർണാടക സ്വദേശിയായ അമരേഷിനാണ്(25) വിനോദിന്റെ കൈകൾ പുതു ജീവനേകിയത്. യൂസിഫ് നീട്ടിയ കൈകളിൽ പിടിക്കുമ്പോൾ അനന്തു അമ്മയുടെ ഓർമയിൽ വിതുമ്പിക്കരഞ്ഞു. അമരേഷിന്റെ കൈയിൽ പിടിച്ച സുജാതക്കും ആ കൈകളിൽനിന്ന് ഏറെ നേരം കൈയെടുക്കാനായില്ല. കൂടെ നിന്നവരാണ് ഒരു വിധത്തിൽ അവരെ ആശ്വസിപ്പിച്ച് മാറ്റിയത്. കർണാടകയിൽ ഗുൽബർഗ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിയിൽ ജൂനിയർ പവർമാനായ അമരേഷിന് ഏതാനും വർഷം മുമ്പാണ് ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് ഇരുകൈകളും നഷ്ടമായത്.
തുടർന്ന് സംസ്ഥാന സർക്കാറിന്റെ അവയവമാറ്റ സംവിധാനം (കെ.എൻ.ഒ.എസ്) വഴി 2018 സെപ്റ്റംബറിൽ രജിസ്റ്റർ ചെയ്തു. 2022 ജനുവരി അഞ്ചിനാണ് ദാതാവിനെ ലഭിച്ചത്. തുടർന്നായിരുന്നു ശസ്ത്രക്രിയ. ബഗ്ദാദിൽ നിന്നുള്ള യൂസിഫ് ഹസൻ എന്ന നിർമാണ തൊഴിലാളിക്ക് ജോലിക്കിടെ ഡ്രില്ലർ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റാണ് ഇരുകൈകളും മുറിച്ചുമാറ്റേണ്ടി വന്നത്. അപകടം നടന്ന് ആറ് മാസങ്ങൾക്കുശേഷം കൊച്ചി അമൃത ആശുപത്രിയിൽ എത്തി. 2021 ജൂലൈയിൽ കെ.എൻ.ഒ.എസിൽ രജിസ്റ്റർ ചെയ്തു. 2022 ഫെബ്രുവരിയിലാണ് ശസ്ത്രക്രിയ നടന്നത്.അമൃത സെന്റർ ഫോർ പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്റ്റീവ് സർജറി വിഭാഗം മേധാവി ഡോ. സുബ്രഹ്മണ്യ അയ്യർ, ഡോ. മോഹിത് ശർമ എന്നിവരുടെ നേതൃത്വത്തിൽ 20 സർജൻമാരും 10 അനസ്തേഷ്യ വിദഗ്ധരും ഉൾപ്പെടുന്ന സംഘമാണ് മണിക്കൂറുകളെടുത്ത് ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

