അനന്തു അജിയുടെ ആത്മഹത്യ: അന്വേഷണം തൃപ്തികരമല്ല; പൊലീസ് മേധാവിക്ക് പരാതി നൽകി കെ.എസ്.യു
text_fieldsകൊച്ചി: ആർ.എസ്.എസ് നേതാക്കളുടെ ലൈംഗിക പീഡനം സഹിക്കവയ്യാതെ അനന്തു അജി ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി.
അടിയന്തര പ്രാധാന്യം അർഹിക്കുന്ന വിഷയമാണിതെന്നും,ആർ.എസ്.എസ് നേതാക്കളുടെ ലൈംഗിക പീഡനം സഹിക്കവയ്യാതെയാണ് ജീവനൊടുക്കുന്നതെന്ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട ശേഷം അനന്തു അജി എന്ന യുവാവ് ആത്മഹത്യ ചെയ്ത വിഷയത്തിൽ തുടർ നിയമനടപടികൾ സ്വീകരിക്കാത്തത് ആശങ്കാജനകമാണെന്നും പരാതിയിൽ പറയുന്നു.
പൊലീസ് കേസ് രജിസ്റ്റർ ചെയ്തതല്ലാതെ അന്വേഷണം എങ്ങുമെത്തിയിട്ടില്ല.ചൂഷണം ചെയ്ത ആളിന്‍റെ വ്യക്തമായ വിവരങ്ങൾ നല്‍കിയിട്ടും തുടർ നിയമ നടപടികൾ സ്വീകരിക്കാത്തത് അന്വേഷണത്തിൻ്റെ തന്നെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്. വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ കേസിൽ പ്രതി ചേർക്കണമെന്നും, അല്ലാത്തപക്ഷം ഉന്നത അന്വേഷണ ഏജൻസികൾക്ക് കേസ് കൈമാറാൻ ആവശ്യമായ തുടർ നടപടി സ്വീകരിക്കണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.
ആർ.എസ്.എസ്- സി.പി.എം. ഡീലിൻ്റെ ഭാഗമായാണ് കുറ്റക്കാർക്ക് ആഭ്യന്തര വകുപ്പ് നിയമവിരുദ്ധ സംരക്ഷണം ഒരുക്കുന്നത്.ആർ.എസ്.എസ് നേതാക്കളെ പ്രതിചേർത്ത് സുതാര്യമായ അന്വേഷണം അനിവാര്യമാണ്. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

