അനന്തു പങ്കുവെച്ചത് ആർ.എസ്.എസ് ശാഖയിൽ നേരിടേണ്ടി വന്ന ലൈംഗിക പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളെന്ന് ഡി.വൈ.എഫ്.ഐ; 17ന് ജാഗ്രതാ സദസ്സ്
text_fieldsതിരുവനന്തപുരം: ആർ.എസ്.എസ് ശാഖയിൽ വെച്ച് കുട്ടിക്കാലം മുതൽ നേരിടേണ്ടി വന്ന ലൈംഗിക പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് കോട്ടയം കാഞ്ഞിരപ്പള്ളിയിലെ അനന്തു അജി മരണത്തിന് മുൻപ് ഇൻസ്റ്റഗ്രാം വഴി പങ്ക് വെച്ചതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. അനന്തുവിന്റെ മരണത്തിൽ അന്വേഷണം നടത്തി ഘാതകരായ ആർ.എസ്.എസ് ക്രിമിനലുകളെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നാവശ്യപ്പെട്ട് ഒക്ടോബർ 17 ന് ബ്ലോക്ക് കേന്ദ്രങ്ങളിൽ ജാഗ്രതാ സദസ്സ് സംഘടിപ്പിക്കുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.
‘ആർ.എസ്.എസ് ശാഖയിൽ വച്ച് കുട്ടിക്കാലം മുതലേ നേരിടേണ്ടി വന്ന ലൈംഗിക പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് മരണത്തിന് മുൻപ് അനന്തു ഇൻസ്റ്റഗ്രാം വഴി പങ്കുവെച്ചിരുന്നു. ആർ.എസ്.എസിന്റെ മനുഷ്യവിരുദ്ധ മുഖമാണ് ഇതിൽ കൂടി അനാവരണം ചെയ്യപ്പെട്ടത്. എത്രമാത്രം അകറ്റി നിർത്തേണ്ട ആശയവും പ്രവർത്തിയുമാണ് ആർ.എസ്.എസ് മുന്നോട്ടു വെക്കുന്നത് എന്ന് അനന്തു ജീവിതം അവസാനിപ്പിക്കും മുമ്പ് കുറിച്ചിരിക്കുന്നു.
സഹജീവി സ്നേഹം പഠിക്കേണ്ട ബാല്യങ്ങളെ അപരവിദ്വേഷം പഠിപ്പിക്കുന്ന ഇടമാക്കി, മനുഷത്വം ഇല്ലാത്തവരാക്കി മാറ്റുന്ന ഇത്തരം ശാഖകളിലേക്ക് നമ്മുടെ കുഞ്ഞുങ്ങൾ എത്താതിരിക്കാൻ കൂടുതൽ ജാഗ്രത ഉണ്ടാവണം. അടുത്ത ബന്ധുക്കൾ ആണെങ്കിൽ പോലും ആർ.എസ്.എസ് ആണെങ്കിൽ ആ ബന്ധം ഉപേക്ഷിക്കണം എന്ന് പറയണമെങ്കിൽ അനന്തു എത്ര മാത്രം പീഡിപ്പിക്കപ്പെട്ടു എന്നതിന് വേറെ തെളിവുകൾ ആവശ്യമില്ല’ -പ്രസ്താവനയിൽ പറഞ്ഞു.
അതിനിടെ, കേസ് അന്വേഷിക്കുന്ന തമ്പാനൂർ പൊലീസ്, ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കുന്ന ആർ.എസ്.എസ് ബന്ധമുള്ള ‘എൻ.എം’ എന്നയാളെ പ്രതി ചേർക്കും. മരിച്ചയാളുടെ വീട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി തമ്പാനൂർ പൊലീസ് രേഖപ്പെടുത്തി.
ആർ.എസ്.എസ് ശാഖയിൽ നിരന്തരം ലൈംഗിക പീഡനത്തിനിരയായതായി സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട ശേഷമാണ് കോട്ടയം കാഞ്ഞിരപ്പള്ളി എലിക്കുളം സ്വദേശിയായ 24കാരൻ തിരുവനന്തപുരത്തെ ലോഡ്ജിൽ വ്യാഴാഴ്ച വൈകീട്ട് തൂങ്ങിമരിച്ചത്. ഐ.ടി പ്രഫഷനലാണ് മരിച്ച യുവാവ്. ഇയാളുടെ ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് ആർ.എസ്.എസിനും ചില നേതാക്കൾക്കുമെതിരെ ഗുരുതര ആരോപണമുള്ളത്.
ഇത് തന്‍റെ മരണ മൊഴിയാണ് എന്ന് സൂചിപ്പിക്കുന്ന കുറിപ്പിൽ നാല് വയസ്സുള്ളപ്പോൾ ശാഖയിൽവെച്ച് ആർ.എസ്.എസ് പ്രവർത്തകൻ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ആർ.എസ്.എസിലെ പലരിൽനിന്നും ലൈംഗിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഇത് തന്നെ വിഷാദരോഗത്തിന് അടിമായാക്കിയെന്നും യുവാവ് പറയുന്നു. ലൈംഗിക പീഡനം മാത്രമല്ല, ക്രൂരമായ ആക്രമണത്തിനും ഇരയായി. അവരുടെ ദണ്ഡ് ഉപയോഗിച്ച് തന്നെ തല്ലിയിട്ടുണ്ട്. ഇതിൽ നിന്ന് പുറത്തുവന്നത് കൊണ്ടാണ് തനിക്കിത് പറയാൻ പറ്റിയത്. ഇത്രയും വെറുപ്പുള്ള ഒരു സംഘടനയില്ലെന്നും കുറിപ്പിലുണ്ട്. പീഡനം നടത്തിയ ആളെക്കുറിച്ച് ‘എൻ.എം’ എന്ന ചുരുക്കപ്പേരാണ് പോസ്റ്റിലുള്ളത്. ഇയാൾ ആരാണെന്നത് സംബന്ധിച്ച സൂചന കുടുംബത്തിന്‍റെ മൊഴികളിൽനിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ, വീട്ടുകാര്‍ പരാതി നല്‍കിയിട്ടില്ല. അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും ഡി.വൈ.എഫ്.ഐയും കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

