‘സുരേഷ് ഗോപി പരസ്യമായി പരിഹസിച്ചത് സങ്കടമുണ്ടാക്കി; നല്ല വാക്കാണ് പ്രതീക്ഷിച്ചത്, കരുവന്നൂരിലെ പണം വാങ്ങി തരാമെന്ന് ഉറപ്പ് നൽകിയിരുന്നു’; നിറകണ്ണുകളോടെ ആനന്ദവല്ലി
text_fieldsആനന്ദവല്ലി, സുരേഷ് ഗോപി
ഇരിങ്ങാലക്കുട: കലുങ്ക് സംവാദ സദസ്സിൽവച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയിൽ നിന്ന് പരിഹാസവും അവഹേളനവും നേരിട്ട സംഭവത്തിൽ പ്രതികരണവുമായി പരാതിക്കാരിയായ വയോധിക രംഗത്ത്. സുരേഷ് ഗോപി പരസ്യമായി പരിഹസിച്ചത് സങ്കടമുണ്ടാക്കിയെന്നും എം.പിയിൽ നിന്ന് നല്ല വാക്കാണ് പ്രതീക്ഷിച്ചതെന്നും ആനന്ദവല്ലി നിറകണ്ണുകളോടെ പ്രതികരിച്ചു.
സുരോഷ് ഗോപി പറഞ്ഞതനുസരിച്ച് മുഖ്യമന്ത്രിയെ കാണാൻ പോകാൻ സ്ഥലമറിയില്ല. കരുവന്നൂർ ബാങ്കിലെ പണം നിക്ഷേപിച്ചത് തിരികെ ലഭിച്ചുമെന്ന് കരുതിയാണ്. വോട്ട് ചോദിച്ച് വന്നപ്പോൾ, തെരഞ്ഞെടുപ്പിൽ ജയിച്ചാൽ കരുവന്നൂർ ബാങ്കിലെ പണം വാങ്ങിക്കാമെന്ന് സുരോഷ് ഗോപി ഉറപ്പു നൽകിയിരുന്നു. എല്ലാവർക്കും പണം കിട്ടുമെന്നും പറഞ്ഞു. ബാങ്കിലെ പണം കിട്ടുമെന്ന് സുരേഷ് ഗോപി പറഞ്ഞാൽ മതിയായിരുന്നു. ആ നല്ല വാക്ക് മന്ത്രിയിൽ നിന്ന് കിട്ടിയില്ല.
1.45 ലക്ഷം രൂപയാണ് കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചത്. തലയിലെ ഞരമ്പിന്‍റെ തകരാറിന് മരുന്നു വാങ്ങിക്കാൻ മാസം 2000 രൂപ വേണം. ബാങ്കുകാരോട് ചോദിക്കുമ്പോൾ പണം നൽകില്ല. വാക്ക് നൽകിയത് പ്രകാരമാണ് കേന്ദ്രമന്ത്രിയോട് ചോദിക്കാൻ പോയത്. ആളുകൾ പണം കട്ടെടുത്തതിന് എന്ത് പറായാനാണ്. കട്ടയാളെ കണ്ടിരുന്നെങ്കിൽ എന്‍റെ കാശ് നൽകാൻ പറയാമായിരുന്നു.
വീടുകളിൽ പോയി പണിയെടുത്താണ് ജീവിക്കുന്നത്. ബാങ്കുകാർ പണം നൽകിയിരുന്നെങ്കിൽ മാധ്യമങ്ങൾക്ക് മുമ്പിൽ സാഹചര്യം വരില്ലായിരുന്നു. തന്‍റെ ചെറുപ്പം മുതൽ സുരേഷ് ഗോപി സിനിമയിൽ അഭിനയിച്ച് നടക്കുന്നത് കണ്ടിട്ടുണ്ടെന്നും സഹായം ചോദിച്ചാൽ ചെയ്യുമെന്നാണ് കരുതിയതെന്നും ആനന്ദവല്ലി പറഞ്ഞു.
ഇരിങ്ങാലക്കുടയിൽ ബുധനാഴ്ച നടന്ന കലുങ്ക് സംവാദ സദസ്സിലാണ് കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച പണം ലഭിക്കാൻ നടപടി ആവശ്യപ്പെട്ട വയോധികയായ ആനന്ദവല്ലി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയിൽ നിന്ന് അവഹേളനം നേരിട്ടത്. ‘കരുവന്നൂര്‍ കോഓപറേറ്റിവ് ബാങ്കില്‍ നിക്ഷേപിച്ച പണം സാറ് ജയിച്ചാല്‍ ഞങ്ങള്‍ക്ക് തരാമെന്ന് പറഞ്ഞിരുന്നുവല്ലോ, അത് കിട്ടുമോ’ എന്ന് സുരേഷ് ഗോപിയോട് ചോദിച്ച പൊറത്തിശ്ശേരി നാല് സെന്റ് കോളനിയില്‍ താമസിക്കുന്ന ആനന്ദവല്ലിയോടാണ് ‘മുഖ്യമന്ത്രിയോട് പോയി ചോദിക്കൂ’ എന്ന് സുരേഷ് ഗോപി മറുപടി പറഞ്ഞത്.
ഞാന്‍ ഒരു പാവപ്പെട്ട വീട്ടിലേതാണ്. എനിക്ക് മുഖ്യമന്ത്രിയെ തേടി പോകുവാന്‍ പറ്റുമോ എന്ന് ചോദിച്ച ആനന്ദവല്ലിയോട് എന്നാല്‍ ‘എന്‍റെ നെഞ്ചത്തോട്ട് കയറിക്കോ. നിങ്ങളുടെ മന്ത്രി ഇവിടെയല്ലേ താമസിക്കുന്നത്’ എന്ന് സുരേഷ് ഗോപി പരിഹസിക്കുകയായിരുന്നു. ഇതോടെ ചുറ്റും കൂടിനിന്നവർ പൊട്ടിച്ചിരിക്കുകയും ചെയ്തു. ‘ഞങ്ങളുടെ മന്ത്രിയല്ലേ സർ നിങ്ങൾ’ എന്ന് വയോധിക മറുപടി നൽകിയതോടെ അല്ലെന്നും രാജ്യത്തിന്‍റെ മന്ത്രിയാണെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
‘‘ഇ.ഡി പിടിച്ചെടുത്ത കാശ് സ്വീകരിക്കാന്‍ നിങ്ങളുടെ മുഖ്യമന്ത്രിയോട് പറയുക. ചേച്ചി അധികം വര്‍ത്തമാനം പറയണ്ട. ഇ.ഡി പിടിച്ചെടുത്ത പണം ബാങ്കില്‍ സ്വീകരിക്കുവാന്‍ പറയൂ ആദ്യം. എനിക്ക് മുഖ്യമന്ത്രിയുടെ അടുത്തേക്ക് പോകുവാന്‍ വഴി അറിയില്ല എന്നതിന് പകരം നിങ്ങളുടെ എം.എല്‍.എയോടും മന്ത്രിയോടും പറയൂ’’ എന്നും സുരേഷ് ഗോപി മറുപടി പറഞ്ഞതോടെ ഏറെ പ്രയാസത്തോടെയാണ് ആനന്ദവല്ലി വീട്ടിലേക്ക് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

