ആനന്ദനും രാധാമണിയമ്മയും അതിദാരിദ്ര്യത്തിലാണ് സാർ...
text_fieldsആനന്ദനും ഭാര്യ രാധാമണിയമ്മയും
പന്തളം: സംസ്ഥാനത്ത് അതിദരിദ്രരില്ലെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടും നിത്യജീവിതത്തിന് വഴിയില്ലാതെ വയോധികരായ ദമ്പതികൾ വാടകവീട്ടിൽ. പന്തളം പൂഴിക്കാട് സുനിത ഭവനത്തിൽ ആനന്ദൻ (70), ഭാര്യ രാധാമണിയമ്മ (68) എന്നിവരാണ് ദുരിതജീവിതത്തിൽ. രണ്ടു പെൺമക്കളുടെ വിവാഹത്തിനായി സ്വന്തമായുണ്ടായിരുന്ന സ്ഥലവും വീടും വിൽക്കേണ്ടിവന്നു. കിടപ്പാടം നഷ്ടപ്പെട്ടതോടെ ഇരുവരും വാടകവീട്ടിൽ താമസമാക്കി . ഇപ്പോൾ വാർധക്യവും രോഗവും ഇരുവരെയും പിടികൂടിയതോടെ ജീവിതവും വഴിമുട്ടി.
2002ൽ മൂത്ത മകളുടെ വിവാഹത്തിന് വേണ്ടിയാണ് സ്ഥലവും വീടും വിറ്റത്. പിന്നീട് വർഷങ്ങളായി പന്തളത്തിന്റെ വിവിധ പ്രദേശങ്ങളിൽ വാടകക്ക് താമസിച്ചുവരുകയായിരുന്നു. ഉപജീവനത്തിനായി പശുവിനെ വളർത്തിയിരുന്നു. പാൽ വിറ്റ് ജീവിതം മുന്നോട്ടുപോകുന്നതിനിടെ ആനന്ദൻ തീരെ അവശതയിലായി. ഇതോടെ ഉത്തരവാദിത്തം ഭാര്യ രാധാമണിയുടെ ചുമലിലായി. അയൽവാസിയായ ഒരാൾ സൗജന്യമായി വാങ്ങി നൽകിയ പശുവിന്‍റെ ചെറിയ വരുമാനംകൊണ്ടാണ് ഇപ്പോൾ ജീവിക്കുന്നത്.
സർക്കാർ പദ്ധതിയിൽ വീട് ലഭിക്കുമെന്നുള്ള പ്രതീക്ഷയിൽ മുട്ടാത്ത വാതിലുകളുമില്ല. പന്തളം വില്ലേജ് ഓഫിസിന്റെ പരിധിയിൽവരുന്ന ഇവർക്ക് 2002 മുതൽ മുഖ്യമന്ത്രി, മാറിമാറി വന്ന കലക്ടർ, റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർക്ക് നിരവധി അപേക്ഷകൾ നൽകി. എന്നാൽ, നടപടിയുണ്ടായില്ല. പന്തളം വില്ലേജ് ഓഫിസിലെ ജീവനക്കാരും നാട്ടുകാരും നൽകുന്ന സഹായംകൊണ്ടാണ് ഈ വൃദ്ധദമ്പതികൾ ഇപ്പോൾ ജീവിക്കുന്നത്. ഇവർക്ക് വീട് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നതായി പന്തളം വില്ലേജ് ഓഫിസ് അധികൃതർ അറിയിച്ചു. വീടിന് അർഹതയുണ്ട്. എന്നാൽ, പല സ്ഥലങ്ങളിലും മാറിമാറി താമസിക്കുന്നതാകും വൈകാൻ കാരണമെന്നും ഇവർ വിശദീകരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

