ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത; ആദ്യ ബ്ലാസ്റ്റിങ് നാളെ മുഖ്യമന്ത്രി സ്വിച്ച്ഓണ്‍ ചെയ്യും
text_fieldsകോഴിക്കോട്: കേരളത്തിന്റെ സ്വപ്ന പദ്ധതികളിലൊന്നായ ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ ഫസ്റ്റ് ബ്ലാസ്റ്റിന്റെ സ്വിച്ച് ഓണ്‍ വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. രാവിലെ 11ന് മറിപ്പുഴ പദ്ധതി പ്രദേശത്താണ് ചടങ്ങ്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പ്രവേശനം പാസ് മുഖേന നിയന്ത്രിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്കായി മുത്തപ്പന്‍പുഴ എല്‍.പി സ്കൂളില്‍ തത്സമയ സംപ്രേഷണം ഉണ്ടാകും.
ബ്ലാസ്റ്റിനോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി. പരിപാടിയില്‍ പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, കെ. രാജന്, എ.കെ. ശശീന്ദ്രന്, ഒ.ആര്. കേളു, പ്രിയങ്ക ഗാന്ധി എം.പി, എം.എല്‍.എമാരായ ലിന്റോ ജോസഫ്, ടി. സിദ്ദീഖ്, കിഫ്ബി സി.ഇ.ഒ ഡോ. കെ.എം. അബ്രഹാം, പൊതുമരാമത്ത് സെക്രട്ടറി കെ. ബിജു തുടങ്ങിയവര്‍ പങ്കെടുക്കും.
തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം 2025 ആഗസ്റ്റ് 31നാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. അനുബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങളായ താല്‍ക്കാലിക പാലം, ക്രഷര്‍ യൂനിറ്റ്, ഫ്യൂവല്‍ ടാങ്ക്, തൊഴിലാളികള്‍ക്ക് താമസിക്കാനുള്ള ക്യാമ്പ് ഷെഡ് എന്നിവയെല്ലാം പൂര്‍ത്തിയാക്കിയാണ് പദ്ധതിയുടെ പ്രധാന ഘട്ടങ്ങളിലൊന്നായ ബ്ലാസ്റ്റിങ് ആരംഭിക്കുന്നത്.
വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന 8.73 കി.മീ. തുരങ്കപാത കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ ഒന്നാണ്. കേരള പൊതുമരാമത്ത് വകുപ്പിനാണ് പദ്ധതിയുടെ മേല്‍നോട്ട ചുമതല.
കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡില്‍നിന്ന് ലഭ്യമാക്കുന്ന ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണം. പദ്ധതിയുടെ നടത്തിപ്പിനും നിര്‍വഹണത്തിനുമുള്ള സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്.പി.വി) കൊങ്കണ്‍ റെയില്‍വേ കോര്പ്പറേഷന് ലിമിറ്റഡാണ്.
നാല് വര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും. ഭോപാല്‍ ആസ്ഥാനമായ ദിലീപ് ബില്‍ഡ്കോണ്‍, കൊല്‍ക്കത്ത ആസ്ഥാനമായ റോയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ സ്ഥാപനങ്ങളാണ് കരാര്‍ ഏറ്റെടുത്തത്. 2134.5 കോടി രൂപയാണ് പദ്ധതി ചെലവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

