ആനക്കാംപൊയിൽ-മേപ്പാടി തുരങ്ക പാത: കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉടക്കുമോ?
text_fieldsതിരുവമ്പാടി (കോഴിക്കോട്): സംസ്ഥാന സർക്കാറിന്റെ സ്വപ്നപദ്ധതിയായ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്ക പാതക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അന്തിമാനുമതി നിഷേധിക്കുമോയെന്ന ചോദ്യമുയരുന്നു. ഏപ്രിൽ നാലിന് ചേർന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ വിദഗ്ധ സമിതി പദ്ധതിയുടെ വിശദാംശം സംസ്ഥാന സർക്കാറിനോട് തേടിയിരിക്കുകയാണ്. ഭൗമ ഘടന, മണ്ണിടിച്ചിൽ, ജലപ്രവാഹം എന്നിവയെ കുറിച്ച പഠനങ്ങളുടെ വിശദാംശമാണ് ആവശ്യപ്പെട്ടത്. നിർമാണത്തിനിടെ ഉണ്ടാകുന്ന മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള അപകടസാധ്യത സംബന്ധിച്ചും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
അതേസമയം, തുരങ്കപാതക്ക് അന്തിമാനുമതി നൽകാമെന്ന് സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റിക്ക് വിദഗ്ധ സമിതി ശിപാർശ ചെയ്തിരുന്നു. മാർച്ച് ഒന്നിന് ചേർന്ന യോഗത്തിലാണ് കൃത്യമായ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ നിർമാണം ആരംഭിക്കാമെന്ന് സംസ്ഥാന വിദഗ്ധ സമിതി ശിപാർശ നൽകിയത്. ഇതോടെ, തുരങ്കപാത നിർമാണത്തിനുള്ള അവസാന കടമ്പയും കടന്നിരിക്കുകയാണെന്ന് സംസ്ഥാന സർക്കാർ വൃത്തങ്ങൾ പറഞ്ഞിരുന്നു.
സംസ്ഥാന വിദഗ്ധ സമിതിയുടെ ഉപാധികൾ:
സംസ്ഥാന വിദഗ്ധ സമിതി തുരങ്ക നിർമാണത്തിന് 25 ഉപാധികൾ വെച്ചിരുന്നു. തുരങ്കപാത നിർമാണം പരിസ്ഥിതിലോല പ്രദേശത്തായതിനാൽ ഉചിതമായ സുരക്ഷ മുൻകരുതലുകൾ സ്വീകരിച്ച് നിർമാണം നടത്തുക, മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ സൂക്ഷ്മ സ്കെയിൽ മാപ്പിങ് തുടർച്ചയായി നടത്തുകയും നിരീക്ഷിക്കുകയും ചെയ്യുക, തുരങ്ക റോഡിന്റെ ഇരുഭാഗത്തും അതിതീവ്ര മഴ മുന്നറിയിപ്പ് നൽകുന്നതിന് കാലാവസ്ഥ സ്റ്റേഷനുകൾ സ്ഥാപിക്കുക, ഭൂമിയുടെ ഘടന അനുസരിച്ച് ടണലിങ് രീതികൾ തിരഞ്ഞെടുക്കുക, ജില്ല കലക്ടർ ശിപാർശ ചെയ്യുന്ന നാലുപേർ അടങ്ങുന്ന വിദഗ്ധ സമിതി രൂപവത്കരിക്കുക, അപ്പൻകാപ്പ് ആനത്താര സംരക്ഷിക്കുന്നതിന് 3.0579 ഹെക്ടർ വനഭൂമി ഏറ്റെടുക്കുക, വംശനാശ ഭീഷണി നേരിടുന്ന ‘ബാണാസുര ചിലപ്പൻ’ പക്ഷിയുടെ സംരക്ഷണത്തിന് നിരീക്ഷണം നടത്തുക, നിർമാണത്തിൽ ഏർപ്പെടുന്നവർക്ക് മതിയായ സുരക്ഷ ഒരുക്കുക, ഇരുവഴിഞ്ഞി പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയാത്ത രീതിയിൽ നിർമാണം നടത്തുക, തുരങ്കത്തിന്റെ ഉള്ളിലെ വായുവിന്റെ ഗുണനിലവാരം തുടർച്ചയായി നിരീക്ഷിക്കുക തുടങ്ങിയ നിബന്ധനകളാണ് സംസ്ഥാന വിദഗ്ധ സമിതി മുന്നോട്ടുവെച്ചത്.
പരിസ്ഥിതി വ്യവസ്ഥകൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന് ഓരോ ആറ് മാസവും യോഗം ചേരുകയും റിപ്പോർട്ട് സമർപ്പിക്കുകയും വേണം. ഇതെല്ലാം പാലിക്കുമെന്ന് കരാർ കമ്പനികൾ ഉറപ്പ് നൽകിയിരുന്നു. പരിസ്ഥിതി അതോറിറ്റിയുടെ രേഖാമൂലമുള്ള അനുമതി ലഭിക്കുന്നതോടെ തുരങ്കപാത നിർമാണം ആരംഭിക്കാനായിരുന്നു ലക്ഷ്യമിട്ടത്. 2134 കോടി രൂപയാണ് പദ്ധതി ചെലവ്.
പരിസ്ഥിതി ആശങ്കകൾ:
മാധവ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിൽ സോൺ ഒന്നിലും കസ്തൂരിരംഗൻ റിപ്പോർട്ടിൽ നാച്വറൽ ലാൻഡ് സ്കേപ്പിലും ഉൾപ്പെട്ട പ്രദേശമാണ് തുരങ്കപാത കടന്നുപോകുന്ന വെള്ളരിമലയും ചെമ്പ്രമലയും. മല തുരക്കുന്നത് പരിസ്ഥിതി പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ആശങ്ക. നിർദിഷ്ട തുരങ്ക പാതയുടെ സമീപ മേഖലയാണ് ഉരുൾപൊട്ടൽ വൻ നാശം വിതച്ച മുണ്ടക്കൈ-ചൂരൽമല പ്രദേശങ്ങൾ.
അനുമതി നിഷേധിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതം -എം.എൽ.എ
ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാതക്ക് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ലിന്റോ ജോസഫ് എം.എൽ.എ. ഏപ്രിൽ നാലിന് ചേർന്ന കേന്ദ്ര പരിസ്ഥിതി കമ്മിറ്റിയുടെ മിനിറ്റ്സ് പ്രകാരമാണ് അനുമതി നിഷേധിച്ചുവെന്ന് പറയുന്നത്.
മിനിറ്റ്സ് പ്രകാരം, കൂടുതൽ വിവരശേഖരണത്തിന് മാറ്റിവെക്കുകയാണ് ഉണ്ടായിട്ടുള്ളത്. ഇത് സ്വാഭാവിക നടപടിക്രമമാണ്. പരിസ്ഥിതി കമ്മിറ്റിയും നേരത്തേ ഇത്തരം നടപടികൾക്ക് ശേഷമാണ് അന്തിമാനുമതി നൽകിയത്. അധിക വിവരങ്ങൾ ലഭ്യമാവുന്ന മുറക്ക് കേന്ദ്ര പരിസ്ഥിതി കമ്മിറ്റിയുടെയും അനുമതി ലഭ്യമാവുമെന്നും എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

