തലയിലെ തൊപ്പിയും തോളിലെ നക്ഷത്രവും കുതിരകയറാനുള്ളതല്ല, പൊലീസിലെ കള്ളനാണയങ്ങളെ തിരിച്ചറിയണം -സ്പീക്കർ
text_fieldsകോഴിക്കോട്: പൊലീസിൽ കള്ളനാണയങ്ങളുണ്ടെന്നും അവരെ തിരിച്ചറിയണമെന്നും നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ. ചെറിയ വിഭാഗം ചെയ്യുന്ന തെറ്റുകൾക്ക് സേനയാകെ പഴി കേൾക്കേണ്ടി വരുകയാണ്. എല്ലാവരുടെയുംമേൽ കുതിരകയറാനുള്ളതല്ല തലയിലെ തൊപ്പിയും തോളിലെ നക്ഷത്രവും. അത് നിയമപാലനത്തിനുള്ളതാണ്.
തെറ്റുണ്ടെങ്കിൽ തിരുത്താൻ സേന തയാറാകണം. തെറ്റുകാരെ സേനയിലുള്ളവർ സംരക്ഷിക്കാൻ ശ്രമിക്കരുത്. പൊലീസിനുണ്ടാകുന്ന ചെറിയ തെറ്റുകൾപോലും പർവതീകരിക്കപ്പെടും. അതിനാൽ വാക്കിലും പ്രവൃത്തിയിലും സൂക്ഷ്മത പുലർത്തണം. ഇടതുപക്ഷ സർക്കാറിന്റേത് ജനകീയ പൊലീസ് നയമാണ്. അതാണ് നടപ്പാക്കേണ്ടതെന്നും ഷംസീർ കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര പഞ്ചഗുസ്തി മത്സരത്തിൽ രണ്ട് സ്വർണമെഡൽ നേടിയ ജുവനൈൽ വിങ് എ.എസ്.ഐ കെ. മിനിക്കും അമ്മയിൽനിന്ന് പിതാവ് തട്ടിക്കൊണ്ടുപോയ 12 ദിവസം പ്രായമായ കുഞ്ഞിന് മുലപ്പാൽ നൽകി ജീവൻ രക്ഷിച്ച ചേവായൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ എം.ആർ. രമ്യക്കും കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷനും പൊലീസ് അസോസിയേഷനും നൽകിയ അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.പി.ഒ.എ ജില്ല പ്രസിഡന്റ് സി. ഷൈജു അധ്യക്ഷത വഹിച്ചു. സിറ്റി പൊലീസ് മേധാവി എ. അക്ബർ, ഡെപ്യൂട്ടി പൊലീസ് കമീഷണർ ഡോ. എ. ശ്രീനിവാസ്, കോർപറേഷൻ സ്ഥിരം സമിതി ചെയർപേഴ്സൻ എസ്. ജയശ്രീ, അസി. പൊലീസ് കമീഷണർമാരായ എ. ഉമേഷ്, എ.ജെ. ജോൺസൺ, ചേവായൂർ ഇൻസ്പെക്ടർ കെ.കെ. ബിജു, കെ.പി.ഒ.എ സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി. പ്രദീപ് കുമാർ, കെ.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ് ജി.പി. അഭിജിത് എന്നിവർ സംസാരിച്ചു. പി. പവിത്രൻ സ്വാഗതവും കെ.പി.ഒ.എ ജില്ല വൈസ് പ്രസിഡന്റ് പി. രാജേന്ദ്ര രാജൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

