‘എന്നെ കണ്ടതും അദ്ദേഹം ദീർഘനിശ്വാസം വിട്ടു; ഒരു ചെറുപ്പക്കാരൻ അക്രമിക്കപ്പെട്ടത് കേട്ട്, ഞാനാണോ എന്ന ഭീതിയിലാണ് ഓടിവന്നത്’ -കാരായി രാജനെ കുറിച്ച് എ.എൻ. ഷംസീർ
text_fieldsതലശ്ശേരി: തലശ്ശേരി കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ കാരായി രാജൻ പതിനാറാം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് സിറ്റിങ് എം.എൽ.എയും നിയമസഭ സ്പീക്കറുമായ എ.എൻ. ഷംസീർ. തലശ്ശേരിയുടെ മഹനീയമായ മതനിരപേക്ഷ പാരമ്പര്യം ഉയർത്തിപ്പിടിക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെയെന്നും സഖാവിന് എല്ലാവിധ വിജയാശംസകളും നേരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
‘ആർ.എസ്.എസിന്റെയും പോലീസിന്റെയും കൊടിയ മർദ്ദനങ്ങളും വധശ്രമങ്ങളും അതിജീവിച്ചാണ് അദ്ദേഹം ഇന്നത്തെ കാരായി രാജനായി മാറിയത്. ഒരു പൊതുപ്രവർത്തകൻ അനുഭവിക്കേണ്ട ഏറ്റവും വലിയ ത്യാഗത്തിന്റെയും സഹനത്തിന്റെയും കാലത്തെ അതിജീവിച്ചാണ് സഖാവ് കാരായി രാജൻ ഇന്ന് നമുക്കിടയിൽ പ്രവർത്തിക്കുന്നത്. മൂന്ന് പതിറ്റാണ്ടോളം നീളുന്ന ഞങ്ങളുടെ ബന്ധത്തിൽ ഒട്ടേറെ കാര്യങ്ങൾ പങ്കുവെക്കാനുണ്ടെങ്കിലും ചില അനുഭവങ്ങൾ ഒരിയ്ക്കലും മറക്കാനാവില്ല.
എസ്.എഫ്.ഐ പ്രവർത്തകനായിരുന്ന കാലത്ത്, കതിരൂരിലെ കക്കറയിൽ (ഡയമണ്ട് മുക്ക്) സി.പി.എം പ്രവർത്തകർക്ക് നേരെ പൊലീസിന്റെ ഭീകരമായ അക്രമമുണ്ടായി. ഇതിൽ പ്രതിഷേധിച്ച് കോടിയേരി ബാലകൃഷ്ണൻ, ഇ.പി. ജയരാജൻ, പി. ജയരാജൻ എന്നിവർ പങ്കെടുക്കുന്ന പൊതുയോഗം സംഘടിപ്പിക്കാൻ തീരുമാനിച്ചു. സി.എച്ച്. മന്ദിരത്തിൽ നിന്നും എന്റെ ബൈക്കിൽ സഖാവ് കാരായി രാജനെയും കൂട്ടിയാണ് ഞാൻ കക്കറയിലേക്ക് പോയത്. അവിടെ എത്തിയപ്പോൾ പരിപാടി നടക്കേണ്ട സ്ഥലത്ത് സംഘാടകർ എല്ലാവരും എത്തിയിരുന്നില്ല. ഇന്നത്തെപ്പോലെ മൊബൈൽ ഫോൺ ഇല്ലാത്ത കാലമാണ്. സംഘാടകരെ കാണാനും ഫോൺ വിളിക്കാനുമായി എന്നെ കക്കറയിൽ നിർത്തി സഖാവ് യങ് സ്റ്റാർ വായനശാലയിലേക്ക് പോയി. ഞാൻ അവിടെ ഒരു കടത്തിണ്ണയിൽ ഇരിക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ സഖാവ് പരിഭ്രമത്തോടെ അവിടേക്ക് ഓടിവരുന്നത് കണ്ടു. എന്തൊ പ്രശ്നം സംഭവിച്ചിട്ടുണ്ട് എന്ന് മനസ്സിൽ കരുതി ഞാൻ അദ്ദേഹത്തിന് നേരെ ഓടിച്ചെന്നു. ഓടിവരുന്ന എന്നെ കണ്ടതും അദ്ദേഹം ദീർഘനിശ്വാസം വിട്ടു. തൊട്ടപ്പുറത്ത് ഒരു ചെറുപ്പക്കാരൻ അക്രമിക്കപ്പെട്ടു എന്ന് ആരോ പറഞ്ഞത് കേട്ട്, അത് ഞാനാണോ എന്ന ഭീതിയിലാണ് അദ്ദേഹം ഓടിവന്നത്. തന്റെ കൂടെയുള്ള സഖാവിനോട് അദ്ദേഹം കാണിച്ച ആ കരുതൽ ഇന്നും മനസ്സിലുണ്ട്’ -ഷംസീർ എഴുതി.
കുറിപ്പിന്റെ പൂർണരൂപം:
കൂത്തുപറമ്പ് വെടിവെപ്പിനെ തുടർന്ന് തെരുവുകളാകെ കലുഷിതമായ 1994 ന്റെ അവസാന നാളുകൾ. കേരളമാകെ പ്രതിഷേധക്കടലായി ഇരമ്പുന്ന രാപ്പകലുകൾ. അന്ന് ഞാൻ ബ്രണ്ണൻ കോളേജ് വിദ്യാർത്ഥിയാണ്. കൂത്തുപറമ്പ് വെടിവെപ്പിനെ തുടർന്ന് കൊലയാളികളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് 1994 ഡിസംബറിൽ തലശ്ശേരി ജെ.എസ്.പി ഓഫീസിലേക്ക് വിദ്യാർത്ഥി-യുവജന സംഘടനകളുടെ നേതൃത്വത്തിൽ ഒരു മാർച്ച് നടക്കുന്നു . ബ്രണ്ണൻ കോളേജിലെ വിദ്യാർത്ഥി സംഘടന പ്രവർത്തകൻ എന്ന നിലയിൽ ഞാനും അതിൽ പങ്കെടുത്തു. തലശ്ശേരി നഗരത്തിൽ എന്റെ നിരവധി ബന്ധുക്കളുള്ളതിനാലും, സമരത്തിൽ എന്നെ കണ്ടാൽ അവർ ഉമ്മയോട് പറയുമെന്നതിനാലും പ്രകടനത്തിന്റെ ഏറ്റവും പിന്നിലായിരുന്നു ഞാൻ നിന്നിരുന്നത്.
സിപിഐഎമ്മിന്റെ അന്നത്തെ സംസ്ഥാന സെക്രട്ടറി സഖാവ് ഇ.കെ. നായനാർ, സഖാവ് കോടിയേരി ബാലകൃഷ്ണൻ തുടങ്ങിയവർ ആ പരിപാടിയിൽ പ്രസംഗിക്കുന്നുണ്ട്. അന്ന് അവിടെ ആവേശകരമായ ഒരു സ്വാഗതപ്രസംഗം ഞാൻ കേട്ടു. പ്രസംഗിക്കുന്നത് ആരാണെന്ന് എനിക്കറിയില്ലായിരുന്നു. കൂടെയുണ്ടായിരുന്ന സഖാവിനോട് തിരക്കിയപ്പോഴാണ് അത് ഡി.വൈ.എഫ്.ഐയുടെ നേതാവ് കാരായി രാജനാണെന്ന് അറിയുന്നത്. അന്നാണ് സഖാവിനെ ഞാൻ ആദ്യമായി കാണുന്നത്.
പിന്നീട് വിദ്യാർത്ഥി സംഘടനയിൽ സജീവമായതോടെ തലശ്ശേരി ഏരിയ കമ്മിറ്റി ഓഫീസായ സി.എച്ച്. മന്ദിരത്തിൽ ഞാൻ സ്ഥിരമായി വരാൻ തുടങ്ങി. അപ്പോഴാണ് സഖാവിനെ കൂടുതൽ അടുത്തറിയുന്നത്. അന്ന് അദ്ദേഹം DYFI യുടെ ബ്ലോക്ക് സെക്രട്ടറിയാണ്. ഒരു സാധാരണ തൊഴിലാളി കുടുംബത്തിൽ ജനിച്ച്, ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ കരുത്തുറ്റ സംഘാടകനായി വളർന്ന നേതാവാണ് അദ്ദേഹം. മൂന്ന് പതിറ്റാണ്ടോളം നീളുന്ന ഞങ്ങളുടെ ബന്ധത്തിൽ ഒട്ടേറെ കാര്യങ്ങൾ പങ്കുവെക്കാനുണ്ടെങ്കിലും ചില അനുഭവങ്ങൾ ഒരിയ്ക്കലും മറക്കാനാവില്ല.
എസ്.എഫ്.ഐ പ്രവർത്തകനായിരുന്ന കാലത്ത്, കതിരൂരിലെ കക്കറയിൽ (Diamond Mukku) സിപിഐഎം പ്രവർത്തകർക്ക് നേരെ പോലീസിന്റെ ഭീകരമായ അക്രമമുണ്ടായി. ഇതിൽ പ്രതിഷേധിച്ച് സഖാക്കൾ കോടിയേരി ബാലകൃഷ്ണൻ, ഇ.പി. ജയരാജൻ, പി. ജയരാജൻ എന്നിവർ പങ്കെടുക്കുന്ന പൊതുയോഗം സംഘടിപ്പിക്കാൻ തീരുമാനിച്ചു. സി.എച്ച്. മന്ദിരത്തിൽ നിന്നും എന്റെ ബൈക്കിൽ സഖാവ് കാരായി രാജനെയും കൂട്ടിയാണ് ഞാൻ കക്കറയിലേക്ക് പോയത്. അവിടെ എത്തിയപ്പോൾ പരിപാടി നടക്കേണ്ട സ്ഥലത്ത് സംഘാടകർ എല്ലാവരും എത്തിയിരുന്നില്ല. ഇന്നത്തെപ്പോലെ മൊബൈൽ ഫോൺ ഇല്ലാത്ത കാലമാണ്. സംഘാടകരെ കാണാനും ഫോൺ വിളിക്കാനുമായി എന്നെ കക്കറയിൽ നിർത്തി സഖാവ് യങ് സ്റ്റാർ വായനശാലയിലേക്ക് പോയി. ഞാൻ അവിടെ ഒരു കടത്തിണ്ണയിൽ ഇരിക്കുകയായിരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ സഖാവ് പരിഭ്രമത്തോടെ അവിടേക്ക് ഓടിവരുന്നത് കണ്ടു. എന്തൊ പ്രശ്നം സംഭവിച്ചിട്ടുണ്ട് എന്ന് മനസ്സിൽ കരുതി ഞാൻ അദ്ദേഹത്തിന് നേരെ ഓടിച്ചെന്നു. ഓടിവരുന്ന എന്നെ കണ്ടതും അദ്ദേഹം ദീർഘനിശ്വാസം വിട്ടു. തൊട്ടപ്പുറത്ത് ഒരു ചെറുപ്പക്കാരൻ അക്രമിക്കപ്പെട്ടു എന്ന് ആരോ പറഞ്ഞത് കേട്ട്, അത് ഞാനാണോ എന്ന ഭീതിയിലാണ് അദ്ദേഹം ഓടിവന്നത്. തന്റെ കൂടെയുള്ള സഖാവിനോട് അദ്ദേഹം കാണിച്ച ആ കരുതൽ ഇന്നും മനസ്സിലുണ്ട്. സഖാവിന്റെ നേതൃത്വത്തിൽ ആ പ്രതിഷേധ പരിപാടി പിന്നീട് സംഘടിപ്പിക്കുകയും ചെയ്തു.
അദ്ദേഹം തലശ്ശേരി ഏരിയ സെക്രട്ടറി ആയിരുന്നപ്പോൾ ഞാൻ കമ്മിറ്റി അംഗമായിരുന്നു. ആർ.എസ്.എസിന്റെയും പോലീസിന്റെയും കൊടിയ മർദ്ദനങ്ങളും വധശ്രമങ്ങളും അതിജീവിച്ചാണ് അദ്ദേഹം ഇന്നത്തെ കാരായി രാജനായി മാറിയത്. ഒരു പൊതുപ്രവർത്തകൻ അനുഭവിക്കേണ്ട ഏറ്റവും വലിയ ത്യാഗത്തിന്റെയും സഹനത്തിന്റെയും കാലത്തെ അതിജീവിച്ചാണ് സഖാവ് കാരായി രാജൻ ഇന്ന് നമുക്കിടയിൽ പ്രവർത്തിക്കുന്നത്. ഏത് പ്രതിസന്ധിയിലും സഖാക്കളെ ചേർത്തുപിടിക്കുന്ന ജനകീയ നേതാവ്, കതിരൂർ ബാങ്കിന്റെ വളർച്ചയ്ക്ക് കരുത്തുപകർന്ന സഹകാരി, കണ്ണൂരിലെ പാർട്ടിയുടെയും യുവജന സംഘടനയുടെയും വളർച്ചയിൽ നിർണായക പങ്ക് വഹിച്ച സംഘാടകൻ എന്നിങ്ങനെ വിശേഷണങ്ങൾ ഏറെയാണ്.
അദ്ദേഹത്തിന്റെ ഈ സ്ഥാനാർത്ഥിത്വം ഏറെ അർഹതപ്പെട്ടതും എന്നാൽ വൈകി വന്നതുമായ ഒരു അംഗീകാരമായാണ് ഞാൻ കാണുന്നത്. തലശ്ശേരിയുടെ പ്രതീക്ഷകൾക്കൊപ്പം ഉയരാൻ അദ്ദേഹത്തിന് സാധിക്കുമെന്ന് എന്റെ അനുഭവങ്ങളിൽ നിന്ന് എനിക്ക് ഉറപ്പുണ്ട്. സഖാവ് കോടിയേരിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും നേതൃത്വത്തിൽ ഞങ്ങൾ മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന വികസന പദ്ധതികൾ പൂർത്തിയാക്കാനും പുതിയവയ്ക്ക് ജീവൻ നൽകാനും അദ്ദേഹത്തിന് സാധിക്കും. തലശ്ശേരിയുടെ മുൻ ജനപ്രതിനിധി എന്ന നിലയിൽ എന്റെ എല്ലാ പിന്തുണയും അദ്ദേഹത്തിനുണ്ടാകും.
തലശ്ശേരി കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ സഖാവ് കാരായി രാജൻ പതിനാറാം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്. തലശ്ശേരിയുടെ മഹനീതമായ മതനിരപേക്ഷ പാരമ്പര്യം ഉയർത്തിപ്പിടിക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ. പ്രിയ സഖാവിന് എല്ലാവിധ വിജയാശംസകളും നേരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

