ആലപ്പുഴയിൽ വയോധികയെ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി
text_fieldsആലപ്പുഴ: ആലപ്പുഴയിലെ വീട്ടിൽ കുഴിച്ചുമൂടിയ നിലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. കലവൂരിൽ മാത്യൂസ്-ശര്‍മിള ദമ്പതികള്‍ താമസിച്ചിരുന്ന വാടക വീട്ടില്‍ നിന്നാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇത് കടവന്ത്രയിൽനിന്ന് കാണാതായ സുഭദ്ര (73) യുടേതാണെന്ന് സംശയിക്കുന്നു. ആലപ്പുഴ ഡിവൈ.എസ്.പി മധുബാബുവിന്റെ നേതൃത്വത്തിൽ പൊലീസ് പരിശോധന തുടരുകയാണ്. അന്വേഷണത്തിലൂടെ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം ഏഴാം തീയതിയാണ് സുഭദ്രയെ കാണാനില്ലെന്ന് കടവന്ത്ര പൊലീസില്‍ പരാതി ലഭിക്കുന്നത്. അന്വേഷണത്തില്‍ സുഭദ്ര കലവൂര്‍ എത്തിയതായി കണ്ടെത്തിയിരുന്നു. മാത്യൂസ്-ശര്‍മിള ദമ്പതികളുടെ വീട്ടില്‍ സുഭദ്രയെ കണ്ടതായി അയല്‍വാസികളില്‍ നിന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ പരിശോധന ആരംഭിച്ചത്. സുഭദ്ര ഒറ്റക്കായിരുന്നു താമസം. ഇവരെ കാണാൻ ഇടക്ക് ഒരു സ്ത്രീ വരാറുണ്ടായിരുന്നു. സുഭദ്രയുടെ കൈവശം സ്വർണവും പണവും ഉണ്ടായിരുന്നു. ഇത് കവർന്ന ശേഷമാണ് കൊലപാതകമെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

