ദശാബ്ദത്തിനുശേഷം തലസ്ഥാനത്തേക്ക് ഖദർധാരികളുടെ കുത്തൊഴുക്ക്
text_fieldsതിരുവനന്തപുരം: ദശാബ്ദത്തിനുശേഷം വീണ്ടും തലസ്ഥാനത്തേക്കൊഴുകി ഖദർധാരികൾ. 10 വർഷത്തെ കാത്തിരിപ്പിന് അറുതിവരുത്തി അധികാരം കിട്ടിയതിനെ തുടർന്ന് കോൺഗ്രസ്, യു.ഡി.എഫ് അനുകൂലികളുടെ കൂട്ടത്തോടെയുള്ള വരവിനാണ് ദിവസങ്ങളായി തിരുവനന്തപുരം സാക്ഷ്യംവഹിക്കുന്നത്. മുഖ്യമന്ത്രി ചർച്ച കൊടുംപിരി കൊള്ളുന്നതിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ശാസ്തമംഗലത്തെ ഇന്ദിരാഭവനിലേക്ക് പ്രവർത്തകരുടെ ഒഴുക്കാണ്. മാധ്യമപ്രവർത്തകർ ദിവസങ്ങളായി ഇവിടെ തമ്പടിച്ചതിനാൽ ഏതെങ്കിലും ചാനലിൽ മുഖം കാണിക്കാനുള്ള ഇടിയും പ്രകടം.
ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് സുരക്ഷയുടെ പേരിൽ ‘പൊന്നാപുരം കോട്ട’യായി മാറിയതും സാധാരണ പ്രവർത്തകർക്കും ജനങ്ങൾക്കും മാത്രമല്ല, മാധ്യമപ്രവർത്തകർക്കുപോലും ഇവിടം അപ്രാപ്യമായിരുന്ന നാളുകളാണ് കടന്നുപോയത്. എന്നാൽ, സർക്കാർ മാറിയ സാഹചര്യത്തിൽ ഇതിന് മാറ്റംവരുമെന്ന സൂചനയാണ് ഖദർധാരികളുടെ കൂട്ടത്തോടെയുള്ള വരവ് വ്യക്തമാക്കുന്നത്.
മുൻ യു.ഡി.എഫ് സർക്കാറിന്റെ കാലങ്ങളിലെല്ലാം സെക്രട്ടേറിയറ്റിലും അനക്സിലുമെല്ലാം എപ്പോഴും ഖദർധാരികളുടെയും സാധാരണക്കാരുടെയും സാന്നിധ്യം പ്രകടമായിരുന്നു. മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിമാരുടെ ഓഫിസുകളിലും എപ്പോഴും തിരക്കായിരുന്നു. എന്നാൽ, കഴിഞ്ഞ 10 വർഷത്തിനുള്ളിൽ അതെല്ലാം മാറി. നിശ്ചിത സമയവും പാസും ഏർപ്പെടുത്തി കർശനനിയന്ത്രണമായിരുന്നു.
ഇന്ദിരാഭവന് മുന്നിൽ വ്യാഴാഴ്ച കോൺഗ്രസ് പ്രവർത്തകരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. തങ്ങളുടെ എം.എൽ.എമാരെ കാണാനും ആശംസകൾ അറിയിക്കാനും പ്രവർത്തകരുടെ വലിയ ഇടിച്ചുകയറ്റമായിരുന്നു.
ഖദർധാരികൾ കൂട്ടത്തോടെ എത്തിത്തുടങ്ങിയതോടെ തലസ്ഥാനത്തെ ഹോട്ടലുകൾക്കുൾപ്പെടെ ജീവൻവെച്ചതായി വ്യാപാരികളും പറയുന്നു. പല ഹോട്ടലുകളിലും ലോഡ്ജുകളിലും മുറികൾ ലഭിക്കാത്ത സാഹചര്യമുണ്ട്.
മുഖ്യമന്ത്രിയും മന്ത്രിമാരും സർക്കാറുമൊന്നുമായില്ലെങ്കിലും പേഴ്സനൽ സ്റ്റാഫിൽ ഇടംനേടാനുള്ള ശ്രമങ്ങളും പ്രമുഖരുൾപ്പെടെ തുടങ്ങി. അവരുടെ സാന്നിധ്യവും കഴിഞ്ഞദിവസങ്ങളിൽ ഇന്ദിരാഭവനിൽ കണ്ടു. മുൻ യു.ഡി.എഫ് സർക്കാറുകളുടെ കാലത്ത് കോൺഗ്രസ്, യു.ഡി.എഫ് പ്രവർത്തകരുടെ പ്രധാന കേന്ദ്രമായിരുന്നു എം.എൽ.എ ഹോസ്റ്റലും അവിടത്തെ കാന്റീനും കോഫി ഹൗസുമെല്ലാം. കഴിഞ്ഞ 10 വർഷം ഇവിടെയും കടുത്ത നിയന്ത്രണങ്ങളായിരുന്നു. അതിനൊക്കെ ഇനി മാറ്റം വരാനാണ് സാധ്യത. യു.ഡി.എഫ് ഭരണം തലസ്ഥാനത്തെ കച്ചവടക്കാർക്കും ഏറെ ഇഷ്ടമുള്ളതാണ്. പ്രവർത്തകരും നേതാക്കളുമുൾപ്പെടെ തലസ്ഥാനത്ത് എത്തുന്നത് തങ്ങൾക്ക് ഗുണമാകുമെന്ന പ്രതീക്ഷയാണ് അവർ പങ്കുവക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

