വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവം: യുവതി നിരാഹാരസമരത്തിൽ
text_fieldsഹർഷീന (മധ്യത്തിൽ) കോഴിക്കോട് മെഡിക്കൽ കോളജ് മാതൃശിശുസംരക്ഷണ കേന്ദ്രത്തിന്
മുന്നിൽ നിരാഹാരസമരത്തിൽ
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങി അഞ്ചുവർഷം ദുരിതജീവിതം നയിച്ച ഹർഷീന മെഡിക്കൽ കോളജ് ആശുപത്രിക്ക് മുന്നിൽ നിരാഹാര സമരം തുടങ്ങി. സംഭവത്തിൽ ഉത്തരവാദികളായ ഡോക്ടർമാർക്കും ആശുപത്രി അധികൃതർക്കുമെതിരെ നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് അടിവാരം മുപ്പതേക്ര കരിമ്പിലാകുന്ന് വീട്ടിൽ ഹർഷീന (32) തിങ്കളാഴ്ച രാവിലെ മുതൽ മാതൃശിശു സംരക്ഷണകേന്ദ്രത്തിന് മുന്നിൽ നിരാഹാരം തുടങ്ങിയത്. സർക്കാറിൽനിന്ന് ഇടപെടലുകളുണ്ടാവുന്നില്ലെങ്കിൽ മരണം വരെ സമരം തുടരുമെന്ന് ഹർഷീന മാധ്യമങ്ങളോട് പറഞ്ഞു.
‘‘കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ചികിത്സക്കായി ചെലവായത് ലക്ഷങ്ങളാണ്. അനുഭവിച്ച യാതനകളും വേദനകളും എത്രയെന്ന് പറയാനാവില്ല. വീടും സ്ഥലവും പണയംവെച്ചാണ് ചികിത്സ നടത്തിയത്. കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർമാർക്ക് സംഭവിച്ച അബദ്ധമാണ് എന്നെ ഈ നിലയിലാക്കിയത്. രണ്ട് അന്വേഷണ കമീഷനെ വെച്ചു. തൃപ്തികരമല്ലെന്ന് കണ്ടപ്പോൾ ആരോഗ്യമന്ത്രി നേരിട്ട് വിളിച്ച് ആരോഗ്യവകുപ്പ് അഡീഷനൽ സെക്രട്ടറിയുടെ മേൽനോട്ടത്തിൽ ഒരു അന്വേഷണ കമീഷനെ കൂടി നിയമിച്ചു. മൂന്നു മാസമായിട്ടും തീരുമാനമുണ്ടായില്ല. നീതി ലഭിക്കുംവരെ സമരവുമായി മുന്നോട്ടുപോകും’’-ഹർഷീന പറഞ്ഞു.
പ്രസവാനന്തരം ഹർഷീനയുടെ വയറ്റിൽ കുടുങ്ങിയ ‘ആർട്ടറി ഫോർസെപ്സ്’ 2022 സെപ്റ്റംബർ 17നാണ് മെഡിക്കൽ കോളജിലെ ശസ്ത്രക്രിയക്കിടെ പുറത്തെടുത്തത്. ഇതു നീക്കംചെയ്യാൻ 12 സ്റ്റിച്ചുകളാണിട്ടത്. സംഭവം വിവാദമായതോടെയാണ് ആരോഗ്യവകുപ്പ് അഡീഷനൽ സെക്രട്ടറിയുടെ മേൽനോട്ടത്തിൽ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. വിമൻ ജസ്റ്റിസ് മൂവ്മെന്റ്, ജനനീതി കൂട്ടായ്മ, മനുഷ്യാവകാശ പ്രവർത്തകർ എന്നിവർ ഹർഷീനയുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

