അങ്കമാലിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്ന സംഭവം; രണ്ടു പേര്‍ കസ്റ്റഡിയിൽ
text_fieldsചെങ്ങമനാട് (കൊച്ചി): കുറുമശ്ശേരിയിൽ ബുധനാഴ്ച പുലർച്ചെ ഗുണ്ടാ തലവൻ കൊലചെയ്യപ്പെട്ട കേസിൽ ഗുണ്ട സംഘത്തിൽപ്പെട്ട രണ്ട് പേർ പിടിയിൽ. കുറുമശ്ശേരി പ്രിയപ്പടിയിൽ 'തിമ്മയൻ' എന്ന നിധിൻ (28), കുറുമശ്ശേരി ഗ്രൗണ്ടിന് സമീപം താമസിക്കുന്ന ദീപക് (38) എന്നിവരെയാണ് ചെങ്ങമനാട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.
'അത്താണി ബോയ്സ്' എന്ന കുപ്രസിദ്ധ ഗുണ്ടാസംഘം തലവനും, അത്താണി ബിനോയ് കൊലക്കേസിലെ ഒന്നാം പ്രതിയും, നിരവധി വധശ്രമക്കേസുകളിലെ പ്രതിയുമായ നെടുമ്പാശ്ശേരി തുരുത്തിശ്ശേരി അത്താണി വിഷ്ണു വിഹാറിൽ വിനു വിക്രമനാണ് (33) ബുധനാഴ്ച കൊലചെയ്യപ്പെട്ടത്. ബുധനാഴ്ച പുലർച്ചെ 1.30ഓടെ കുറുമശ്ശേരി പ്രിയപ്പടിക്കവലയിലാണ് കൊലനടന്നത്. ശരീരമാസകലം വെട്ടേറ്റ് റോഡിൽ രക്തം വാർന്ന് കിടന്ന വിനുവിനെ പൊലീസെത്തി അങ്കമാലിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും താമസിയാതെ മരിക്കുകയായിരുന്നു.
കൊല നടത്തിയ അക്രമികൾ എന്ന് സംശയിക്കുന്നവർ കുന്നുകര പഞ്ചായത്തിലെ ചീരോത്തിത്തോട് ഭാഗത്തെ തിരുക്കൊച്ചി ബാറിൽ ചൊവ്വാഴ്ച്ച രാത്രി മദ്യപിക്കാനെത്തിയ ദൃശ്യം സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. വിനുവും ദീപക്കും മറ്റൊരു സുഹൃത്ത് കിഴക്കേ കുറുമശേരി സ്വദേശി 'സിംബാവെ' എന്ന സതീഷനും ഒപ്പമിരുന്നാണ് മദ്യപിച്ചിരുന്നത്. അതിനിടെ എന്തോ പറഞ്ഞ് മൂവരും പരസ്പരം വഴക്കിടുകയുണ്ടായത്രെ. രാത്രി 11ഓടെ കുറുമശ്ശേരി സ്വദേശിയായ സിന്റോയുടെ ഓട്ടോയിൽ നിധിനാണ് മൂവരെയും കുറുമശ്ശേരിയിലെത്തിച്ചത്. ബാറിൽ നിന്ന് ഓട്ടോയിൽ കയറിപ്പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ ഓട്ടോയിൽ കയറിപ്പോയ ശേഷം എന്താണ് സംഭവിച്ചതെന്നോ, ആരാണ് കൊല നടത്തിയതെന്നോ വ്യക്തമായിട്ടില്ല.
മുഖ്യപ്രതിയെന്ന് സംശയിക്കുന്ന നിധിന്റെ വീടിന് ഏകദേശം 50 മീറ്റർ അകലെ സംഭവം അരങ്ങേറിയത്. സംഭവ സമയത്ത് മദ്യപിച്ച് ലക്കുകെട്ട സതീഷ് ഓട്ടോറിക്ഷയിലിരുന്ന് ഉറങ്ങുകയായിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സതീഷും സിന്റോയും ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുണ്ട്.
2019 നവംബർ 17ന് അത്താണി ഓട്ടോ സ്റ്റാൻഡിൽ ഗുണ്ടാത്തലവനായിരുന്ന അത്താണി സ്വദേശി 'ഗില്ലപ്പി' എന്ന ബിനോയിയെ ആളുകൾ നോക്കി നിൽക്കെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് ബുധനാഴ്ച കൊല്ലപ്പെട്ട വിനു വിക്രമൻ. ഈ കേസിൽ കോടതിയിൽ വിചാരണ നടക്കുന്നതിനിടെയാണ് കൊലപാതകം. കുഴൽപ്പണം വീതംവെക്കുന്നത് സംബന്ധിച്ച തർക്കവും, തുടർന്നുണ്ടായ പകയുമാണ് അന്ന് കൊലപാതകത്തിലേക്ക് നയിച്ചതത്രെ. തുടർന്നാണ് സംഘത്തലവനായിരുന്ന വിനു വിക്രമൻ പൊലീസ് പിടിയിലായത്. കൊല്ലപ്പെട്ട ബിനോയിയുടെ ഉറച്ച അനുയായിയായിരുന്നുവത്രെ നിധിൻ.
ബിനോയിയെ കൊലചെയ്തതിന്‍റെ പ്രതികാരമാകാം സമാന രീതിയിൽ നടന്ന കൊലപാതകമെന്നും പൊലീസ് സംശയിക്കുന്നത്.
കൊല്ലപ്പെട്ട വിനുവിന്‍റെ മൃതദേഹം കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു: വിക്രമന്റെയും പരേതയായ സാറക്കുട്ടിയുടെയും മകനാണ് കൊല്ലപ്പെട്ട വിനു. ഏക സഹോദരൻ: വിഷ്ണു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

