പെരിയ അപകടം പുറത്തറിയാതിരിക്കാൻ കമ്പനി അധികൃതർ ശ്രമിച്ചതായി ദൃക്സാക്ഷി
text_fieldsപെരിയ കേന്ദ്ര സർവകലാശാലക്ക് മുന്നിൽ നിർമിക്കുന്ന അടിപ്പാതക്ക് സ്ഥാപിച്ച സ്കാർഫ്ഹോൾഡിങ്ങുകൾ പഴകിയതിനെ തുടർന്ന് കമ്പികൾ കൊണ്ട് ഉരുക്കിച്ചേർത്തനിലയിൽ
പെരിയ: ദേശീയപാതയിൽ അടിപ്പാതനിർമാണത്തിനിടെ തകർന്ന സംഭവം പുറത്തറിയാതിരിക്കാൻ കമ്പനി അധികൃതർ ശ്രമിച്ചതായി ദൃക്സാക്ഷി. പെരിയയിലെ വ്യാപാരിയായ നാരായണനാണ് അപകടം പുറംലോകം അറിയാൻ കാരണക്കാരൻ. പുലർച്ച മൂന്നരയോടെ ഉഗ്രശബ്ദം കേട്ടാണ് ഉണർന്നത്. എന്തോ വലിയ വാഹനാപകടം പെരിയയിൽ നടന്നെന്ന തോന്നലിൽ എഴുന്നേറ്റ് ഓടിവരുകയായിരുന്നുവെന്ന് നാരായണൻ പറഞ്ഞു. എത്തുമ്പോഴേക്കാണ് അടിപ്പാത തകർന്നത് കണ്ടത്.
ആറുപേർ താഴെയുണ്ടായിരുന്നു. ഇവർക്ക് എല്ലാം പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന. ഇവരെ കമ്പനിയുടെ വാഹനത്തിൽ ക്യാമ്പിലേക്ക് കൊണ്ടുപോയി. മേൽഭാഗത്തും ചിലർ ഉണ്ടായിരുന്നു. അത് എൻജിനീയർമാരാണെന്നാണ് തോന്നിയത്. താൻ മാത്രമേ പുറത്തുനിന്നുള്ളയാളായി അപ്പോൾ ഉണ്ടായിരുന്നുള്ളൂ. സംഭവം നടന്നയുടൻ നിലംപൊത്തിയ കോൺക്രീറ്റും കമ്പികളുമൊക്കെ സംഭവ സ്ഥലത്തുനിന്ന് നീക്കാൻ ശ്രമംനടക്കുന്നുണ്ടായിരുന്നു.
മൊബൈൽ ഫോണിൽ പടം എടുത്തു. ഇതുകണ്ട് കമ്പനിയുടെ ചിലർ തടയാൻ വന്നു. നാട്ടുകാരനാണെന്നും അടുത്താണ് താമസമെന്നും പറഞ്ഞതോടെ അവർ പിന്മാറി. തുടർന്ന് സാമഗ്രികൾ നീക്കുന്നത് നിർത്തിവെക്കുകയും ചെയ്തതായി നാരായണൻ പറഞ്ഞു.
അപകടകാരണം സ്കാർഫ് ഹോൾഡിങ്ങിന്റെ പഴക്കം
പെരിയ: അടിപ്പാത തകർച്ചക്ക് കാരണം സ്കാർഫ് ഹോൾഡിങ്ങിന്റെ പഴക്കവും തുരുമ്പുമാണെന്ന് പ്രാഥമിക വിലയിരുത്തൽ. മേൽ സ്ലാബിന്റെ അടിഭാഗം ഉറപ്പിച്ചുനിർത്തുന്നത് ഇരുമ്പുതൂണുകളാണ്. ഈ തൂണുകളെ ഇളക്കംതട്ടാതെ സുരക്ഷിതമാക്കുകയാണ് സ്കാർഫ് ഹോൾഡിങ് ചെയ്യുന്നത്. കോൺക്രീറ്റിന്റെ ഭാരം കൂടിയപ്പോൾ ഹോൾഡിങ് പൊട്ടുകയായിരുന്നു.
ഹോൾഡിങ് തുരുമ്പെടുത്ത നിലയിലാണ്. പൊട്ടിയതും ഇവ തന്നെയാണ്. അടിപ്പാത കോൺക്രീറ്റ് ചെയ്താണ് സ്കാർഫ് ഹോൾഡിങ് സ്ഥാപിക്കുന്നത്. തൂണുകൾ വളഞ്ഞൊടിഞ്ഞ് പൊട്ടിയും കുത്തിയും കിടക്കുകയാണ്. സ്കാർഫ്ഹോൾഡിങ്ങുകൾ പഴകി തുരുമ്പെടുത്തതിനാൽ ഇരുമ്പുകമ്പികൾകൊണ്ട് ഉരുക്കിച്ചേർത്തിരിക്കുകയാണ്. ഇവ സാധാരണരീതികളാണെന്നും സ്കാർഫ് ഇളകിയതുകൊണ്ടുണ്ടായ അപകടം മാത്രമാണെന്നുമാണ് കമ്പനി അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

