എറണാകുളം മരടിൽ സ്കൂൾ ബസിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണു
text_fieldsമരട്: എറണാകുളം മരടിൽ സ്കൂൾ ബസ്സിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണു. ആർക്കും പരിക്കില്ല. ഇന്ന് രാവിലെ 7.30 യോടെ മരട് വൈക്കത്തുശ്ശേരി റോഡിൽ തുരുത്തി ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. വൈദ്യുതി ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
എരൂർ എ.എസ്.കെ.ഡി.വൈ സ്കൂളിന്റെ വാഹനമാണ് അപകടത്തിൽ പെട്ടത്. എട്ട് വിദ്യാർഥികളും ഒരു ആയയുമാണ് ബസിലുണ്ടായിരുന്നത്. വിദ്യാർഥികളെ വീടുകളിൽ നിന്ന് കയറ്റിവരികയായിരുന്നു.
ഇന്നലെയുണ്ടായ കനത്ത കാറ്റിൽ കേബിൾ താഴ്ന്ന് കിടന്നിരുന്നു. ഇത് ബസ്സിൽ ഒടക്കിയതാണ് അപകടത്തിന് കാരണമായതെന്ന് ഡിവിഷൻ കൗൺസിലർ പി.ഡി രാജേഷ് പറഞ്ഞു. രാവിലെ ആറരയോടെ ഈ പ്രദേശത്ത് വൈദ്യുതി ഉണ്ടായില്ല.
മറ്റൊരു ബസ് എത്തി വിദ്യാർഥികളെ സ്കൂളിലേക്ക് മാറ്റി. വൈറ്റില സെക്ഷൻ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെത്തി ഫ്യൂസ് ഊരുകയും ചെയ്തു. അപകടസ്ഥലത്ത് നിന്നും ബസ് നീക്കിയതായും കൗൺസിലർ പറഞ്ഞു.

