റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ഇടിച്ച് വയോധികക്ക് ദാരുണാന്ത്യം
text_fieldsപെരുമ്പാവൂര്‍: റോഡ് മുറിച്ചു കടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് വയോധിക മരിച്ചു. പെരുമ്പാവൂര്‍ കടുവാള്‍ രാജമന്ദിര്‍ അപ്പാര്‍ട്ടുമെന്റില്‍ താമസിക്കുന്ന തൃശൂര്‍ കുണ്ടുകുളം വീട്ടില്‍ പരേതനായ താരുവിന്റെ ഭാര്യ സിസിലിയാണ് (68) മരിച്ചത്.
പെരുമ്പാവൂര്‍ ടൗണിലെ സിഗ്‌നല്‍ ജങ്ഷനില്‍ ചൊവ്വാഴ്ച ഉച്ചക്ക് 11.30ന് ആയിരുന്നു അപകടം. ജങ്ഷനിലെ കടയില്‍ നിന്ന് പച്ചക്കറി വാങ്ങി മറുവശത്തേക്ക് കടക്കുകയായിരുന്നു ഇവര്‍. ഈ സമയം കുറുപ്പംപടി ഭാഗത്തു നിന്നും വന്ന ലോറി സിഗ്നല്‍ തെളിഞ്ഞതോടെ പെട്ടെന്ന് മുന്നോട്ട് എടുക്കുകയായിരുന്നു. വാഹനം തലയിലൂടെ കയറിയിറങ്ങി. പൊലീസും അഗ്നിരക്ഷ സേനയും എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
താലൂക്കാശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം മണിക്കൂറുകള്‍ക്ക് ശേഷമാണ് തിരിച്ചറിഞ്ഞത്. താലൂക്കാശുപത്രിക്ക് സമീപത്തെ വണ്‍വെ റോഡിലൂടെ പോകേണ്ടിയിരുന്ന ടിപ്പര്‍ സിഗ്നല്‍ ജങ്ഷന്‍ വഴി കടന്നുവന്നത് ഇതിനിടെ പ്രതിഷേധത്തിനിടയാക്കി. സിസിലി മഴുവന്നൂര്‍ മംഗലത്തു കുടുംബാംഗമാണ്. മകന്‍: റിനോയ് (ദുബൈ), മരുമകള്‍: പ്രിന്‍സി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

