കൂത്തുപറമ്പ്: വനിതാ സുഹൃത്തിനെത്തേടി കൂത്തുപറമ്പിലെത്തിയ വയോധികന് തുണയായത് പൊലീസ്. എറണാകുളത്തുനിന്ന് വനിതാ സുഹൃത്തിനെത്തേടി കൂത്തുപറമ്പിലെത്തിയതായിരുന്നു വയോധികൻ. സുഹൃത്ത് ഫോൺ സ്വിച്ച് ഓഫാക്കിയതോടെയാണ് കാര്യങ്ങൾ കുഴഞ്ഞത്.
മൊബൈൽഫോണിലൂടെ സൗഹൃദത്തിലായ യുവതിയെ തേടിയാണ് വ്യാഴാഴ്ച വൈകിട്ടോടെ എറണാകുളം ഞാറക്കൽ സ്വദേശിയായ 68കാരൻ കൂത്തുപറമ്പിലെത്തിയത്. യുവതിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫായിരുന്നു. തുടർന്ന് യുവതി പറഞ്ഞ സ്ഥലങ്ങളന്വേഷിച്ച് ഓട്ടോറിക്ഷയിൽ കറങ്ങിയെങ്കിലും കണ്ടെത്താനായില്ല.
ഓട്ടോക്കൂലി കൊടുക്കാൻപോലും ഇയാളുടെ കൈയിൽ പണമുണ്ടായിരുന്നില്ല. തുടർന്ന് ഡ്രൈവർ ഇയാളെ കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.
മൂന്നുമാസത്തോളമായി ഭർത്താവ് മരിച്ച സ്ത്രീയുമായി സൗഹൃദത്തിലായിരുന്നു ഇയാൾ. ഭാര്യ മരിച്ച വയോധികന് മക്കളും ചെറുമക്കളുമുണ്ട്. ഭർത്താവ് മരിച്ച യുവതിയെ സാമ്പത്തികമായി സഹായിക്കാനായി കാര്യങ്ങൾ നേരിട്ടറിയാനാണ് കൂത്തുപറമ്പിലെത്തിയതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.
പോലീസ് ഫോണിലൂടെ ബന്ധപ്പെട്ടപ്പോൾ നേരിട്ട് വരാൻ താൽപര്യമില്ലെന്ന് യുവതി അറിയിക്കുകയായിരുന്നു. തുടർന്ന് വണ്ടിക്കൂലി നൽകി പൊലീസ് ഇയാളെ പറഞ്ഞുവിട്ടു.